ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. മുഖ്യപ്രതി ഷാഫിയുടെ ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. 2019 മുതല്‍ ഷാഫിയും ഭഗവല്‍ സിങ്ങും തമ്മില്‍ നടന്ന ചാറ്റുകള്‍ കണ്ടെത്തി. 150ഓളം വരുന്ന ചാറ്റ് പേജുകളാണ് കണ്ടെത്തിയത്. ഷാഫി മറ്റാരോടെങ്കിലും വ്യാജ അക്കൌണ്ടിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒരു സിദ്ധനെ കണ്ടാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഷാഫി ശ്രീദേവിയെന്ന വ്യാജ അക്കൌണ്ടിലൂടെ ഭഗവല്‍ സിങ്ങിനോട് പറഞ്ഞിരുന്നു. ഇലന്തൂർ കേസിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ നടന്ന സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. 2017 മുതൽ 12 സ്ത്രീകളെയാണ് ജില്ലയിൽ നിന്നും കാണാതായിട്ടുള്ളത്. ഇലന്തൂരിലെ നരബലി കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്നും തുടരും. അതിനിടെ, ഇലന്തൂർ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു.
