ആർത്തവ വേദന അറിഞ്ഞ് യുവാക്കൾ
കൊച്ചി ലുലു മാളിൽവെച്ച് ആർത്തവ ആരോഗ്യവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി 'ഫീൽ ദി പെയ്ൻ ' എന്ന ഇവൻ്റ് എറണാകുളം എം.പി ഹൈബി ഈഡൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കപ്പ് ഒഫ് ലൈഫിൻ്റെ ഭാഗമായ പരിപാടിയിൽ ഒരു സ്റ്റിമുലേറ്ററിൻ്റെ സഹായത്തോടെയാണ് ആർത്തവ വേദന സൃഷ്ടിച്ചത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം ഈ പരീക്ഷണം നടത്തി നോക്കി. ആർത്തവ വേദന അനുഭവിക്കുന്ന പുരുഷന്മാരുടെ പ്രതികരണം വളരെ വ്യത്യസ്തമായിരുന്നു. ചിലർ വേദന താങ്ങാൻ ആവാതെ നിലത്തുവീഴുന്നതും കാണാൻ കഴിഞ്ഞു.
ഹൈബി ഈഡനോട് ഈ സ്റ്റിമുലേറ്റർ താങ്കൾ ഉപയോഗിച്ചോ എന്നും വേദന ഉണ്ടായിരുന്നോ എന്നുമുള്ള ചോദ്യത്തിന് ഒരു തവണ ഉപയോഗിച്ചു എന്നും അത് വേദന എന്നല്ല നമ്മളെ അസ്സഹിനീയമായി പ്രകോപിപ്പിക്കുന്ന തരത്തിൽ വല്ലാത്തൊരു അനുഭവം ആണ് തരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും സ്ത്രീകൾ ഇത്രയും വേദന സഹിച്ചാണോ സാധാരണപോലെ പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും പുരുഷന്മാർ പറഞ്ഞു. ഈ വീഡിയോയ്ക്ക് ഓൺലൈനിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.