ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പിലേറ്റ നാണംകെട്ട തോല്‍വിക്കു ഏഷ്യാ കപ്പില്‍ കണക്കുതീര്‍ത്ത് ഇന്ത്യ. ദുബായില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തത്. ലോ സ്‌കോറിന് മാച്ചില്‍ ഇന്ത്യന്‍ വിജയം അത്ര എളുപ്പമായിരുന്നില്ല. ഇഞ്ചോടിഞ്ച് പൊരുതിയാണ് ബാബര്‍ ആസവും സംഘവും കീഴടങ്ങിയത്. 148 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയത്. ഈ സ്‌കോര്‍ ഇന്ത്യ കാര്യമായ വെല്ലുവിളിയില്ലാതെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്ന്ത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ ആദ്യ ഓവര്‍ മുതല്‍ പാകിസ്താന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. എങ്കിലും 19.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു സാധിച്ചു.ഒരു ഘട്ടത്തില്‍ പരാജയഭീതിയിലായിരുന്ന ഇന്ത്യയെ രക്ഷിച്ചത് രവീന്ദ്ര ജഡേജ- ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ 32 ബോളില്‍ ഇരുവരും ചേര്‍ന്നെടുത്ത 52 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. ജഡ്ഡു അവസാന ഓവറില്‍ പുറത്തായെങ്കിലും നാലാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തി ഹാര്‍ദിക് വിജയറണ്‍സ് കുറിക്കുകയായിരുന്നു.കരിയറിലെ നൂറാമത്തെ ടി20 മല്‍സരം കളിച്ച മുന്‍ നായകന്‍ വിരാട് കോലി 35 റണ്‍സെടുത്ത് മടങ്ങി
