അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

atlas ramachandran passed away

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ(അറ്റ്ലസ് രാമചന്ദ്രന്‍) അന്തരിച്ചു. അദ്ദേഹത്തിന് 80 വയസായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലിലായിരുന്നു മരണം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 'അറ്റ്ലസ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകമാണ് അദ്ദേഹത്തെ മലയാളികൾക്കിടയിൽ പ്രശസ്തനാക്കിയത്.

1942 ജൂലൈ 31ന് തൃശൂരിൽ വി കമലാകര മേനോന്‍റെയും എം എം രുഗ്മിണി അമ്മയുടെയും മകനായാണ് എം എം രാമചന്ദ്രന്റെ ജനിച്ചത്. ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായിരുന്നു അദ്ദേഹം. മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു. സിനിമാനിർമ്മാണ കമ്പനിയായ ചന്ദ്രകാന്ത ഫിലിംസ് അദ്ദേഹത്തിൻ്റേതായി ഉണ്ട്.

2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യുഎഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം

 

Leave a Reply