വാഹന പരിശോധന കർശനമായി തുടരുന്ന പാലക്കാട് ജില്ലയിൽ 2 ബസ്സുകളുടെ കൂടി ഫിറ്റ്‌നസ് റദ്ദാക്കി. ഇതോടെ ഫിറ്റ്‌നസ് റദ്ദാക്കിയ ആകെ ബസ്സുകളുടെ എണ്ണം അഞ്ചായി. ഇന്നലെ ദേശീയ പാതയിൽ ആയിരുന്നു എൻഫോഴ്‌സ്‌മെൻറ് പരിശോധന. പരിശോധന തുടങ്ങിയിട്ട് പത്തുദിവസം പിന്നിട്ടു. 72 വാഹനങ്ങളിൽ വേഗപ്പൂട്ടിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള പരിശോധനയ്ക്കിടെ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ വാഹന പരിശോധന നടപടികൾ കർശനമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് നേരെ എംവിഡി നടപടി എടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 7,57,300 രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. 108 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി
