കുഴികളിൽ ജീവൻ പൊലിയുന്നവർ

കുഴികളിൽ ജീവൻ പൊലിയുന്നവർ

Pathetic roads in our country Those who lost their lives by falling into potholes on the road poor road facilities in our state Streisand media editorial aneesh thakadiyil

ആഗസ്റ്റ് ആറാം തീയതി വെള്ളിയാഴ്ച രാത്രി എറണാകുളം ജില്ലയിലെ പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം,  രാത്രി പതിവുപോലെ ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങി. പക്ഷെ അദ്ദേഹം വീടെത്തിയില്ല. രാത്രി 10.30 ന് നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്‌കൂളിന് മുന്‍പിലെ  ഭീമൻകുഴിയിലേക്ക് അദ്ദേഹം തെറിച്ചുവീണു. ഈ സമയം പിറകില്‍ നിന്നും വന്ന വാഹനം ദേഹത്ത് കയറിയിറങ്ങി അദ്ദേഹം മരിച്ചു. ഇത് അടുത്തിടെ നടന്ന സംഭവമായതുകൊണ്ട് ഇവിടെ പ്രതിപാദിച്ചുവെന്നേയുള്ളൂ. പറയാനാണെങ്കിൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. 

ഓരോ അപകടവും വരുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ റോഡുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും അവകാശവും ആർക്കെന്നു തിരയും. തലപ്പത്തിരിക്കുന്നവരും അവരെ പിന്താങ്ങുന്നവരും പരസ്പരം പഴിചാരും. ദേശീയപാതയായാലും സംസ്ഥാനപാതയായാലും കുഴികളിൽ വീഴുമ്പോൾ പൊലിയുന്നത് മനുഷ്യജീവനാണ്. നമ്മുടെ നാട്ടിലെ  റോഡുകളിലെ കുഴികളെച്ചെ‍ാല്ലിയുള്ള ആരോപണങ്ങളും   അവകാശങ്ങളുമൊക്കെ  അവിടെയിരിക്കട്ടെ. എത്രയും പെട്ടെന്ന്  കുഴികളടച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനെക്കുറിച്ചല്ലേ പൊതുസമൂഹം ആദ്യം ചർച്ച ചെയ്യേണ്ടത്.   

ആളുകള്‍ യാത്ര തിരിച്ചാല്‍ മടങ്ങിയെത്തുമോയെന്ന്  ഒരു ഉറപ്പും  പറയാനാവാവാത്ത സാഹചര്യമാണ്  ഈ നാട്ടിലുള്ളതെന്ന് പറഞ്ഞത് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പരാമർശം നടത്തിയത്. ഒരു നെടുവീർപ്പോടെയല്ലാതെ, കോടതി പറഞ്ഞത് വായിക്കാനാവില്ല. തിരക്കേറിയ റോഡ്, അനുദിനം പെരുകുന്ന വാഹനങ്ങൾ, ദിനംപ്രതി വലുതാകുന്ന കുഴികൾ. ഇതൊക്കെക്കണ്ട് കണ്ണടയ്ക്കുന്നതെങ്ങനെ? ഇത് കേവലം കേരളത്തിന്റെ കാര്യം മാത്രമല്ല. ഇന്ത്യയിൽ മൊത്തം, കുഴികളിൽ വീണ് അപകടത്തിൽ പെട്ട്  മരിച്ചവരുടെ കണക്കുകൾ ഭീതി ജനിപ്പിക്കുന്നതാണ്.  2016 മുതൽ 2020 വരെ ഈ രാജ്യത്ത്  റോഡിലെ കുഴികളിൽ വീണ്  2300 പേർ മരിച്ചതായി കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. ഇത് മരിച്ചവരുടെ കണക്കു മാത്രമാണ്. ഓരോ വർഷവും കുഴികളിൽ വീണ്  രാജ്യത്ത് 5800ലേറെ അപകടങ്ങൾ ഉണ്ടാവാറുണ്ട്.  കോവിഡ്  കാരണം രാജ്യം മുഴുവൻ അടച്ചിട്ട 2020 ൽ 1471 ജീവനാണ് പൊലിഞ്ഞത്.  കേരളത്തിൽ മൂന്നര വർഷത്തിനിടെ വാഹനങ്ങൾ കുഴികളിൽ വീണ് 15 പേർ  മരിച്ചു.  ഇതിൽ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരാണ്. ആജീവനാന്തം കുഴികൾ നിറഞ്ഞ റോഡിലൂടെ യാത്രചെയ്ത്  നട്ടെല്ലുതകർന്നവർ വേറെയും. 

റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ ടോൾ പിരിക്കാനാവുമോയെന്ന്  ഈ വിഷയം പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറി കോടതിയോട് ചോദിച്ചിരുന്നു. ദേശീയപാത അതോറിറ്റി ഇതിന് ഉത്തരം പറയണമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. കുഴികൾ 'മനുഷ്യനിർമ്മിത ദുരന്ത'ങ്ങളെന്നാണ് കോടതി വിശേഷിപ്പിച്ചത്. അങ്ങനെയാണെങ്കിൽ കുഴികളിൽ വീണ് ആരും മരിക്കുകയല്ല, അവരെ മരണക്കയത്തിലേക്ക്  തള്ളിവിടുകയാണ് അധികാരികൾ ചെയ്യുന്നത്. മാറിമാറി വരുന്ന മൺസൂണും ന്യൂനമർദ്ദവും  റോഡുപണിക്ക് തടസം നിൽക്കുന്ന കാര്യം കാണാതെ പോകുന്നില്ല.  പക്ഷേ  സമയാസമയങ്ങളിൽ കുഴികൾ  നികത്താത്തതുകൊണ്ടുതന്നെയാണ് അത് പാതാളക്കുഴികളാവുന്നതും മരണക്കിണറാവുന്നതും. 

കുഴികളെച്ചൊല്ലിയുള്ള രാഷ്ട്രീയത്തെ അതിന്റെ വഴിക്കുവിടുന്നു. പക്ഷേ  സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശം ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കുമുണ്ട്. അപകടമൊന്നും കൂടാതെ തിരികെ വീടെത്താനുള്ള  അവകാശമുണ്ട്. പൗരധർമ്മം പോലെ തന്നെ പ്രധാനമാണ് പൗരന് കിട്ടേണ്ട  അവകാശങ്ങളും. അധികാരികൾ കണ്ണുതുറന്നേ മതിയാകൂ. 

അനീഷ് തകടിയിൽ 
ചീഫ് എഡിറ്റർ

Leave a Reply