റോഡിലെ കുഴിക്ക് അപായ സൂചനയായി വെച്ച വാഴ കുലച്ചു
കോഴിക്കോട് മലയമ്മ പുത്തൂർ റോഡിലെ കുഴിയിൽ 8 മാസങ്ങൾക്ക് മുൻപ് വെച്ച വാഴ കുലച്ചു നില്ക്കുന്നത് കൗതുക കാഴ്ചയായി. റോഡിലെ കുഴിക്ക് അപായ സൂചനയായി ആണ് വാഴ വെച്ചത്. കുട്ടികളും,മുതിർന്നവരും,വാഹനങ്ങളും പോകുന്ന റോഡിലെ വലിയൊരു ഗർത്തം അപായമുണ്ടാക്കും എന്ന തിരിച്ചറിവിൽ നാട്ടുകാർ മന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഇല്ലാത്തതിനെ തുടർന്ന് വാഴ വെക്കുകയായിരുന്നു. വാഴ ഇപ്പൊൾ കുലച്ച് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കാറ്റും മഴയും വന്ന് പരിസരത്തെ തോട്ടങ്ങളിലെ വാഴ കൃഷി നശിച്ചെങ്കിലും റോഡിൽ നട്ട വാഴ ഒരു കേടുപാടും ഇല്ലാതെ ആരോഗ്യത്തോടെ നിലനിൽക്കുന്നു. റോഡ് ശെരിയാക്കി കിട്ടുക എന്ന ഉദ്ദേശത്തിൽ ഇത്തരത്തിൽ ക്രിയാത്മകമായ ഒരു പ്രതിഷേധത്തിന് രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയായിരുന്നു. കുലച്ചു നിൽക്കുന്ന വാഴക്കുല PWD ഓഫീസിലേക്ക് കൊടുക്കാനാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്. വാഴ വെച്ച് അത് കുലച്ചു നിൽക്കുന്ന സാഹചര്യത്തിൽ റോഡിലെ കുഴിയുടെ കാര്യത്തിൽ ഒരു പരിഹാരം സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നതാണ് അവരുടെ ആവശ്യം.