കേരള പോലീസിൻ്റെയും കേരള സൈബർ ഡോമിൻ്റെയും ആഭിമുഖ്യത്തിൽ 2022 കൊക്കൂൺ കോൺഫറൻസ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സൈബർ മേഖലയിലെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രിയും വിദഗ്ദ്ധരും സംസാരിച്ചു. എല്ലാവർക്കും മികച്ച സൈബർ സുരക്ഷ ഉറപ്പാക്കുക എന്നതാണ് കൊക്കൂണിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സൈബർ സുരക്ഷ സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല അത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അത് കൊണ്ട് തന്നെ ഈ കോൺഫറൻസിൽ, മെച്ചപ്പെട്ട സൈബർ സുരക്ഷയ്ക്കായി അനുയോജ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ഒരു പങ്കാളിത്തം രൂപപ്പെടുത്താൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ കുട്ടികളും യുവാക്കളും സൈബർ ലോകത്ത് നിരന്തരമായ ഭീഷണിയിലാണെന്നും ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ അവർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായേക്കാമെന്നും ഇന്റർപോളും, എൻസിആർബിയും പുറത്തുവിട്ട സൈബർ ക്രൈം കണക്കുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പോലീസ് പോലീസിംഗിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ മുൻനിരയിൽ എത്തിയിട്ടുണ്ട്. സൈബർഡോം, ഡ്രോൺ ഫോറൻസിക് ലാബ്, ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെൽ, സിസിടിഎൻഎസ്, പോൾ-ആപ്പ് തുടങ്ങിയ കേരള പോലീസിന്റെ അതുല്യ പദ്ധതികൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടതായും, കേരള പോലീസ് ഇതിനകം രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നായി മാറിയെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ കെ.എൻ.ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് ഐപിഎസ് സ്വാഗതം ആശംസിച്ചു. സൈബർ ഡോം നോഡൽ ഓഫീസറും സൗത്ത് സോൺ ഐജിയുമായ പി. പ്രകാശ് ഐപിഎസ് നന്ദി പറഞ്ഞു.