വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുറമുഖ നിർമാണം നിർത്തി വെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്. അതിനിടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനാൽ അദാനി ഗ്രൂപ്പ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിർമ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണെന്നും പൊലീസും ഭരണകൂടവും നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചാണ് അദാനിഗ്രൂപ്പ് ഹര്‍ജി നൽകിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംരക്ഷണം തേടി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ആരോപിച്ചു. കേന്ദ്ര സേനയുടെ സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിനും നിർദേശം നൽകണമെന്നും ഹര്‍ജിയിൽ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
