വൃത്തിയേറിയ പഞ്ചാരമണലും നേർത്ത തിരമാലകളമുള്ള നീണ്ട കടൽത്തീരത്തിരുന്ന് എരിവേറിയ കടൽ വിഭവങ്ങൾ ബിയറിനൊപ്പം നുണഞ്ഞിറക്കുന്നതൊ , ട്രക്കിങ് ചെയ്ത മലമുകളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതൊ ഒക്കെ സ്വപ്നം കാണുന്നവരാണങ്കിൽ നിങ്ങൾക്കായി സഞ്ചാരികളുടെ പറുദീസയായ ഗോവ കാത്തിരിക്കുന്നു
പശ്ചിമഘട്ടത്തിൽ നിന്നും അറബിക്കടലിലേക്ക് പരശുരാമൻ അമ്പെയ്തു നേടിയതാണ് ഗോവ എന്നതാണ് ഐതിഹ്യം. കേരളപ്പിറവിയുമായി സാമ്യം തോന്നുന്നെങ്കിൽ തെറ്റിദ്ധരിക്കേണ്ട രണ്ടു കഥയും ബ്രാഹ്മണരാൽ നിർമ്മിക്കപ്പെട്ടത് തന്നെയാണ്. ബ്രാഹ്മണ ദാനമാണ് ഈ ഭൂമി എന്ന് വ്യംഗ്യമായി പറയുന്ന രീതി
കേരളവുമായ് അതിർത്തി പങ്കിടുന്നില്ലങ്കിലും ഭൂപ്രകൃതി , കാലാവസ്ഥ, സമുദ്രസാമീപ്യം, എന്നിവയിലൊക്കെ വല്ലാത്ത സാദൃശ്യം പുലർത്തുന്നതാണ് ഗോവ. പോർച്ചുഗീസുകാരുടെ നാലര നൂറ്റാണ്ടുകാലത്തെ ഭരണ സാമീപ്യം ഉണ്ടാക്കിയ സാംസ്കാരിക വ്യത്യാസങ്ങൾ മാത്രമാണ് പറയത്തക്ക മാറ്റങ്ങളായി എടുത്തു പറയാവുന്നത് .
മധ്യകാല ഗോവയെ കുറിച്ചുള്ള അറിവ് 300 bc യിൽ ചന്ദ്രഗുപ്തമൗര്യൻ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചതിൽ തുടങ്ങുന്നു. മകനായ അശോക ചക്രവർത്തിയുടെ കാലശേഷം മൗര്യസാമ്രാജ്യം തകരുകയും കഡംബ സാമ്രാജ്യം ഉടലെടുക്കുകയുണ്ടായി അതിന്റെ തകർച്ചയെ തുടർന്ന് ചാല്യൂക്യർ ഗോവ ഭരിച്ചിരുന്നു ഇതാണ് മധ്യകാല ഗോവാ ചരിത്രം
പതിനാലാം നൂറ്റാണ്ടിൽ തന്നെ സമുദ്രസാമീപ്യത്താൽ മധ്യ കിഴക്കൻ ഏഷ്യയുമായി കച്ചവട ബന്ധം പുലർത്തിയിരുന്ന ഗോവ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിലൂടെ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരുന്നു
ഏകദേശം ആ കാലയളവിൽ തന്നെ ഇന്നത്തെ മഹാരാഷ്ട്രയിലെ ചില രാജവംശങ്ങൾ ഗോവയെ ഭരിക്കാൻ ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 1510 ഓടു കൂടി കച്ചവടത്തിനായ് പോർച്ചുഗീസുകാർ ഗോവയിൽ എത്തുകയും പതുക്കെ ഭരണ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. ഏകദേശം നാലു നൂറ്റാണ്ട് നിലനിന്ന കിരാതന ഭരണത്തിന്റെ തുടക്കമായിരുന്നത്.
പതിനാറാം നൂറ്റാണ്ടോടു കൂടി പോർച്ചുഗീസുകാരും ഗോവയിലേക്ക് എത്തുന്നു ഗോവയിലെ ക്രിസ്തുമത ചരിത്രവും ഏകദേശം ഇവരുടെ ആഗമനത്തോടുകൂടിയാണ് ആരംഭിക്കുന്നത്. സ്പെയിൻകാരനായ സെൻറ് ഫ്രാൻസിസ് സേവിയർ എന്ന വിശുദ്ധന്റെ അഴുകാത്ത ശരീരമുള്ള ഓൾഡ് ഗോവ ചർച്ച പ്രശസ്തമാണല്ലോ.
കൃസ്തുമതത്തിലേക്ക് മതം മാറിയവർ രഹസ്യമായി പഴയ മത രീതികൾ ആരാധിക്കുന്ന ണ്ടങ്കിൽ അവരെ വിചാരണ ചെയ്യുവാൻ 1560 ൽ ഗോവയിൽ പോർച്ചുഗീസുകാരാൽ സ്ഥാപിതമായ ഹോളി ഓഫീസ് കുപ്രസിദ്ധമാണല്ലോ.
ബലാൽക്കാരമായോ ചില സ്വാധീനങ്ങളിലൂടെയോ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ രഹസ്യമായി അവരുടെ പഴയ മതത്തെ ആരാധിക്കുകയോ അല്ലെങ്കിൽ ആചാരരീതികൾ പിന്തുടരുകയാ ചെയ്യുന്നുണ്ടെങ്കിൽ അവരെ അതിക്രൂരമായ് പീഢിപ്പിക്കുകയും പരസ്യമായ് കത്തിച്ചും തൂക്കിലേറ്റിയും ഭീതിയുടെ വിഷവിത്തുകൾ വിതറിയുമാണ്ണ് ക്രിസ്തുമതം പടർന്നു പന്തലിച്ചത് . ലോകത്തിലിന്ന് സമാധാനത്തിന്റെ മതമെന്നറിയപ്പെടുന്ന ക്രിസ്തു മതത്തിന്റെ കറുത്ത ക്രൂര മുഖമാണ് ഇതിലൂടെ നമുക്കു വെളിവാക്കുന്നത്.
1739 ൽ മറാത്ത വംശം ആക്രമിക്കുകയും ചില പ്രദേശങ്ങളിൽ ഭരണസ്വാധീനം ഉറപ്പിക്കുകയും ചെയ്തുവെങ്കിലും താമസിയാതെ പോർച്ചുഗീസുകാർ അവരുടെ സ്വാധീനം തിരികെ പിടിക്കുന്നു, ഇതാണ് ഗോവയുടെ ഏകദേശ ചരിത്ര കഥകൾ
3780 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗോവ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ആണെങ്കിൽ കൂടിയും 101 കിലോമീറ്ററോളം സമുദ്രതീരം സ്വന്തമായുണ്ട് . തലസ്ഥാനമായ പനാജിയാകട്ടെ മണ്ഡോവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു
ഔദ്യോഗിക ഭാഷ കൊങ്കണി ആണെങ്കിലും ഹിന്ദി, മറാത്തി , ഇംഗ്ലീഷ് എന്നിവയും ഇവിടത്തുകാർ അനായസേന ഉപയോഗിക്കുന്നു . 18 ലക്ഷത്തോളം ജനങ്ങളുള്ള ഗോവയിൽ 70 ശതമാനത്തോളം ഹിന്ദുക്കളും 25 ശതമാനത്തോളം ക്രിസ്ത്യാനികളുമാണ്.
നോർത്ത് ഗോവ സൗത്ത് ഗോവ എന്നീ രണ്ട് ജില്ലകൾ മാത്രമുള്ള ഗോവയുടെ പ്രധാന ജല സ്രോതസ്സുകൾ മണ്ഡോവി ,സുവാരി, മാപ്പുസാ , ചപ്പോറ , ബീതുൽ തുടങ്ങിയ നദികളാണ്.
ഗോവയുടെ വടക്ക് മഹാരാഷ്ട്രയും തെക്കും കിഴക്കും കർണാടകയും പടിഞ്ഞാറ് അറബിക്കടലുമാണ്. കാലാവസ്ഥയിൽ ഇത്രയേറെ കേരളവുമായി സാദൃശ്യം പുലർത്തുന്ന വേറൊരു സംസ്ഥാനമില്ല തന്നെ. ഇവിടത്തെ പ്രധാന വിളകൾ നെല്ല് , തെങ്ങ് , കവുങ്ങ്, . കശുമാവ് ,വാഴ എന്നിവയാണ്. മഡ്ഗാവിൽ നിന്നും പനാജിയിലേക്കുള്ള യാത്ര മധ്യേ ചെറിയ പഴങ്ങൾ, വെള്ളരിക്ക, പയർ തുടങ്ങിയവ കൃഷിത്തോട്ടത്തിൽ നിന്നും നേരിട്ടു വിൽക്കാൻ കൊണ്ടു് വച്ചിരിക്കുന്ന ഗോവൻ കർഷകരെ കാണാവുന്നതാണ്
തെരുവോര ഭക്ഷണശാലയ്ക്ക് പേര് കേട്ട ഗോവക്കാരുടെ പ്രധാന ഭക്ഷണം എരിവേറിയ കടൽവിഭവങ്ങളും ചോറും ആണെങ്കിലും വറുത്തു ഉരുളക്കിഴങ്ങും ഉലർത്തിയ കാളയിറച്ചിയും ചേർന്ന് രുചിയേറുന്ന വിഭവം സുലഭമായി ഇവിടെ കിട്ടാറുണ്ട് അതുപോലെതന്നെ മുട്ട പൊരിച്ചതിൽ തേങ്ങ അരച്ചുണ്ടാക്കുന്ന ഏരിവേറിയ കറിയും ചേർത്തുണ്ടാക്കുന്ന റാവോസ് ഓം ലെറ്റ് നമ്മുടെ വായിൽ കപ്പലോടിക്കുമെന്നതിൽ സംശയമില്ല തന്നെ.
ഗോവയുടെ പ്രധാന വരുമാന മാർഗ്ഗം തീർച്ചയായും ടൂറിസം തന്നെയാണ്. ഇന്ത്യയിൽ ഹിപ്പിയിസം ആരംഭിച്ചതു തന്നെ ഗോവയിലെ പ്രശസ്തമായ ബാഗാ ബീച്ചിലാണ്. ഗോവയിൽ നമ്മളെ പ്രധാനമായും ആകർഷിക്കുക ഗോവയിലെ മനോഹരമായ കടൽ ത്തീരങ്ങളും ചരിത്ര പ്രാധാന്യമുള്ള പുരാതന പള്ളികളും കോട്ടകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ്. ഗോവയിലെ ചില പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്താം
കല്ലങ്കോട് ബീച്ച്
ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പ്രധാനപ്പെട്ടതാണിത്. ബീച്ചുകളുടെ റാണി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ ബീച്ചിലെ തിരകളിൽ നീരാടാതെ ഗോവയുടെ ആസ്വാദനം പൂർണ്ണമാകില്ല തന്നെ. പനാജിയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരെയാണിത് .
ബാഗാ ബീച്ച്
കഡംബ എന്ന ഗോവയുടെ പ്രധാന ബസ് സ്റ്റാൻഡിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരെയാണിത് . നോർത്ത് ഗോവയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ ഈ കടൽ തീരം, ഗോവൻ സന്ദർശനത്തിൽ തീർത്തും ഒഴിവാക്കാനാവാത്തയത്ര മനോഹരമാണ് .
കോൾവ ബീച്ച്
ഗോവയിലെ ഏറ്റവും മനോഹരവും വൃത്തിയേറിയതുമായ ഈ കടൽ തീരം ഏറ്റവും വലുതും പഴക്കമേറിയതുമായതാണ് . ഏകദേശം 25 കിലോമീറ്ററോളം നീളത്തിൽ വെളുത്ത തരിമണലാൽ നിറഞ്ഞ ഈ തീരം തെങ്ങിൻതോപ്പുകൾ സമൃദ്ധമാണ്.
പനാജി
ഗോവയുടെ തലസ്ഥാനം എന്നതിലുപരി മണ്ഡോവി നദിയുടെ തീരത്തുള്ള ഈ നഗരം ചുവന്ന മേൽക്കൂരയുള്ള, ഇറ്റാലിയൻ ശില്പഭംഗിയുള്ള പുരാതന മനോഹര കെട്ടിടങ്ങളുടെ സമുച്ചയം കൂടിയാണ് .IIFK യുടെ സ്ഥിരം വേദിയായ പനാജി നമ്മെ ഹദാകർഷിക്കുമെന്നതിൽ സംശയമില്ല തന്നെ .
അഗോഡ ഫോർട്ട്
1612 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കോട്ടയുടെ പ്രാഥമിക ധർമ്മം മണ്ഡോവി നദിയിലേക്ക് മറാത്ത, ഡച്ച് സൈന്യം കയറാതെ സംരക്ഷിക്കുക എന്നതായിരുന്നു . സായംസന്ധ്യയിൽ ഒരു ഫോട്ടോഷൂട്ടിന് ഇതിനേക്കാൾ മികച്ച ഒരു സ്ഥലം ഗോവയിൽ വേറെ കാണില്ല. ഇവിടത്തെ ചരിത്രമുറങ്ങുന്ന ലൈറ്റ് ഹൗസ് ചരിത്ര കുതുകികൾക്ക് എക്കാലത്തേയും പ്രിയങ്കരങ്ങളായ് സ്ഥലങ്ങളിലൊന്നാണ് .
ബസിലിക്ക ഓപ് ബോം ജീസസ് അഥവാ ഓൾഡ് ഗോവ ചർച്ച്
ഗോവയിലെ unesco ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഓൾഡ് ഗോവ ചർച്ച് എന്നറിയപ്പെടുന്ന ഈ പള്ളി ഗോവയിലെ ഏറ്റവും പ്രശസ്തമായ സന്ദർശന ഇടങ്ങളിലൊന്നാണ്. പഴയപള്ളിയും, മ്യൂസിയവും, പുതിയ പള്ളിയും , ഫ്രാൻസിസ് വിശുദ്ധന്റ ശരീരവും ഒക്കെയായി സഞ്ചാരികളെയും ചരിത്രകുതുകികളയും ആകർഷിക്കുന്നതാണിത്.
ദൂതസാഗർ വെള്ളച്ചാട്ടം
മണ്ഡോവി നദിയിൽ സ്ഥിതി ചെയ്യുന്നതു ദൂത് സാഗർ പേരുപോലെതന്നെ പാലിന്റെ സാഗരമാണ് പല സിനിമകളിലും നമ്മൾ കണ്ടിട്ടുള്ള വെള്ളച്ചാട്ടം സാഹസിക യാത്രികർക്ക് തീർത്തും നല്ലൊരു അനുഭവം തന്നെയായിരിക്കും.
ഗോവൻ കാർണിവൽ
എല്ലാവർഷവും ഫെബ്രുവരിയിൽ നടക്കുന്ന മഹോത്സവമാണ് ഗോവൻ കാർണിവൽ. ന്യൂഇയർ ആഘോഷവും , കാർണിവലുമാണ് ഗോവയുടെ ദേശീയ മഹോത്സവങ്ങൾ എന്ന് വേണമെങ്കിൽ പറയാം ഈ ദിനരാത്രങ്ങൾ ഗോവൻ ജനത ആഘോഷത്തിന്റേതാക്കി മാറ്റുന്നു.
ഇതെല്ലാം വായിച്ചിട്ട് ഗോവയിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൊങ്കൺ റൂട്ടിൽ ഓടുന്ന എല്ലാ ട്രെയിനും മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിർത്താറുണ്ട് . വിമാനമാർഗം പോകാൻ ആഗ്രഹിക്കുന്നവർക്ക് ഡബോളി വിമാനത്താവളത്തിലേക്ക് ഇന്ത്യയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങൾ നിന്നും സർവീസ് ഉണ്ട് . റോഡുമാർഗം യാത്രചെയ്യാൻ ആണെങ്കിൽ അവിസ്മരണീയമായ റോഡുയാത്ര നിങ്ങൾക്കായി കാത്തിരിക്കുന്നു. കൊങ്കൺ ദേശത്തിലൂടെയുള്ള ട്രയിൻ - റോഡ് യാത്രകൾ പച്ചപ്പിന്റെ കാഴ്ചകളാൽ നയന മനോഹരമായിരിക്കും.
ഗോവൻ യാത്രയ്ക്കായ് ചില ടിപ്സ്
1. ട്രയിനിൽ പോകുന്നതാണ് സൗകര്യവും ചിലവു കുറഞ്ഞതും
2 . മഡ്ഗാവിലിറങ്ങുന്ന നിങ്ങൾക്ക് കാർ , ബൈക്ക് എന്നിവ വാടകയ്ക്ക് എടുക്കാൻ കഴിയുമെങ്കിലും പനാജിയിൽ നിന്നെടുക്കുന്നതാകും സൗകര്യം .
3. പനാജിയിൽ താമസ സൗകര്യം നോക്കുന്നതാണ് സൗകര്യം കാരണം ബീച്ചുകളുടെ സാമീപ്യവും ചിലവു കുറവും .
4. രുചിയേറിയ ആഹാരത്തിനായ് ബാറുകളെ തന്നെ ആശ്രയിക്കേണ്ടി വരുമെങ്കിലും ഗതാഗത നിയമങ്ങൾ കർശനമായതിനാൽ ഡ്രൈവർ ലഹരി ഉപയോഗിക്കരുത് .