കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. സിംഗിൾ ഡ്യൂട്ടിക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ ആയിരുന്നു കോൺഗ്രസ് അനുകൂല സംഘടന ടിഡിഎഫിൻറെ സമരപ്രഖ്യാപനം. പണിമുടക്കിനെ നേരിടാൻ ആദ്യം മുതലേ മാനേജ്മെൻറ് പദ്ധതികളൊരുക്കിയിരുന്നു. പണിമുടക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോലി ഉണ്ടാകുമോ എന്ന് ജീവനക്കാർ ആലോചിക്കണമെന്നായിരുന്നു മന്ത്രി ആൻറണി രാജുവിൻറെ മുന്നറിയിപ്പ്. സർവീസുകൾ മുടക്കം വരാതിരിക്കാനായി കാലാവധി കഴിഞ്ഞ പിഎസ്‍സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർ, കണ്ടക്ടർമാരുടെ വിവരവും തേടിയിരുന്നു. പിന്നാലെയാണ് പണിമുടക്ക് പിൻവലിക്കുന്നതായി ടിഡിഎഫ് അറിയിച്ചത്
