പൂർണ്ണമായും തദ്ദേശിയമായി നിർമിച്ച വിമാനവാഹിനികപ്പൽ വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി കപ്പൽശാലയിൽ വെച്ചു നടന്ന ചടങ്ങിൽ രാവിലെ 10.40 നാണ് അഭിമാന മുഹൂർത്തത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്.തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനികപ്പലാണ് വിക്രാന്ത്. കൊച്ചി കപ്പൽശാല രാജ്യത്തിനുവേണ്ടി നിർമ്മിക്കുന്ന ആദ്യ യുദ്ധ കപ്പലാണ് ഇത്.
മേക് ഇന്ത്യ മാത്രമല്ല മേക് ഫോർ ദ വേൾഡ് എന്നതാണ് ലക്ഷ്യം എന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. രാജ് നാഥ് സിംഗ് മലയാളത്തിൽ നന്ദി പറഞ്ഞു. രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വിക്രാന്ത് രൂപകല്പന ചെയ്തത് മുതൽ നിർമാണത്തിൻ്റെ അവസാന ഘട്ടം വരെ അസംസ്കൃത വസ്തുക്കളും എൻജിനിയറിങ് സേവനങ്ങളും നേവൽ ആർക്കിടെക്ചർ വിഭാഗം രാജ്യത്തിന് അകത്തുനിന്ന് മാത്രമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കപ്പൽ നിർമാണത്തിന് ഉണ്ടായിരുന്ന 100 എൻജിനിയർമാരിൽ 20 പേർ വനിതകളായിരുന്നു. കപ്പൽ നിർമാണത്തിന് ഉപയോഗിച്ച ഭൂരിഭാഗം അസംസ്കൃത വസ്തുക്കളും തദ്ദേശീയ കമ്പനികൾ നിന്നുമാണ്.
13 വർഷത്തെ നിർമാണ വേളയിൽ അവസാന രണ്ടുവർഷം കോവിഡ് പ്രതിസന്ധിയിലും നിർമാണം നിർത്തിവെക്കാതെ ഉള്ള കഠിന പരിശ്രമത്തിലാണ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്.