കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. തൃശ്ശൂർ മുള്ളൂർക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരൾ പകുത്തുനൽകിയത്.
ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ എന്നിവരുടെ ഏകോപനത്തിൽ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവൻ ടീം അംഗങ്ങളെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സർക്കാർ മേഖലയിലെ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് നടന്നത്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സജ്ജമാക്കിവരുന്നതായി മന്ത്രി പറഞ്ഞു.