കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി

കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി

KSRTC 12 hour duty

കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ - ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിൻ അംഗീകരിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയിൽ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ടിഡിഎഫും ഐഎൻടിയുസിയും സര്‍ക്കാര്‍ നയത്തെ എതിർത്തു. ശമ്പളം വിതരണം, യൂണിയൻ പ്രൊട്ടക്ഷൻ, ഡ്യൂട്ടി പരിഷ്കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവൻകുട്ടിയും ആൻ്റണി രാജുവും വ്യക്തമാക്കി. തൊഴിലാളികളോട് അടിച്ചമര്‍ത്തൽ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകൾക്ക് തയ്യാറാണെന്നും തൊഴിൽ മന്ത്രി ശിവൻകുട്ടി അറിയിച്ചു. 

സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനായ ടിഡിഎഫ് അറിയിച്ചു. ജീവനക്കാരുടെ ശമ്പളം മനപൂര്‍വ്വം തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണെന്നും പരിഷ്കാരമെന്ന പേരിൽ നടപ്പിലാക്കുന്നത് പരസ്പര വിരുദ്ധ നടപടികളാണെന്നും കെഎസ്ആര്‍ടിസി സിഎംഡി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ച നിരാശജനകമായിരുന്നുവെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു. 12 മണിക്കൂർ ജോലി ചെയ്താൽ മാത്രം ശമ്പളം എന്നത് അംഗീകരിക്കാൻ ആവില്ലെന്നും സ്റ്റിയറിങ് ഡ്യൂട്ടി എന്ന പ്രയോഗം തൊഴിൽ നിയമത്തിന് വിരുദ്ധമാണെന്നും ഇതിനു മുഖ്യമന്ത്രി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

Leave a Reply