ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രി, നരേന്ദമോദി തുടങ്ങി പ്രമുഖർ അനുശോചനം അറിയിച്ചു.
മുലായം സിംഗ്, മണ്ണിന്റെ മകനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിംഗ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. നികത്താനാകാത്ത നഷ്ടം എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. സാമൂഹിക ക്ഷേമം ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പൊതു സമൂഹം ദീർഘകാലം ഓർമ്മിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിൽ കുറിച്ചു. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു മുലായം സിംഗെന്നും പോരാട്ടത്തിൻ്റെ ഒരു യുഗമാണ് അവസാനിച്ചതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി യു പി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. പൂർണ സംസ്ഥാന ബഹുമതികളോടെയാകും അന്ത്യകർമങ്ങൾ.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം. ഇന്ന് ലക്നൗവിൽ പ്രചാരണം നടത്താനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്