ഹണിട്രാപിൽ യുവാവിനെ കുടുക്കി ഞെട്ടിക്കുന്ന കവർച്ച
വൈക്കം സ്വദേശിയായ മുപ്പത്തിനാലുകാരനെ സ്നേഹം നടിച്ച് ലോഡ്ജിൽ എത്തിച്ചശേഷം മർദ്ദിച്ച് അവശനാക്കി പണവും സ്വർണവും കൈക്കലാക്കിയത് യുവതിയും അവരുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന്. ഇതിനെതിരെ സെൻട്രൽ പോലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതി ഇത്തരത്തിൽ തൻ്റെ സുഹൃത്തുക്കളുമായി സമാന തട്ടിപ്പുകൾ നടത്തിവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഇത്തരത്തിൽ ആരെയൊക്കെ ഹണിട്രാപ് ചെയ്തിട്ടുണ്ട് എന്നത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾ നടന്നു വരുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ ആളുകളെ പരിജയപ്പെട്ട് ഫോണിൽ ബന്ധപ്പെട്ടും മറ്റും വിശ്വാസം പിടിച്ചെടുത്താണ് ആളുകളെ അവരിലേക്ക് എത്തിക്കുന്നത്. വൈക്കം സ്വദേശിയായ യുവാവിനെയും സമാന മാർഗ്ഗത്തിലാണ് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ എത്തിച്ചത്. തുടർന്ന് യുവതിയും മൂന്ന് സുഹൃത്തുക്കളും യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് അവശനാക്കിയ ശേഷം ഒന്നേകാൽ പവൻ്റെ മാലയും,ചൈനും, ഫോണും, പേഴ്സിൽ ഉണ്ടായിരുന്ന 5000 രൂപയും കവർന്നെടുത്തു. ശേഷം യുവാവിൻ്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് 15,000 രൂപയും ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. അതിനു ശേഷം യുവാവിനെ അവിടെ ഉപേക്ഷിച്ച് സംഘം രക്ഷപെടുകയായിരുന്നു.
പതിമൂന്നിനാണ് യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണം അയച്ച അക്കൗണ്ട് വഴിയും പ്രതികളിലേക്ക് എത്താനാണ് പോലീസ് ശ്രമിക്കുന്നത്. ക്രൂരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.