തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.
മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിനു തെളിവില്ലെന്നാണ് ഹര്‍ജിയിലെ വാദം. സ്വാഭാവികമായ അപകടം മാത്രമാണിതെന്നും ഹര്‍ജിയില്‍ പറഞ്ഞു. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനു സമീപം വഴിയരികില്‍ ഇരുചക്രവാഹനം നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിനെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യഘട്ടംമുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. വാഹനമോടിച്ചത് താനല്ലെന്ന ശ്രീറാമിന്റെ വാദം അംഗീകരിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തില്‍ പോലീസ് സ്വീകരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടായതെന്നു തെളിയിക്കാനും ആദ്യം കേസന്വേഷിച്ചിരുന്ന അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല.
