അറിയുന്തോറും ആഴം കൂടുന്നതാണ് അറിവ്. അടുത്തുള്ളതും അകലെയുള്ളതുമായ അറിവിനെ കൈപ്പിടിയിലൊതുക്കാനുള്ള നിരന്തര ശ്രമമാണ് വേണ്ടത്. വിരൽത്തുമ്പിൽ എല്ലാം കിട്ടുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അറിവ് നേടുക പ്രയാസമുള്ള കാര്യമല്ല. എന്നാൽ കൈത്തുമ്പിലെത്തുന്ന അറിവിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. നേരിനെ നേരായിത്തന്നെ നേരത്തെ അറിയുകയാണ് വേണ്ടതും. ഏറ്റവും സ്നേഹത്തോടെ അഭിമാനത്തോടെ 'സ്ട്രൈസാൻഡ് മീഡിയ' എന്ന ഓൺലൈൻ മാധ്യമം നിങ്ങളിലേക്ക് ഇറങ്ങുകയാണ്. ഇതുവായിക്കുമ്പോൾ ചിലരുടെയെങ്കിലും നെറ്റി ചുളിയുമെന്ന് ഞങ്ങൾക്കറിയാം. ആദ്യം ചിന്തിക്കുന്നത് ഈ പേരിനെക്കുറിച്ചാവും.
ഒരു വിവരം മറച്ചുവയ്ക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കുന്നതുമൂലം അക്കാര്യം പരക്കെ അറിയപ്പെടുക എന്ന ഉദ്ദേശിക്കാത്ത ഫലമുണ്ടാകുന്നതിനെയാണ് 'സ്ട്രൈസാൻഡ് പ്രഭാവം' എന്നുവിളിക്കുന്നത്. ഒരു കാര്യം നിരോധിക്കുകയോ സെൻസർ ചെയ്യുകയോ ചെയ്യുന്നത് അതിനോടുള്ള താല്പര്യം കൂട്ടും എന്ന പൊതു തത്വം തന്നെയാണിത് . സാധാരണഗതിയിൽ ഇന്റർനെറ്റിലൂടെയാണ് ഈ വിവരം പരക്കുന്നത്. എണ്ണമറ്റ അച്ചടി ദൃശ്യ ശ്രവ്യ നവ മാധ്യമങ്ങൾ ഉള്ള ഈ നാട്ടിൽ എന്തുമാറ്റമാണ് നിങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്നാവും അടുത്ത ചോദ്യം. മാറ്റം കൊണ്ടുവരികയല്ല ഞങ്ങളുടെ ലക്‌ഷ്യം. പകരം വാർത്തയെ വാർത്തയായിത്തന്നെ കലർപ്പില്ലാതെ നിങ്ങളിലേക്ക് എത്തിക്കുക എന്ന മാധ്യമധർമ്മം; അതുമാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം.
വൈവിധ്യം നിറഞ്ഞ കാഴ്ചകൾ തേടിയും ആഴത്തിലുള്ള അറിവുകൾ ഏകോപിപ്പിച്ചുമാണ് സ്ട്രൈസാൻഡ് മീഡിയ നിങ്ങളിലേക്ക് എത്തുന്നത്. വാർത്തകളോടൊപ്പം വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, വിദഗ്ധരുടെ കുറിപ്പുകൾ എന്നിവയും ഇവിടെയുണ്ടാവും. കുട്ടികൾക്ക് ആവശ്യമായ ലേഖനങ്ങളും മാർഗനിർദേശങ്ങളും പ്രഗത്ഭരായ മനഃശാസ്ത്രവിദഗ്ധരുടെ ലേഖനങ്ങളിലൂടെ പ്രസിദ്ധീകരിക്കും . വായന അന്യംനിന്നു പോകുന്ന ഇക്കാലത്ത് പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കൃതികൾ വായനക്കാരിലേക്ക് എത്തിക്കുന്നതിനുമായി സാഹിത്യ പംക്തികളും ഇതോടൊപ്പം ഞങ്ങൾ നൽകുന്നു.
കാലത്തിനു നേരെ തുറന്നുവച്ചിരിക്കുന്ന കണ്ണും നേരിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയുമാകണം ഓരോ വാർത്തയും. അത് ഞങ്ങൾ ഉറപ്പു തരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് ആണ്ടുകൾ പിന്നിടുന്ന ഈ രാജ്യത്ത് മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ജനാധിപത്യത്തിന്റെ കാവൽനായ്ക്കൾ എന്ന് അഭിമാനത്തോടെ പറയാനും അതിനായി പ്രവർത്തിക്കാനും മാധ്യമങ്ങൾ ശ്രമിക്കാറുമുണ്ട്. എന്നാൽ സ്ഥാപിത താല്പര്യങ്ങളും കച്ചവടചിന്തകളും രാഷ്ട്രീയ പക്ഷപാതവും മാധ്യമങ്ങളിൽ മൂല്യച്യുതി വരുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരിൽ കുറച്ചുപേരെയെങ്കിലും പൊതുജനം പുച്ഛത്തോടെ കാണുന്നെങ്കിൽ അതിനുത്തരവാദി അവർ തന്നെയാണ്.
ഒന്നു ഞങ്ങൾ ഉറപ്പുതരുന്നു. സ്ട്രൈസാൻഡ് മീഡിയയിലൂടെ ഒരു വ്യാജവാർത്ത നിങ്ങളിലേക്ക് എത്തില്ല. അപകീർത്തിപരമായതും നാടിനെ പിന്നോട്ടടിക്കുന്നതുമായ ഒരു വാർത്ത ഞങ്ങൾ പ്രസിദ്ധീകരിക്കില്ല. ശാസ്ത്രവിരുദ്ധമായതും അന്ധവിശ്വാസം പരത്തുന്നതുമായ വിവരങ്ങൾക്ക് വളക്കൂറുള്ള ഇടമായിരിക്കില്ല ഇവിടം. വ്യവസ്ഥിതികളിലെ ദുഷിപ്പുകളോട് നിരന്തരം കലഹിക്കാൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങളോടൊപ്പം നിങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയോടെ സ്ട്രൈസാൻഡ് മീഡിയയെ നിങ്ങൾക്ക് തരുന്നു.
സ്നേഹത്തോടെ
ചീഫ് എഡിറ്റർ