കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ 'ഈഗിൾ ഐ' മുഖ്യമന്ത്രി പിണറായി വിജയൻ കൊക്കൂൺ കോൺഫറൻസിൽ വെച്ച് പുറത്തിറക്കി. സർക്കാരിൻ്റെയോ പോലീസിൻ്റെയോ മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുക അവ നിർവ്വീര്യമാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
മൊബൈൽ വെഹിക്കിളിൽ നിന്നും 5 മീറ്റർ വരെ ഉയർന്നു പൊങ്ങുന്ന ആൻ്റിന അഞ്ച് കിലോമീറ്റർ വരെയുള്ള ഡ്രോണിനെ സ്പെക്ട്രം അനലൈസർ ഉപയോഗിച്ച് ഡിക്ടക്ട് ചെയ്യുകയും അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന അത്തരം ഡ്രോണുകളെ 500 മീറ്ററിനുള്ളിൽ വെച്ചുതന്നെ നിർവ്വീര്യമാക്കുകയും ചെയ്യുന്നു.
വരും കാലഘട്ടങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഡ്രോൺ ആക്രമണങ്ങളെ മുന്നിൽ കണ്ടുകൊണ്ട് അത്തരത്തിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളെ തടയുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലെ പോലീസ് സേന ആദ്യമായാണ് ഇത്തരത്തിൽ ഒരു വാഹനം പുറത്തിറക്കുന്നത്.അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുന്നതാണ് ആന്റീ ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം. അന്യസംസ്ഥാനങ്ങളിൽനിന്നും നിരവധി ഓഫീസർമാരാണ് ഇതിൻ്റെ പ്രവർത്തനം മനസിലാക്കുന്നതിനായി എത്തി ചേർന്നത്.
