ഫിഫ ഖത്തര്‍ ലോകകപ്പിന് നവംബര്‍ 20ന് തുടക്കമാകും. ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കിടയില്‍ ആരാധകരുടെ ആവേശത്തിന് ആക്കം കൂട്ടിയാണ് ലോകകപ്പ് ഒരു ദിനം മുന്‍പേ തുടങ്ങുമെന്ന ഫിഫയുടെ പ്രഖ്യാപനം. ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ഫിഫ ഖത്തര്‍ ലോകകപ്പിന് തുടക്കമാകുന്നത്. 20ന് വൈകിട്ട് 7.00ന് അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത്. നേരത്തെ നവംബര്‍ 21 നായിരുന്നു ലോകകപ്പിന് തുടക്കമിടാന്‍ നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് ആതിഥേയരായ ഖത്തറിന്റെ മത്സരം ഉദ്ഘാടന മത്സരമാക്കിയത്.
എന്നാല്‍ അറബ് ലോകത്തെ പ്രഥമ ലോകകപ്പ് ആയതിനാല്‍ ആതിഥേയ രാജ്യമായ ഖത്തറിന്റെ ലോകകപ്പ് മത്സരം ആദ്യം തന്നെ ഒറ്റ ഇവന്റായി നടത്തണമെന്ന ഖത്തറിന്റെ ആവശ്യപ്രകാരമാണ് ഒരു ദിവസം മുന്‍പേ ലോകകപ്പ് തുടങ്ങാന്‍ ഫിഫ ബ്യൂറോ കൗണ്‍സില്‍ തീരുമാനിച്ചത് . നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക.
