കൊറിയറിൽ എംഡിഎംഎ
മാരക മയക്കുമരുന്നായ എംഡിഎംഎ ചേരാനല്ലൂരിലെ സ്വകാര്യ കൊറിയർ ഏജൻസിയിൽ കൊറിയർ ആയി ലഭിച്ചു.18 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സംഭവത്തിനെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു.
വ്യായാഴ്ചയാണ് എടയാറിലെ എൻജിനിയറിങ് കമ്പനിയുടെ വിലാസത്തിലേക്ക് കൊറിയർ വന്നത്. കൊറിയർ ഏജൻസി ജീവനക്കാരൻ കമ്പനിയിലെ അധികൃതരോട് അന്വേഷിച്ചപ്പോഴാണ് കൊറിയറിൽ പേരുവച്ചിരിക്കുന്നതുപോലെ ആരും തന്നെ കമ്പനിയിൽ ജോലി ചെയ്യുന്നില്ല എന്ന് അറിയിച്ചത്. തുടർന്ന് അത് ആരുടെയാണെന്ന് അന്വേഷിക്കാൻ കമ്പനിയിൽ തന്നെ കൊറിയർ ഏൽപ്പിച്ച് ജീവനക്കാരൻ മടങ്ങി.
ശേഷം കമ്പനിയിലെ ആളുകൾ കൊറിയറിൽ ഉള്ള ഫോൺ നമ്പറിൽ ബന്ധപ്പെട്ടതിനെതുടർന്ന് രണ്ട് യുവാക്കൾ അവിടെ എത്തിയെങ്കിലും തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന് അവിടെ നിന്നും കടന്നുകളയുകയായിരുന്നു. കമ്പനി അധികൃതർ ജീവനക്കാരനെ വിളിച്ച് കൊറിയർ തിരികെ നൽകി. യുവാക്കൾ ജീവനക്കാരനെ വിളിച്ച് തങ്ങൾക്ക് കൊറിയർ തിരികെ നൽകണം എന്ന് പറഞ്ഞെങ്കിലും ജീവനക്കാരൻ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാതെ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി. തുടർന്ന് സംശയം തോന്നിയ ജീവനക്കാരൻ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് കൊറിയർ എത്തിച്ച് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ആണെന്ന് മനസ്സിലായത്. ഇതിനു ശേഷം യുവാക്കളെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സിസിടിവി ക്യാമറകൾ പരിശോധിച്ചും യുവാക്കൾ വിളിച്ച നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരുകയാണ്.