ഒരു കുട്ടി കൂടി പേ ബാധിച്ച് മരിച്ചിരിക്കുന്നു . വാക്സിൻ എടുത്തിട്ടും ആ കുട്ടി മരിച്ചു . വാക്സിന്റെ കുഴപ്പം, കുത്തി വെയ്പ്പിന്റെ കുഴപ്പം, അതോ കൊവിഡ് വൈറസിൽ കണ്ടത് പോലെ നിലവിലെ റാബീസ് വൈറസിനു ജനിതകമാറ്റം വന്നത് കൊണ്ട് വാക്സിൻ ഫലിക്കാതെ വരുന്നതോ? ഇതൊക്കെ ചർച്ച ചെയ്യപ്പെടണമെങ്കിൽ ആദ്യം റാബീസ് വൈറസിൽ നിന്ന് തുടങ്ങണം .
എന്താണു റാബീസ് വൈറസ്?
റാബീസ് വൈറസ്
കൊവിഡ് വൈറസിനെ പോലെ വവ്വാലുകളിൽ നിന്ന് ചാടി പോന്ന ആർ.എൻ.എ വിഭാഗത്തിൽ ഉൾപ്പെടുന്നതാണു റാബീസ് വൈറസും കൂടുതലും പട്ടി,പൂച്ച എന്നിവയില് നിന്നാണ് മനുഷ്യരിലേയ്ക്ക് എത്തുക. വവ്വാല്, കുറുക്കൻ,കീരി തുടങ്ങിയ സസ്തനികളിൽ നിന്നും ലഭിക്കാം.
കോവിഡ് വൈറസിനെ പോലെ സ്പൈക്ക് ( മുള്ളുകൾ) നിറഞ്ഞ ബാഹ്യാവരണം ഉണ്ട് . എന്നാൽ ഇവയ്ക്ക് വെടിയുണ്ടയുടെ ആകൃതിയാണ്. കൊവിഡ് വൈറസിനെ പോലെ ഈ ബാഹ്യാവരണമാണ് ജീവികളുടെ കോശങ്ങളിലേയ്ക്ക് വൈറസിനെ കൈ പിടിച്ച് കയറ്റുന്നത് . അതിനാൽ തന്നെ ഈ മുള്ളുകളെ ലക്ഷ്യം വെയ്ക്കുന്ന വാക്സിനുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
റാബീസ് ബാധിച്ച ഒരു ജീവിയുടെ ഉമിനീരിൽ ആയിരിക്കും വൈറസ് കൂടുതലായി ഉണ്ടാകുക. അതിനാൽ കൊവിഡിൽ നിന്ന് വ്യത്യസ്തമായി മുറിവിലൂടെ മാത്രമേ ഈ വൈറസ് അകത്ത് കയറു. അതായത് കടിയിൽ നിന്നു മുറിവ്,വൈറസ് ഉള്ള ഉമിനീര് ശരീരത്തിലെ മുറിവിൽ വീഴുക, കണ്ണ് ,മൂക്ക്,വായ എന്നിവിടങ്ങളിൽ ഈ ഉമിനീര് വീണാലും ( മുറിവ് ഉണ്ടെങ്കിൽ) വൈറസ് അകത്ത് കയറും. അത്കൊണ്ടാണ് റാബീസ് ബാധിച്ച നായയോ പൂച്ചയോ നക്കുന്നത് പോലും അപകടമാണു എന്ന് പറയുന്നത്.
എങ്ങിനെ ശരീരത്തില് കയറുന്നു?
വൈറസ് മുറിവുകളിലൂടെ എത്തിയാൽ വൈറസിന്റെ സ്പൈക്ക് നമ്മുടെ കോശങ്ങളിലെ സ്വീകരിണിയുമായി ചേരുകയും കോശത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നു . കോശത്തെ കൊണ്ട് വൈറസ് വർദ്ധനവ് നടത്തുന്നു. ആ കോശത്തിന്റെ പുറത്തേയ്ക്ക് വന്ന് കൂടുതൽ കോശങ്ങളെ ആക്രമിക്കുന്നു. കൊവിഡ് വൈറസ് കയറിയാൽ 4-6 ദിവസങ്ങൾക്ക് ശേഷം രോഗ ലക്ഷണങ്ങൾ തുടങ്ങും. എന്നാല് റാബീസ് വൈറസ് കയറിയാൽ ദിവസങ്ങളോ,ആഴ്ചകളോ ,മാസങ്ങളോ കഴിഞ്ഞാലേ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങൂ. ഇതിനു കാരണം ഈ വൈറസ് ലക്ഷ്യം വെയ്ക്കുന്നത് തലച്ചോറിനെയാണ്. തലച്ചോറില് നിന്ന് എത്ര ദൂരെയാണു കടി ഏൽക്കുന്നത് അതനുസരിച്ചാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും അത് പോലെ രോഗത്തിന്റെ തീവ്രതയും രക്ഷപ്പെടുവാനുള്ള സാധ്യതയും. കോശങ്ങളിൽ കടന്ന് കഴിഞ്ഞാൽ ഈ വൈറസ് ലക്ഷ്യമിടുന്നത് നാഡീ കോശങ്ങളെയാണു. അവിടെ വെച്ചാണ് വർദ്ധനവും പ്രതിരോധവും ഒക്കെ നടക്കുന്നത്. തുടർന്ന് നട്ടെല്ലിലേയ്ക്കും അത് വഴി തലച്ചോറിലേയ്ക്കും വൈറസുകൾ എത്തുന്നു . തലച്ചോറിൽ എത്തി വർദ്ധനവ് വരുന്നതോടെ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നു . ഈ അവസ്ഥയിൽ രക്ഷപ്പെടുക എന്നത് വളരെ പ്രയാസമാണ്. 2 മുതൽ 10 ദിവസം.
വെള്ളത്തിനോടുള്ള ഭയം ഈ രോഗികളിൽ പ്രകടമാകും .
കടി ഏറ്റു കഴിഞ്ഞാല് പ്രതിരോധം എന്താണു?
കടി ഏറ്റാൽ ഉടനെ വെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം നന്നായി കഴുകുക . മരുന്നുകളോ എണ്ണയോ മുളകോ ഒന്നും തേയ്ക്കാതെ നേരെ ആശുപത്രിയിൽ എത്തിക്കുക . അവിടെ കടിയുടെ അവസ്ഥ നോക്കിയ ശേഷം മുൻപ് രക്ഷപെട്ട രോഗികളിൽ നിന്ന് എടുത്ത സീറം (അതിൽ റാബീസ് ഇമ്യൂണോ ഗ്ലോബിൻ [IgG;RIG] ഉണ്ടാകും) മുറിവുകൾക്ക് സമീപമായി ചുറ്റും കുത്തി വെയ്ക്കും. മുൻപ് പറഞ്ഞത് പോലെ വൈറസിന്റെ മുള്ളുകളെ ലക്ഷ്യം വെയ്ക്കുന്നതിനാൽ കൈപിടിച്ച് അകത്ത് കയറുന്നത് ഇത് തടയും. എത്രയും വേഗം നാഡീ കോശങ്ങളിലേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ ഇത് സഹായിക്കും. ഏകദേശം 20 ദിവസം സുരക്ഷ നൽകും എന്നാണ്. ഇതിനൊപ്പം റാബീസ് വാക്സിൻ കുത്തി വെച്ച് തുടങ്ങും. മുൻപ് വാക്സിൻ എടുത്തിട്ടില്ല എങ്കിൽ 4-5 ദിവസത്തെ കുത്തി വെയ്പ്പ് വേണ്ടി വരും. രണ്ട് തരത്തിലാണ് കുത്തി വെയ്പ്പ്. ഒന്ന് മസിലില്,മറ്റൊന്ന് തൊലിക്ക് തൊട്ട് താഴെ. തൊലിക്ക് തൊട്ട് താഴെയുള്ള രീതിയാണ് ഇന്ത്യയിൽ ഇപ്പോൾ പിന്തുടരുന്നത്. ആദ്യ ദിവസം എടുത്ത ശേഷം 3,7,28 ദിവസങ്ങളിൽ എന്നതാണ്. ഓരോ ദിവസവും രണ്ട് കുത്തി വെയ്പ്പ് ഈ രീതിക്ക് വേണം. 14-ആം ദിവസം കൂടി ഒരെണ്ണം എടുക്കണം, ഈ രീതിയിൽ ആണെങ്കിൽ ഒരു ദിവസം ഒരു ഇഞ്ചക്ഷൻ മാത്രമായിരിക്കും. നിലവിലെ ശാസ്ത്രീയ പഠനം അനുസരിച്ച് തൊലിക്ക് തൊട്ട് താഴെയുള്ള രീതിയാണ് ഏറ്റവും കൂടുതൽ പ്രയോജനം നല്കുന്നത്. സാധാരണ രീതിയിൽ 100% രക്ഷപ്പെടും. എന്നാൽ ചികിത്സ കിട്ടുവാൻ വൈകുന്നതും, പ്രതിരോധശേഷി കുറവ്, കടി ഏൽക്കുന്ന ഭാഗത്ത് നിന്നു തലച്ചോറിലേയ്ക്കുള്ള ദൂരം ഒക്കെ അനുസരിച്ച് ഈ സുരക്ഷ കുറഞ്ഞ് വരും. ഇത് കൂടാതെ തൊലിക്ക് താഴെ ഇഞ്ചക്ഷൻ ചെയ്യുവാൻ പ്രത്യേക പരിശീലനം ഉള്ളവർ ആയിരിക്കണം. ഒരു പ്രത്യേക ആംഗിളിൽ ആണ് എടുക്കേണ്ടത് എന്നതിനാൽ അത് ശരിയായില്ല എങ്കിൽ വീണ്ടും എടുക്കണം എന്നാണ് ഇന്ത്യയിലെ പ്രോട്ടോകോളിൽ പറയുന്നത്.
വൈറസിന്റെ ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ?
ആർ.എൻ.എ വൈറസ് ആയത് കൊണ്ട് കൊവിഡ് വൈറസിന്റേത് പോലെ മാറ്റങ്ങൾ വരാം . റാബീസ് വൈറസിന്റെ മുള്ളുകളിൽ (പ്രോട്ടീൻ) ഒറ്റ അമിനോ ആസിഡിൽ മാറ്റം വരുന്നത് വൈറസിന്റെ ശേഷി കൂട്ടുവാനും നിലവിലെ വാക്സിന്റെ ഫലം കുറയാനും ( ഒമിക്രൊൺ കൊവിഡ് വാക്സിനിൽ നിന്ന് രക്ഷപ്പെടുന്നത് പോലെ) പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അത് പോലെ വൈറസിന്റെ ശേഷി കുറയ്ക്കാനും ഇത് പോലെ ഒറ്റ അമിനോ ആസിഡില് വരുന്ന മാറ്റത്തിനു കഴിയും എന്ന് പഠനങ്ങൾ ഉണ്ട്. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ രണ്ട് തരത്തിലെ ജനിതക മാറ്റം ഉണ്ടെന്നതും മുൻപ് കണ്ടെത്തിയിരുന്നു എന്നാൽ അത് വാക്സിന്റെ ശേഷി കുറയ്ക്കുന്നില്ല. ഇപ്പോൾ നടക്കുന്ന റാബീസ് ബാധയിൽ ഉള്ള വൈറസിന്റെ ഘടന പഠിക്കേണ്ടതാണു . തെരുവു നായ്ക്കളുടെ എണ്ണം ഇത്ര കൂടിയത് എന്ത് കൊണ്ടാണ്?
2001 ൽ വാജ്പേയ് മന്ത്രിസഭയിലെ മനേകയുടെ കാലത്ത് ഇന്ത്യയിൽ ആനിമൽ ബെർത്ത് കണ്ട്രോൾ (എ.ബി.സി 2001) നിലവിൽ വന്നു. അതനുസരിച്ച് തെരുവു പട്ടികളെ മുൻപ് ചെയ്തിരുന്നത് പോലെ പിടിച്ച് കൊല്ലുവാൻ കഴിയില്ല. അവയെ പിടിച്ച് വന്ധ്യകരണം നടത്തി പിടിച്ച സ്ഥലത്ത് തന്നെ ഇടണം അവ സ്വാഭാവിക മരണത്തിനു കീഴടങ്ങും എന്നാൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകില്ല . പക്ഷേ പിടിക്കുന്നതിലും , വന്ധ്യകരണ സർജറിക്ക് 12 മണിക്കൂർ അവയെ പട്ടിണിക്കിട്ട് സർജറി നടത്തി ശേഷം അവയെ നിരീക്ഷിച്ചിട്ട് തിരിച്ച് കൊണ്ടു പോയി വിടണം. അതും പല സ്ഥലത്തെ പട്ടികളെ ഒരുമിച്ച് സർജറി കേന്ദ്രത്തിൽ ഇടരുത്. ഇതെല്ലാം കൊണ്ട് വന്ധ്യകരണം നടക്കാതെയായി. ഒപ്പം വീടുകളിൽ നിന്ന് വളർത്ത്പട്ടികളെ ആളുകൾ തെരുവിലേയ്ക്ക് തള്ളുന്നു. 2008 ല് 2 കോടി തെരുവ് പട്ടികൾ ഇന്ത്യയിൽ ഉണ്ടായത് ഇപ്പോള് 65 കോടിയായി മാറിയിരിക്കുന്നു എന്നാണ്. സെപ്തമ്പത് 28 ലോക റാബീസ് ദിനമാണ്. ഇന്ത്യയില് റാബീസ് മരണങ്ങള് ഒരു കൊല്ലം 20,000 ത്തിനടുത്താണു (ലോകത്ത് നടക്കുന്ന റാബീസ് മരണങ്ങളില് 36 %) എന്നാണു WHO . അത് പൂജ്യമായി കുറയ്ക്കുവാൻ കഴിഞ്ഞ കൊല്ലം കേന്ദ്രസർക്കാർ പുതിയ പദ്ധതി കൊണ്ടു വന്നു. ഇതിന്റെ ഭാഗമായി എ.ബി.സി. 2001 നു ഭേദഗതി വരുത്തുവാൻ പോവുകയാണ്. എന്നാല് അതില് പുതുതായി വരുന്നത് പട്ടികളെ കൊല്ലാതിരിക്കുവാൻ കൂടുതൽ കർശനവും അതോടൊപ്പം പട്ടികൾക്ക് ഭക്ഷണം നല്കുവാനും അവയെ നിരീക്ഷിക്കുവാനുമുള്ള ചുമതല തെരുവ് റെസിഡൻസ് അസോസിയേഷനുകൾക്കും നല്കുന്നതാണ്.
ഈ നിയമത്തിന്റെ കരട് ഇപ്പോള് Animal Welfare Board of India യുടെ വെബ് സൈറ്റിൽ പൊതുജന അഭിപ്രായം അറിയുവാൻ ഇട്ടിട്ടുണ്ട് . ഈ മാസം അവസാനം വരെ അഭിപ്രായം പറയാം. അത് നിങ്ങൾ പ്രയോജനപ്പെടുത്തുക.
ഏപ്രില് 2022 ല് കേന്ദ്രം ഇറക്കിയ ഓർഡർ അനുസരിച്ച് ഒരു പട്ടിയെ പിടിക്കുവാന് 200 രൂപയും സർജറിക്ക് 1450 രൂപയും ആണ് നൽകുവാന് പോകുന്നത്. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഇതിൽ കൂടുതല് കൊടുക്കാം എന്നും.
പട്ടികളുടെ എണ്ണം കൂടിയതും കടി ഏൽക്കുന്നതും മരിക്കുന്നതും കേരളത്തിൽ മാത്രമല്ല ഇപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഓർക്കുക ഓരോ കൊല്ലവും 20,000 റാബീസ് മരണങ്ങൾ അതിൽ 60 % കുട്ടികളാണു ഇന്ത്യയിൽ എന്നാണു WHO പറയുന്നത്. ചുരുക്കത്തിൽ പട്ടികളുടെ എണ്ണം കുറയുവാൻ പോകുന്നില്ല . ആകെയുള്ളത് പട്ടി കടിക്കാതെ നോക്കുക, കടി കിട്ടിയാൽ ആ ഭാഗം സോപ്പിട്ട് കഴുകി ഉടനെ ആശുപത്രിയിൽ എത്തുക, കടിയുടെ സീരിയസ് അനുസരിച്ച് ഇമ്മ്യൂണോഗ്ലോബിൻ കിട്ടി എന്ന് ഉറപ്പ് വരുത്തുക, വാക്സിൻ കുത്തി വെയ്പ്പുകൾ പറയുന്ന ദിവസങ്ങളിൽ തന്നെ ചെന്ന് എടുക്കുക . കേരളത്തിൽ ഇപ്പോൾ നടന്ന 21 പേ മരണങ്ങളിൽ 15 ഉം വാക്സിൻ എടുക്കാത്തവരായിരുന്നു എന്നത് പ്രത്യേകം ഓർക്കുക.
Source: https://www.who.int/india/health-topics/rabies
https://www.cdc.gov/rabies/about.html
http://www.awbi.in/
Wang et.al., Emerging Microbes and Infection, 8(1), 1584, 2019
Faber et. Al., J Virol., 79(22), 14141, 2005