സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഗവർണർ നൽകാറുള്ള വിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ഇക്കുറിയും ഒഴിവാക്കി. വിരുന്നിനായി മാറ്റിവെച്ച തുക മുഴുവൻ സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ ഗവർണർ തീരുമാനിച്ചു. പ്രളയം, കൊറോണ തുടങ്ങിയവ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പതിവ് മുടങ്ങിയിരുന്നു.
മുഖ്യമന്ത്രി, മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവർക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് സാധാരണയായി വിരുന്ന് നൽകാറുള്ളത്. ശക്തമായ മഴ കാരണം ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവൻ അറിയിച്ചു.ഈ തീരുമാനത്തിന് ഗവർണറും സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസവുമായി ബന്ധമില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.
