ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഫോൺ, പാസ്പോർട്ട് എന്നിവ കോടതിയിൽ സമർപ്പിക്കണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഇരുപത്തിരണ്ടാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, സമൂഹമാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ പോസ്റ്റുകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തട്ടിക്കൊണ്ടുപോകൽ,ദേഹോപദ്രവം ഏൽപ്പിക്കൽ, വധശ്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെ ചുമത്തിയത്. പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴിയടക്കം പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും എൽദോസിന് ജാമ്യം ലഭിച്ചതിൽ വിഷമമുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു
