കോടിയേരി ബാലകൃഷ്ണന് വിടനൽകാനൊരുങ്ങി രാഷ്ട്രീയ കേരളം. മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചു. അവിടെവച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബിജെപി നേതാവ് സി.കെ പദ്മനാഭന്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചു. വന്‍ ജനാവലിയാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രിയ സഖാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. 11 മണി മുതലാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം തുടങ്ങിയത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍, മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെല്ലാവരും തന്നെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനാളുകളാണ് പ്രിയസഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചേര്‍ന്നത്.
ആദരസൂചകമായി തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. എന്നാല്‍ ഹര്‍ത്താല്‍ വാഹനങ്ങളെയും ഹോട്ടലുകളെയും ബാധിക്കില്ല. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പയ്യാമ്പലത്താണ്. മുതിര്‍ന്ന സി.പി.എം. നേതാക്കളായ ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് ചിതയൊരുക്കിയത്