ഒരു കാലഘട്ടത്തിന്റെ, ഭരണ ദൈർഘ്യത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എലിസബത്ത് അലക്‌സാൻഡ്ര മേരി എന്ന എലിസബത്ത് രാജ്ഞി വിടപറയുന്നത്. പതിനഞ്ചു ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ, പതിനഞ്ച് ഇന്ത്യൻ പ്രധാനമന്ത്രിമാരെ, പതിനാല് അമേരിക്കൻ പ്രസിഡന്റുമാരെയും ഏഴ് മാർപ്പാപ്പമാരെയും കണ്ട ഒരു ഭരണാധികാരിയുടെ വിടവാങ്ങൽ.
എലിസബത്ത് രാജ്ഞിയുടെ നീണ്ട എഴുപതുവർഷങ്ങൾ കടന്നുപോയ നൂറ്റാണ്ടിലെ സംഭവബഹുലമായ വർഷങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ്. നിരവധി യുദ്ധങ്ങളും സംഘര്ഷങ്ങളും കൊട്ടാര വിപ്ലവങ്ങളും, ഒപ്പം പലരുടെയും ഉദയവും അസ്തമയവും...
ഇന്ത്യ സ്വാതന്ത്രയായ ശേഷം അധികാരത്തിൽ വന്ന എലിസബത്ത് രാജ്ഞിക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരവും അതോടനുബന്ധിച്ചുള്ള സംഭവങ്ങളും ചരിത്രവിഷയം മാത്രമായിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ് ക്രൂരതകളെക്കുറിച്ച് അവർ മൗനം പാലിച്ചു. തന്റെ രാജ്യത്തിനും തന്റെ അധികാരസ്ഥാനത്തിനും തന്റെ ജനതയുടെ മൃഷ്ടാന്ന ഭോജനത്തിനുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ദശാബ്ദങ്ങളോളം കൊള്ളയടിച്ചതിനും അടിച്ചമർത്തിയതിനും കട്ടുമുടിച്ചതിനും മാപ്പു പറയാനുള്ള ആർജ്ജവം അവർ കാട്ടിയില്ല.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ഒരുകാലത്ത് അഹങ്കരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം 1952 ൽ എലിസബത്ത് അധികാരത്തിലെത്തുമ്പോൾ ക്ഷയിച്ചുതുടങ്ങിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞു. കോളനിവാഴ്ച നിലനിന്നിരുന്ന പല രാജ്യങ്ങളിലും സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടു . തന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ആജീവനാന്തം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ സംരക്ഷിക്കുമെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ അവർ അധികാരത്തിലേറി എഴുപതുവർഷങ്ങൾ പിന്നിടുമ്പോൾ ആ സാമ്രാജ്യം തകർന്നുകഴിഞ്ഞു.
ഇന്ന്, പത്ത് ശതമാനത്തിലധികമാണ് ബ്രിട്ടന്റെ പണപ്പെരുപ്പം. വിലക്കയറ്റവും നികുതിഭാരവും കാരണം പൊറുതിമുട്ടിയ തൊഴിലാളികളും ജീവനക്കാരും പണിമുടക്കടക്കമുള്ള സമരത്തിന്റെ പാതയിലാണ്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തികശക്തിയെന്ന നിലയിൽ നിന്ന്, ഇന്ത്യയ്ക്ക് പിന്നിൽ ആറാമതായി ബ്രിട്ടൻ. ബ്രക്‌സിറ്റ് നിയം പാസാക്കി യൂറോപിയൻയൂണിയനുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ വ്യാപാരമേഖലയടക്കം തകർന്നു തരിപ്പണമായി. ചുരുക്കിപ്പറഞ്ഞാൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പതനത്തിനുകൂടി സാക്ഷിയായിക്കൊണ്ടാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്.
സ്വന്തമായി ലിഖിതമായ ഭരണഘടനയില്ലാത്ത രാജ്യമാണ് ബ്രിട്ടൻ. കീഴ്വഴക്കങ്ങളും വ്യവസ്ഥാപിത നിയമങ്ങളും കോടതിവിധികളും ചട്ടങ്ങളുമൊക്കെയാണ് ഭരണഘടനാ ബാധ്യത നിറവേറ്റുന്നത്. രാഷ്ട്രത്തിന്റെ തലപ്പത്ത് രാജാവ് അല്ലെങ്കിൽ രാജ്ഞി അവരോധിക്കപ്പെട്ടിരിക്കുന്നെങ്കിലും പ്രതീകാത്മകമായ അധികാരങ്ങൾ മാത്രമാണ് അവർക്കുള്ളത്. മൂന്ന് അവകാശങ്ങൾ അവർക്കുണ്ട്. വിദഗ്ധാഭിപ്രായം പറയാനുള്ള അവകാശം, പ്രോത്സാഹിപ്പിക്കാനുള്ള അവകാശം, മുന്നറിയിപ്പ് നൽകാനുള്ള അവകാശം. ഈ മൂന്ന് അവകാശങ്ങളും രാജ്ഞി ഭംഗിയായി നിർവഹിച്ചു.
എലിസബത്ത് രാജ്ഞി വിടപറയുമ്പോൾ ചിലത് ബാക്കിയാണ്. രാജ്ഞി ഒരു പ്രതീകമായിരുന്നു. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ പ്രതിരൂപം, രാജവാഴ്ചയുടെ പ്രതീകം, തന്റെ പപ്രജകളുടെ കൊടിയടയാളം, ബ്രിട്ടനിൽ നിന്നും കാതങ്ങൾ അകലെയുള്ള നിരവധി ദേശങ്ങളിലെ ജനങ്ങളോട് തന്റെ രാഷ്ട്രം ചെയ്ത ക്രൂരകൃത്യങ്ങളുടെ പ്രതീകം, എല്ലാം പ്രതീകമാകുമ്പോൾ ഒന്നുകിൽ നമ്മൾ എല്ലാത്തിനും ഉത്തരവാദിയാകും അല്ലെങ്കിൽ അതല്ലാതാകും.
അവരുടെ മുൻതലമുറ ജാലിയൻ വാലാബാഗിൽ കൂട്ടക്കൊല നടത്തിയത് നമ്മൾ ഇന്ത്യക്കാർ മറന്നിട്ടില്ല. എലിസബത്തും ഭർത്താവും ജാലിയൻ വാലാബാഗ് സന്ദർശിച്ചപ്പോൾ സന്ദർശക പുസ്തകത്തിൽ ഒപ്പു ചാർത്തിയതൊഴിച്ചാൽ ആ കൂട്ടക്കൊലയിൽ ഒരു ഖേദപ്രകടനം നടത്താനുള്ള ഔചിത്യം പോലും അവർ കാട്ടിയില്ല. അല്ലെങ്കിലും എലിസബത്ത് അങ്ങനെയായിരുന്നു എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു., ഒന്നിനും നേരിട്ട് താൻ പങ്കാളിയല്ലല്ലോയെന്നാവാം അവർ ചിന്തിച്ചത്.
തൊണ്ണൂറ്റിയാറാം വയസിൽ എലിസബത്ത് എന്ന വന്ദ്യവയോധിക യാത്രയാകുമ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ അവർ ബഹുമാനം അർഹിക്കുന്നു. അതുകൊണ്ടുതന്നെ നെഞ്ചിൽ കൈവച്ചു പറയാം
ഗുഡ് ബൈ ക്വീൻ എലിസബത്ത് ....
അനീഷ് തകടിയിൽ