ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതികളിൽ 26 പേർ മരിച്ചു. ഹിമാചൽ പ്രദേശിൽ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയിൽ നാലും, ജമ്മു കശ്മീരിൽ രണ്ട് പേരും ജാർഖണ്ഡിലും ഒരാളുമാണ് മരിച്ചതായാണ് വിവരം. ഹിമാചലിലെ കാൻഗ്ര ജില്ലയിൽ ചക്കി നദിക്ക് കുറുകെയുള്ള റെയിൽപാളം പൂർണമായി തകർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് പുലർച്ചെയോടെ മേഘവിസ്‌ഫോടനമുണ്ടായതാണ് പ്രളയ തീവ്രത കൂട്ടിയത്. നദികൾ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ജനവാസ മേഖലകള്‍ ഉള്‍പ്പടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമസ, സോങ്ങ്, ചക്കി നദികളിൽ നിന്ന് ജലം കുത്തിയൊഴുകി വന്നതോടെ നിരവധി പാലങ്ങളും റോഡുകളും തകർന്നു.കാൻഗ്ര ജില്ലയിലെ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയിൽപ്പാലം പൂർണമായി തകർന്നു. ഹിമാചലിലെ മണ്ടിയിൽ വലിയ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കലക്ടർ അറിയിച്ചു. .കാൻഗ്ര,ചമ്പ,മണ്ഡി, കുളു, ഷിംല, സിർമോർ, സോളൻ, ഹമിർപൂർ, ഉന, ബിലാസ്പൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരും. ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെ വെള്ളം കയറി സാർഖേത് ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. രണ്ടിടങ്ങളിലും ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
