സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത ശേഷം ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാബായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2നാണ് സമരം ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരിതം പേറുന്ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണെമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. ആറായിരത്തിലധികം വരുന്ന ദുരിത ബാധിതര്‍ അടിയന്തര സാഹചര്യങ്ങളിലും ആശ്രയിക്കുന്നത് മംഗളൂരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളെയാണ്. ചികിത്സാ ചിലവായി ലക്ഷങ്ങളും. മാറി മാറി വന്ന സര്‍ക്കാരുകള്‍ ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചുവെന്നാണ് ദയാബായിയുടെ വിമര്‍ശനം.
