രാജ്യാന്തര ‘ഇൻഡീ’ സംഗീതോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

രാജ്യാന്തര ‘ഇൻഡീ’ സംഗീതോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

international indie music festival logo released

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നടക്കാൻപോകുന്ന ഇൻ്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിൻ്റെ ലോഗോ ലോകപ്രശസ്ത ഇൻഡ്യൻ ഡിസൈനറും സീനോഗ്രാഫറും ആർട്ട് ക്യുറേറ്ററുമായ രാജീവ് സേഥിയും വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും സംസ്ഥാനസർക്കാരിൻ്റെ ബാഹ്യസഹകരണത്തിനായുള്ള പ്രത്യേക ഉദ്യോഗസ്ഥൻ വേണു രാജാമണിയും ചേർന്ന് പ്രകാശനം ചെയ്തു.

2022 നവംബർ 9 മുതൽ 13 വരെ നടക്കുന്ന ഫെസ്റ്റിവലിൻ്റെ വേദിയായ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് പത്മഭൂഷൺ, പത്മശ്രീ സമ്മാനിതരായ മുതിർന്ന കലാകാരർ ഇതിനായി ഒത്തുചേർന്നത്. ക്രാഫ്റ്റ് വില്ലേജ് സിഒഒ ശ്രീപ്രസാദ്, ഐഐഐസി ഡെപ്യൂട്ടി ഡയറക്റ്റർ കെ. രാഘവൻ എന്നിവരും പങ്കെടുത്തു.

‘ഇൻഡിപ്പെൻഡന്റ് (ഇൻഡീ) മ്യൂസിക്’ എന്നറിയപ്പെടുന്ന റോക്ക് സംഗീതശാഖയിൽ വിഖ്യാതരായ വിദേശഗായകരെയും അവർ നയിക്കുന്ന ബാൻഡുകളെയും പങ്കെടുപ്പിച്ച് രാജ്യാന്തര സംഗീതോത്സവം ഒരുക്കുന്നത് കേരള ടൂറിസം വകുപ്പിൻ്റെ സ്ഥാപനമായ ക്രാഫ്റ്റ്സ് വില്ലേജാണ്. ഈ രംഗത്തു രാജ്യാന്തരതലത്തിൽ സജീവമായി ഇടപെട്ടുവരുന്ന പ്രശസ്ത മാസികയായ ലേസീ ഇൻഡീ മാഗസീനും (Lazie Indie Magazine) പങ്കാളിയാണ്.

മ്യൂസിക് ബാൻഡുകൾ സ്വന്തമായി ഗാനങ്ങൾ രചിച്ചു സംഗീതം പകർന്ന് സുസജ്ജമായ വാദ്യോപകരണങ്ങളും ശബ്ദ-പ്രകാശവിതാന സംവിധാനങ്ങളുമായി അവതരിപ്പിക്കുന്ന ഇൻഡീ മ്യൂസിക് കേരളത്തിൽ ഇനിയും വികസിച്ചിട്ടില്ല. ഇതിനുള്ള പ്രോത്സാഹനമായിക്കൂടിയാണു മേള സംഘടിപ്പിക്കുന്നത്. രാജ്യത്തുതന്നെ സവിശേഷമായ ഈ രാജ്യാന്തരമേള പ്രതിവർഷപരിപാടി (calendar event) ആയി നടത്താനാണ് ഉദ്ദേശിക്കുന്നത്.

അഞ്ചുദിവസം നീളുന്ന ഇൻഡീ ഫെസ്റ്റിവലിൽ യുകെയിൽനിന്നു രണ്ട്, അമേരിക്കയിൽനിന്നു രണ്ട്, ഏഷ്യൻ രാജ്യങ്ങളിൽനിന്ന് മൂന്ന് എന്നിങ്ങനെ ഏഴു വിദേശബാഡുകളും കേരളത്തിൽനിന്നുള്ള നാലും മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളിൽനിന്നുണ്ണ നാലും അടക്കം 15 ബാൻഡുകൾ പങ്കെടുക്കും. ദിവസവും 45 മിനിറ്റ് വീതമുള്ള മൂന്ന് അവതരണങ്ങൾ വീതം നടക്കും.

യുകെയിലെ വിഖ്യാതനായ വിൽ ജോൺസിന്റെ മ്യൂസിക് ഓഫ് ക്രീം, അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകൻ സമി ചോഫി(Sami Chohfi) യുടെ ബ്ലൂ ഹെലിക്സ്, മറ്റൊരു ബ്രിട്ടിഷ് ബാൻഡായ RANE എന്നുതുടങ്ങി നിരവധി അന്താരാഷ്ട്രപുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ബാൻഡുകളടക്കം സ്വന്തം രാജ്യങ്ങളിൽ ഏറെ ആസ്വാദകരുള്ള ബാൻഡുകൾ മേളയിൽ പ്രകടനം കാഴ്ചവയ്ക്കും.

Leave a Reply