പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു അന്ത്യം. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്താണ് അഭിരാമിക്ക് കടിയേറ്റത്. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ വെള്ളിയാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹർജിക്കാരൻ അറിയിക്കുകയായിരുന്നു. പേവിഷബാധയ്ക്കെതിരെയുള്ള വാക്‌സിൻ എടുത്തിട്ടും 12 വയസുകാരി മരിച്ച സംഭവം അഭിഭാഷകൻ കോടതിയെ അറിയിച്ചു.