സ്വന്തം ഐഡൻ്റിറ്റിയിൽ തന്നെ ജീവിക്കും
പൂർത്തിയാക്കാൻ പറ്റാതിരുന്ന പഠനം വീണ്ടെടുത്ത് തുല്യതാ ക്ലാസിലൂടെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ട്രാൻസ് ജെൻഡർ ആയ മാളവിക. ജോലി എന്ന ലക്ഷ്യത്തിൽ മുന്നോട്ട് പോയതിനാൽ പത്താം ക്ലാസിനുശേഷം ഐടിഐ ആയിരുന്നു പഠിച്ചത്. തൻ്റെ വ്യക്തിത്വം വെളിപ്പെടുത്തിയതിനുശേഷം പല ജോലികൾക്കും യോഗ്യത ഹയർ സെക്കൻഡറി ആയി. അപ്പോഴാണ് ട്രാൻസ് ജെൻഡർ വ്യക്തികൾക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന സമന്വയ പദ്ധതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. മൂവാറ്റുപുഴ സാക്ഷരതാ മിഷൻ കോ- ഓർഡിനേറ്ററുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കാനുള്ള സാഹചര്യം ഒരുങ്ങി. മറ്റു കുട്ടികൾക്കൊപ്പം ഹ്യുമാനിറ്റീസ് വിഷയത്തിൽ മാളവികയും പഠനം ആരംഭിച്ചു. ഞായറാഴ്ചകളിലാണ് പഠിക്കാനായി സ്കൂളിൽ എത്തുന്നത്.
ഇതിനിടെ ഇൻഫോപാർക്കിൽ ജോലി ലഭിച്ചതോടെ കാക്കനാട് ഷെൽട്ടർ ഹോമിലേക്ക് മാളവിക താമസം മാറി. ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ പൂർത്തിയാക്കിയാലും ജോലിയോടൊപ്പം പഠനം തുടർന്ന് മെച്ചപ്പെട്ട ഒരു സ്ഥാനം കണ്ടെത്തുക എന്നതാണ് മാളവികയുടെ പ്രധാന ലക്ഷ്യം.
1551 പേരാണ് എറണാകുളം ജില്ലയിൽ നിന്നും ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതുന്നത് . അതിൽ മാളവിക ഉൾപ്പെടെ 3 ട്രാൻസ് ജെൻഡർമാരാണ് പരീക്ഷ എഴുതുന്നത്.