മഹാത്മാഗാന്ധിയുടെ അഹിംസ തത്വങ്ങൾ പിന്തുടർന്ന് ജനങ്ങൾ അക്രമമാർഗം ത്യജിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. മഹാത്മാഗാന്ധിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രസ്താവന. മഹാത്മാഗാന്ധിയുടെ ജന്മദിനം യുഎൻ അന്താരാഷ്ട്ര അഹിംസ ദിനമായി ആഘോഷിക്കുകയാണ്. അന്താരാഷ്ട്ര അഹിംസ ദിനത്തിൽ, മഹാത്മാഗാന്ധിയുടെ സമാധാനത്തിന്‍റെ മൂല്യങ്ങൾ എല്ലാവരുമായി പങ്കിടുകയാണ്. ഈ മൂല്യങ്ങൾ ഉൾക്കൊണ്ട് സംസ്‌കാരങ്ങൾക്കും അതിർത്തികൾക്കുമപ്പുറം മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ച് ഇന്നിന്‍റെ വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താം- ഗുട്ടെറസ് ട്വീറ്റ് ചെയ്തു. 2007 ജൂണിലാണ് യുഎൻ പൊതുസഭ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനമായി പ്രഖ്യാപിച്ചത്.
