ചെറുകഥ-ലിയോണ

ചെറുകഥ-ലിയോണ

malayalam short story liyona haritasree.k.s

ലിയോണ

 ഹരിതശ്രീ കെ എസ്‌

പശ്ചാത്തലത്തിൽ വിസ്തരിച്ച് ഗോളാകൃതിയിൽ കാസിവോയുടെ മുഖം.. പിറകിലായ് ഇടത്തുനിന്ന് ചക്രവാളം അയാൾക്കുമുന്നിലെ കണ്ണാടിയിൽ വീഴുക കൂടിയായപ്പോൾ പ്രതിഫലനത്താൽ കാസിവോയുടെ മുഖം ഒന്നുകൂടി ജ്വലിച്ചു. ഒരുപക്ഷെ, പാശ്ചാത്യ  സാഹിത്യത്തിലെ നായകന്മാരുടെ ഛായാചിത്രത്തോട് കിടയറ്റ രൂപം. അയാളാ ഒരുക്കുമേശയിൽനിന്ന് വീണ്ടും ചില ചായങ്ങൾ മുഖത്തിലെ തിളക്കം മായാതെന്നോണം മെല്ലെ തടവി. മുഖക്കണ്ണടി മുകളിലേയ്ക്ക് തള്ളി നിർത്തി. മുറിയിൽ തറച്ചു നിന്ന വെളിച്ചം കാസിവോയുടെ ‘ ക്ലീഷേ ‘ സജ്ജീകരണങ്ങളിലേക്ക് തെറിച്ച് തകർന്നു.

തനിക്ക് മെയിൽ വഴിയും പത്രങ്ങളിലൂടെയും വന്നു  കിടന്ന മംഗള സന്ദേശങ്ങൾ ഒന്നോടിച്ച് നോക്കി. ‘ ഗെറ്റ് വെൽ സൂൺ…,’ ‘ഗോഡ് ബ്ലസ്സ് യൂ…,’ എന്നിങ്ങനെയുള്ള ഇംഗ്ലീഷ് വാചകങ്ങൾ തന്നെ അധികവും. പെട്ടെന്ന് കാസിവോയുടെ നോട്ടം മേശയ്ക്കു മീതെ വെടിപ്പായി മടക്കിയ തന്റെ തുവാലയിൽ  ചെന്നു. തുവാലയിലായും ഇ-മെയിൽ സന്ദേശങ്ങളായും കാസിവോയുടെ നോട്ടം തെന്നിയും തെറിച്ചും നിന്നു. മേൽചുണ്ടിനോടൊത്ത് പറ്റിയ ചോരത്തുള്ളികൾ തുടയ്ക്കയാണയാൾ…. കശ്മലൻ !! തൂവാലയിലൊപ്പിയ ചോര കണ്ടിട്ടുപോലും അയാളുടെ കണ്ണുകൾക്ക് ഉടയാത്ത ഉറപ്പ്! വിറയൊതുക്കിയ നിമിഷങ്ങൾക്ക് ശേഷം കാസിവോ നിശ്ശബ്ദമായി ഉരുവിടുകയാണ് – ‘ലിയോണ.…’

നാളേറെയായി അങ്ങനൊരുവളുടെ പേരിൽ നിരന്തരമയാൾ കത്ത് കൈപ്പറ്റുന്നു. ചിലപ്പോഴയാൾ അവ രസിച്ചു, ചിലപ്പോൾ ഗൗനിച്ചതുപോലുമില്ല. അത്തരം ക്രീഡകളിൽ സ്വയം അറപ്പുണ്ടായിട്ടാവണം,   ലിയോണയെ കാസിവോ ഇന്ന് നേരിൽ കാണുകയാണ്.

എങ്കിലും,, കോണിയിറങ്ങുമ്പോൾ ഇടയ്ക്കിടെ അയാൾ തന്റെ ഷൂ നിലത്ത് ഞെക്കിയും ഞരക്കിയും തടഞ്ഞു നിന്നു. പിന്നെ, അയഞ്ഞൊരു നെടുവീർപ്പിൽ വീണ്ടും ചുവടുകൾ മുന്നോട്ടെടുത്തു.

കാസിവോ ചെന്ന നിരത്തിന്റെ വശങ്ങളിൽ പോലും വല്ലാത്ത വേഗത! അവിടെ നമ്രശിരസ്കരായ ചിലർ അന്തസ്സോടെ പരസ്പരം ഇടിച്ചുവീഴുന്നു..

നിബിഡമായ ആ പാത ഒടുങ്ങുമ്പോൾ കുറച്ചകലെ മറ്റൊരു ലോകത്തെന്ന പോലെ ലിയോണ! അവൾ തന്റെയൊപ്പം ‘അഴിഞ്ഞ പ്രപഞ്ചത്തെ’ മൊത്തമായ് കൊണ്ടുവന്നിരിക്കയാണോ എന്ന് അയാൾക്ക് തോന്നി. ആ കണ്ണുകളിൽ വച്ചുകെട്ടലിന്റെ യാതൊരു പരിവേഷവുമില്ല. തുളുമ്പിയെഴുന്ന വെള്ളം പോലെ ഒരിളം പെണ്ണ്!

അന്നതാദ്യത്തെ  സന്ധിയായിരുന്നെങ്കിലും കാസിവോയ്ക്ക് ലിയോണ ഒരു ആശ്വാസമാകുന്ന പോലെ തോന്നി.

പ്രണയം കുത്തിനിറയ്ക്കാതെ ആഡംബരവും അകമ്പടിയും ചേർക്കാതെ ഒരു നടനെത്തേടിയെത്തിയ ആ വെറും സ്നേഹഭാഷണങ്ങൾക്ക് തന്റെ മുന്നിൽ കണ്ട പെൺകുട്ടിയുമായി വല്ലാത്ത പൊരുത്തമുള്ള പോലെ…!

കാസിവോ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. ലിയോണ തീക്ഷ്ണമല്ലാത്ത കണ്ണുകൾകൊണ്ട് സംശയത്താലെന്ന പോലെ അയാളെ തിളക്കമില്ലാതൊന്നുഴിഞ്ഞു. ഒടുവിൽ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു. കാസിവോ അവൾക്കൊപ്പം നടന്നു… ചുവടുകൾ നോക്കി പിന്നിടുമ്പോൾ കാസിയോ ചുറ്റിലും പരതി.. വശങ്ങളിലേയ്ക്ക് വിസ്താരമില്ലാത്ത – വാൻഡർ മരങ്ങളുടെ ഇലകൾ കൊണ്ട് മണ്ണു മറഞ്ഞ – ചിലങ്കയണിഞ്ഞു നില്ക്കുന്ന പ്രകൃതി.

കാസിവോയുടെ ആത്മാവ് മാത്രമായി മുന്നിലേക്കുള്ള വഴികളിൽ അവശേഷിച്ചു. അയാൾ ലിയോണയുടെ കൈക്കുള്ളിലേയ്ക്ക് കൈകൾ കോർത്തു.. അപ്രതീക്ഷിതമായി, കാസിവോയുടെ അടുത്ത ചുവട് ഒരു കവാടത്തിനപ്പുറം കടന്നു. അയാൾ പൊടുന്നനെ തിരിഞ്ഞ് മലർക്കെ ഏന്തി നോക്കി.. വാൻഡർ മരങ്ങളുടെ ആഴങ്ങളെ ചൂഴ്ന്നിറങ്ങിക്കൊണ്ട് ഒരു കൂറ്റൻ കവാടം!

കോലത്തടികൾക്കു മീതേ കെട്ടിയ തന്റെ കൊട്ടാരത്തിൽ നിന്ന് പ്രകൃതിയിലേയ്ക്ക് തിരിച്ചിറങ്ങുകയാവാം താനെന്ന സംഗതയിൽ അയാൾ മൗനം പാലിച്ചു.

‘ലിയോണാ… എത്ര സുന്ദരമാണ് നിന്റെ ലോകം!’ കാസിവോ തലയൊന്ന് ചരിച്ച് കണ്ണുകളെ അലക്ഷ്യമായി  അങ്ങുമിങ്ങും  കൊളുത്തിട്ടു. എന്നിട്ട് തുടർന്നു- ‘ഏതോ കൊടുമുടിയിലാണ് ഞാനെന്നു കരുതിയാണ് ഇത്രയും നാൾ ജീവിച്ചത്.. സ്വയമൊന്നോർക്കാൻ പോലും സമയമില്ലാതെ! പക്ഷേ, ഇപ്പോ, ഇവിടെ ഞാൻ ഒന്നുമല്ലാതായിത്തീരുന്നു. എന്താണങ്ങനെ?’

തൂവാലകൊണ്ടു മുഖമൊപ്പി അയാൾ നിർത്താതെ കൂട്ടിച്ചേർത്തു- ‘എത്രയോ പേർ എന്നെ സ്നേഹത്താലും ആദരവോടെയും പല വിധത്തിലും സമീപിച്ചിരിക്കുന്നു. പക്ഷേ, എന്നെ യാതൊരു കൗതുകത്തോടെയും നോക്കാത്ത- സ്നേഹത്താൽ വീർപ്പുമുട്ടിക്കാത്ത- സ്വയം ഒട്ടും പ്രായാസപ്പെടാത്ത അക്ഷരങ്ങൾ നിന്റേതായിരുന്നു.. നിസ്വാർത്ഥമായി എനിക്കുവേണ്ടി എഴുതിയ നിന്റെ അക്ഷരങ്ങൾ..

ലിയോണ ഒരു ചിരിയോടെ നീട്ടി മൂളി..

‘എത്ര ലളിതമാണ് ഈ ലോകം!’ അവൾ വിടാത്ത പുഞ്ചിരിയിൽ തുടർന്നു- ഇന്നത്തെ ഈ തിരക്കുകളിൽ ഞാൻ ജീവിക്കാറില്ല കാസിവോ.. എനിക്കു ചുറ്റിലും ഒരുപാട് സൗകര്യങ്ങളുണ്ടായിരുന്നു. ആ സൗകര്യങ്ങളെയെല്ലാം  ഞാൻ മിതപ്പെടുത്തുകയായിരുന്നു. ലളിതമായി ജീവിച്ചു. എന്റെ ഉദ്ദേശ്യങ്ങളും ലളിതമായിരുന്നു., കാസിവോയ്ക്ക് വന്ന കത്തുകൾ പോലെ!’

മറുപടിയായി വന്ന കാസിവോയുടെ ചുരുങ്ങിയ ചിരിയോടെ അവർ  അടുത്ത കവാടവും പിന്നിട്ടു! ഓരോ തിരിച്ചറിവിനപ്പുറവും ഓരോ കവാടങ്ങളെന്ന പോലെ! ലിയോണ അയാളുടെ കൈ നീട്ടി വലിച്ചു. മരത്തിന്റെ വേര് ഉന്തിയിറങ്ങിയ വിടവിൽ അവർ കുറുകിയിരുന്നു. ആശ്വസത്താൽ അയാളും അവളുടെ തോളിൽ ചാരി..

‘ നിന്നെപ്പോലെ എനിക്കും ചിരിക്കണം. കഴിയുമോ എനിക്ക് ?’

കാസിവോയുടെ ചോദ്യം കേട്ട് ആദ്യം ലിയോണ മുഖമൊന്ന് താഴ്ത്തി. എന്നിട്ട് പറഞ്ഞു-

‘എന്നെപ്പോലെ സ്നേഹിക്കാൻ കഴിയുമോ കാസിവോയ്ക്ക്?- കാസിവോയെ.. മറ്റുള്ളവരെ.. സ്വയം അറിയണം.. അങ്ങനെ ഓരോന്നിനെയും..’

 കാസിവോ തല ഒന്നുകൂടി അവളുടെ തോളിലേക്ക് ചായ്ച്ച് ഭാരം ആഴ്ത്തി. ചുറ്റിനെയും നിശ്ശബ്ദമാക്കി കാസിവോ തന്റെ ഷൂ കൊണ്ട് മൃദുവായി ഇലകൾക്ക് മീതെ ഊന്നി. കണ്ണടച്ച്, മണ്ണിലമർന്ന ഇലയുടെ ശബ്ദം ആസ്വദിച്ചു.

നെടുവീർപ്പോടെ അയാളൊന്ന് ചിരിച്ചു. എഴുന്നേറ്റ് അല്പനേരം ഒന്നും മിണ്ടാതെ കാസിവോ നടന്നു. ചോദ്യഭാവത്തിൽ ആസ്യമെറിഞ്ഞ് ലിയോണയും ഒപ്പം നടന്നു. ഇടം കണ്ണിട്ട് അവളെ നോക്കി കാസിവോ ചോദിച്ചു – ‘എന്റെ രോഗത്തെപ്പറ്റി നിനക്കറിയുമോ!?’…

‘കാസിവോ..’ സങ്കോചപ്പെട്ട് അവൾ പറഞ്ഞു- ‘ഇതൊരു സങ്കീർണ്ണമായ അവസ്ഥയാണെന്ന് ചിന്തിക്കാതിരിക്കാം. ഒക്കെത്തിനെയും ലളിതമായി കാണാം. സ്വയം അർപ്പിക്കു.. ബാക്കി ദൈവത്തിലും.. ജീവിക്കാനുള്ള മാർഗ്ഗമേ നമുക്കറിയൂ.. അതിനുമപ്പുറം നമുക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരുപാട് സത്യങ്ങൾ നമുക്ക് ചുറ്റിലും തന്നെയുണ്ട് കാസിയോ..’

ലിയോണ അവളുടെ രണ്ടു കൈകളും കാസിവോയുടെ കൈക്കുമീതെ വരിഞ്ഞു. മുന്നോട്ടായുമ്പോൾ മൂന്നാമത്തെ കവാടം തുറന്ന് അവരിരുവരും ഇരുട്ടിലേയ്ക്ക് വേർപെട്ടു. അടുത്ത നിമിഷം തന്റെ അവസാനതുള്ളി ചോരയും പൊഴിയുമാറ് കാസിവോ മുഖമമർത്തി നിലംപതിച്ചു. എണ്ണമറ്റ കവാടങ്ങൾക്കു കുറുകെ വീണ ഇരുട്ടിൽ, ഇനിയും കൈയ്യെത്താത്ത സത്യങ്ങൾക്കെന്നപോലെ ലിയോണ ഊളിയിട്ടു പരതി…

Leave a Reply