എഴുത്തുകാരനാണ് ഇവിടെ യഥാർത്ഥ സീരിയൽ കില്ലർ..!!
നിനക്ക് നിന്നെക്കുറിച്ച് പറയാനുള്ളതാവില്ല ഉറപ്പായും നിന്റെ പ്രിയർക്ക് നിന്നെക്കുറിച്ച് പറയാനുണ്ടാവുക. നന്മയുടെയും പ്രണയത്തിന്റെയും പ്രതിഭയുടെയും സർഗാത്മകതയുടെയും കല്ലുകളാൽ നിന്നെ നീ കെട്ടി പോക്കും. സഹാനുഭൂതിയുടെ സഹനത്തിന്റെ ദുർവിധിയുടെ നിസ്സഹായതയുടെ കടുംവർണ്ണങ്ങളാൽ ഉള്ളിൽ തൊടും വിധം നിർമ്മിതി നീ പ്രശോഭിതമാക്കും. പക്ഷേ നിന്റെ പ്രിയർ നിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി നീ കെട്ടിപ്പൊക്കിയ നിന്നെ അപനിർമ്മിക്കും..!
തിരുവിതാംകൂർ ജനിച്ച് മലബാറിൽ വളർന്ന അരവിന്ദന്റെ ജനനം മുതലുള്ള അയാളുടെ 50 ആണ്ടുകളുടെ പകർത്തൽ എന്നതിലുപരി, അരവിന്ദനെക്കുറിച്ചുള്ള നരേറ്റീവുകളുടെ സമാഹാരം എന്ന വിധത്തിലാണ് 'ഒരാൾ ജാഥ' എന്ന നോവൽ വ്യത്യസ്തമാകുന്നത്.
'ഒരാൾ ജാഥ'യെ നമുക്ക് കൃത്യമായി രണ്ടായി പകുത്തെടുക്കാനാവും. ആദ്യഭാഗം അരവിന്ദന്റെ നരേറ്റീവ് അഥവാ അരവിന്ദന്റെ നിർമ്മിതി. രണ്ടാം ഭാഗം അരവിന്ദന്റെ ചിരപരിചിതരുടെ നരേറ്റീവുകളാണ്, അഥവാ അരവിന്ദന്റെ അപനിർമ്മിതികൾ (നോവൽ പ്രത്യക്ഷത്തിൽ രണ്ടായി പകുത്തിട്ടില്ല ). ആദ്യ ഭാഗത്തിന്റെ അധ്യായ വിന്യാസത്തിന് ഒരു സിനിമാറ്റിക് ഘടനയുണ്ട്. വർത്തമാനത്തിൽ സഞ്ചരിക്കുന്ന അധ്യായങ്ങളും അരവിന്ദന്റെ ഭൂതകാലവും ഇടകലർന്ന വിധത്തിലാണ്.
അരവിന്ദനെക്കുറിച്ചുള്ള രണ്ട് ചോദ്യങ്ങളുടെ ഉത്തരം അന്വേഷിച്ചാണ് എഴുത്തുകാരൻ വായനക്കാരെ ഒപ്പം കൂട്ടുന്നത്.
"അപരിചിതർ ചിരപരിചിതരും
ചിരപരിചിതർ അപരിചിതരുമായി മാറുന്ന കാലം കണ്ടിട്ടുണ്ടോ?" എന്നതാണ് പ്രസക്ത ചോദ്യം.
വർത്തമാനത്തിലെ അധ്യായങ്ങളിൽ അരവിന്ദൻ ഒരു വെബ്ചാനൽ ഹെഡാണ്. അയാൾ അതിലെ വെബ്സീരീസിന് വേണ്ടിയുള്ള നല്ല തിരക്കഥ തിരയുകയാണ്. ഒടുവിൽ ഒരു സീരിയൽ കില്ലറുടെ കഥയിൽ ഉടക്കുന്നു. ജീവിതത്തിൽ പരാജയപ്പെട്ടവരെ കൊല്ലുന്ന ഒരു സീരിയൽ കില്ലർ. വെബ്സീരീസിന്റെ കഥയും നരേഷന്റെ ഭാഗമാകുന്നു.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും പരാജയപ്പെട്ടുവെന്ന് സ്വയം വിലയിരുത്തുന്നു അരവിന്ദൻ. പ്രണയത്തിൽ, ഫുട്ബോളിൽ, പത്രപ്രവർത്തനത്തിൽ, തിരക്കഥയിൽ ഒക്കെയും താനൊരു പരാജിതൻ എന്ന വിധത്തിലാണ് അരവിന്ദന്റെ നരേഷൻ. പരാജിതരെ തിരഞ്ഞു വധിക്കുന്ന സീരിയൽ കില്ലറുടെ അടുത്ത ഇര താൻ ആയേക്കുമെന്ന് കരുതി അയാൾ കഥയ്ക്ക് പുറത്ത് ഞെട്ടുന്നുണ്ട്. എങ്കിലും എല്ലാറ്റിലും ജയിക്കാൻ പ്രാപ്തനായിരുന്നു താനെന്ന ധ്വനികൾ കഥയിലുടനീളം ഉണ്ട്.
അരവിന്ദന്റെ നരേറ്റീവിന് നേരെ എതിരെ ഒഴുകുന്ന നരേറ്റീവുകളാണ് അരവിന്ദന്റെ ചിരപരിചിതർ നടത്തുന്നത്. അതിലൂടെയാണ് അരവിന്ദന്റെ അപനിർമ്മിതി. അവ ആ കഥാപാത്രത്തെ ഉടച്ചു കളയുകയും അരവിന്ദന്റെ നരേറ്റീവിന് മുന്നിലെ ചോദ്യങ്ങളാവുകയും ചെയ്യുന്നു. ഇത് രസകരമായ ഒരു പരീക്ഷണമാണ്.
അരവിന്ദന്റെ നിർമ്മിതിക്കും ചിരപരിചിതരുടെ അപനിർമ്മിതിക്കും ഇടയിൽ എവിടെയോ ആവാം സത്യം. അത് വായനക്കാരൻ തന്നെ യുക്തിയാൽ തിരഞ്ഞ് കണ്ടെത്തേണ്ടിവരും.
നീണ്ട ഒരു കാലത്തെ സാമൂഹ്യ- രാഷ്ട്രീയ അടയാളങ്ങൾ ഏച്ചുകെട്ടലുകൾ ഇല്ലാതെ നോവലിൽ വായിക്കാം. ഇന്ദിരാഗാന്ധിയെ വെറുക്കുന്ന വിഎസിനെ സ്നേഹിക്കുന്ന ഈച്ചരവാര്യരുടെ കണ്ണീരിന്റെ ഉഷ്ണം അറിയുന്ന എം.വി.രാഘവന്റെയും കെ.ആർ.ഗൗരിയമ്മയുടെയും പുറത്താക്കലുകളിൽ ഞെട്ടുന്ന അരവിന്ദൻ.
കഥാപാത്ര കേന്ദ്രീകൃതമായ കഥകൾ രണ്ടുവിധത്തിലാവും നമ്മളെ വലിച്ചടുപ്പിക്കുക. കഥാപാത്രത്തിന്റെ ജീവിതം നമുക്ക് റിലേറ്റ് ചെയ്യാനായാൽ വായനക്കാരൻ സ്വയം നായകത്വം ഏറ്റെടുത്താവും വായിച്ചു കയറുക. മറ്റ് ചില കഥകളിൽ എഴുത്തുകാരനെ ആവും നമ്മൾ കേന്ദ്രകഥാപാത്രമായി സങ്കൽപ്പിക്കുക. അരവിന്ദൻ പത്രപ്രവർത്തകനും കഥാകാരനും തിരക്കഥാകാരനും വെബ്ചാനൽ തലവനുമായി വരുന്നതിനാൽ എഴുത്തുകാരനെ അരവിന്ദനായി സങ്കൽപ്പിക്കാൻ ഉള്ള സാധ്യത വായനക്കാരിൽ കൂടുതലാണ്. അപ്പോൾ സ്വാഭാവികമായി എഴുത്തിൽ കേന്ദ്രകഥാപാത്രത്തെ വിഗ്രഹവൽക്കരിക്കാനുള്ള ഒരു തോന്നൽ എഴുത്തുകാരനിൽ ഉണ്ടാവാം. പക്ഷേ ഇവിടെ എഴുത്തുകാരൻ നിർദ്ദാക്ഷിണ്യം അരവിന്ദനെ അടിച്ചുടയ്ക്കുകയാണ്. വിഗ്രഹവൽക്കരണം എന്ന ആത്മരതിയിൽ നിന്നുള്ള എഴുത്തുകാരന്റെ ധൈര്യപൂർവ്വമുള്ള മോചനമാണ് ഇത്. അപനിർമ്മിതികളെ യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കാനുള്ള എഴുത്തുകാരന്റെ ചങ്കൂറ്റത്തിന് സർഗ്ഗാത്മകതയ്ക്ക് സലാം.
രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിച്ച് വായന ആരംഭിച്ച സുഹൃത്തുക്കളോട് ഒരു ചോദ്യം കൂടി, അരവിന്ദന്റെ ഒരാൾ ജാഥയിൽ അയാളിലെ പ്രണയിതാവിനെയും ഫുട്ബോളറേയും പ്രാസംഗികനേയും പത്രപ്രവർത്തകനേയും തിരക്കഥാകാരനേയും ചിരപരിചിതരുടെ അപനിർമ്മിതിയാൽ ഇല്ലാതാക്കാൻ നോക്കിയ എഴുത്തുകാരൻ തന്നെയല്ലേ യഥാർത്ഥ സീരിയൽ കില്ലർ..?