സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു. ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. വിവാദ ബിൽ ബുധനാഴ്‌ച അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാദ്ധ്യതയില്ല. ഒപ്പിടാതെ തീരുമാനം നീട്ടാൻ ഗവർണർക്കാകും. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ അയയ്ക്കാനും ഗവർണർക്ക് സാധിക്കും. അസാധാരണ സാഹചര്യത്തിലാണ് പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചത്. പത്ത് ദിവസത്തെ പ്രത്യേക സമ്മേളനത്തിനാണ് തുടക്കമായത്. സ്വാതന്ത്യത്തിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായും ഇന്ന് നടക്കുന്നത്. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് പതിനൊന്ന് ഭേദഗതികൾ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സഭാസമ്മേളനം ചേർന്നത്. നിയമനിർമാണത്തിനായി ഒക്ടോബർ, നവംബർ മാസങ്ങളിൽ സഭ ചേരാനായിരുന്നു നേരത്തേയുള്ള ധാരണ. എന്നാൽ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് സമ്മേളനം നേരത്തെ തന്നെ ആരംഭിച്ചത്. 25, 26 തിയതികളിൽ നിയമസഭ ഉണ്ടാകില്ല.
