പുസ്തകം- അയ്യപ്പൻ
ഇനം-നോവൽ
നോവലിസ്റ്റ്-അനീഷ് തകടിയിൽ
പ്രസാധകർ-ബുദ്ധാ ക്രിയേഷൻസ്
വില-350
പേജ്-272
കൃഷ്ണനും രാമനും യേശുവും നബിയുമെല്ലാം നമുക്ക് ദൈവങ്ങളാണ്. അതെ മനുഷ്യജന്മമെടുത്ത്, മനുഷ്യനാൽ പൂജിതരായവർ. എങ്ങനെയാണ് ഒരു മനുഷ്യൻ പൂജിതനാവുന്നത്! തങ്ങളുടെ പ്രവൃത്തിയിലൂടെ. അയ്യപ്പനെയറിയാൻ നമുക്ക് മനുഷ്യത്വമുണ്ടാവണം , സഹജീവികളോട് സഹാനുഭൂതിയുണ്ടാവണം, എന്നിലും നിന്നുമുള്ള പൊരുൾ ഒന്നുംതന്നെയെന്ന തിരിച്ചറിവുണ്ടാവണം.
കാലവും ദേശവും സഞ്ചരിച്ച അയ്യപ്പചരിതങ്ങൾ കേട്ടു വളർന്നതിന്നാലാവാം ഈ നോവൽ വായിക്കാനുള്ള ആകാംക്ഷ കൂടുതലുണ്ടായതും. കേട്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ, അയ്യപ്പസ്വാമിയിൽനിന്നും ഈ അയ്യപ്പൻ വ്യത്യസ്തനാണെന്ന കേട്ടറിവ് ആകാംക്ഷ കൂട്ടുകയും ചെയ്തു.
മൂന്നു പ്രധാന ഭാഗങ്ങൾ തുടക്കം, ഒരുക്കം, മടക്കം എന്നിവയിൽ 41 കഥകളായി അയ്യപ്പൻ നിറയുന്നു. കണ്ടനും, കറുത്തമ്മയും, അയ്യപ്പനും, വാവരും, പൂങ്കുടിയും, കൊച്ചു കടുത്തയും , വല്യ കടുത്തയും, പന്തളം രാജാവ് രാജരാജശേഖരനും , പെരുമ്പാറ്റയും, മഹിഷിയും, അറുത്തുങ്കലെ അരയൻമാരും, അമ്പലമേടിൻറെ മക്കളും നിറഞ്ഞ അയ്യപ്പചരിതം .
അദ്ഭുതബാലനായ അയ്യപ്പനല്ല, ഒരു ദേശത്തിന്റെ പ്രാണനായ , സ്വാമിയായ അയ്യപ്പനാണ് ഈ നോവലിൽ. മണികണ്ഠൻ, വില്ലാളി വീരൻ, സ്നേഹമെന്ന മതംകൊണ്ട് ദേശം കീഴടക്കിയോൻ, എന്നിലും നിന്നിലും നിറഞ്ഞ പൊരുൾ ഒന്നുതന്നെയെന്നു കൂടെയുള്ളവർക്കു ബോധിപ്പിച്ചവൻ.
പന്തളദേശവും ,അനുബന്ധദേശങ്ങളുമായി ഒത്തൊരുമയോടെ പോകുവാനും പെരുംപാറ്റയെന്ന ശത്രുക്കളിൽനിന്നും ദേശത്തെ രക്ഷിക്കാവാനും പന്തളം രാജൻ പടയുണ്ടാക്കി. ആ പടയുടെ പടത്തലവനായി, പന്തളത്തു രാജാവിന്റെ അനന്തരാവകാശിയായി അയ്യപ്പനെത്തുന്നു. അയ്യപ്പൻറെ ചരിതം പാടിക്കേൾക്കുമ്പോൾ എങ്ങിനെയാണ് മലകളും, പുഴകളും, അർത്തുങ്കലും, അമ്പും വില്ലും, വാളും, അയ്യപ്പൻ കഞ്ഞിയും , 41 ദിവസങ്ങളുമെല്ലാം ചരിത്രമായെന്നു ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള ഉത്തരം ഈ നോവലിലുണ്ട്.
അമ്പലമേടിൻറെ വിലാപത്തിൽ തുടങ്ങി അയ്യപ്പൻറെ മഹാസമാധിയിൽ അവസാനിക്കുന്ന 41അദ്ധ്യായങ്ങളിൽ മനുഷ്യനും പ്രകൃതിയുമായുള്ള അടുപ്പവും സ്നേഹത്തിന്റേയും സമഭാവനയുടേയും നേർചിത്രങ്ങളും, ജാതിയും മതവുമില്ലാത്ത
ദേശസ്നേഹികളുടെ രാജ്യസ്നേഹവും, സ്ഥാനമോഹികളും ക്രൂരൻമാരുമായ പെരുംപാറ്റകളുടെ അധഃപതനവുമെല്ലാം നോവലിൽ മനോഹരമായി എഴുതിയിരിക്കുന്നു. സ്നേഹം എന്ന വികാരത്തിന്നുമുന്നിൽ ക്രൂരരായ കാട്ടുമൃഗങ്ങൾപോലും അടിമപ്പെട്ടുപോകുന്നതും കാണാം. കാടറിഞ്ഞ, കാടിൻറെ ഉൾത്തുടിപ്പറിഞ്ഞ ഒരാൾക്കേ നാടിനേയും കാടിനേയും ഒന്നുപോലെ സ്നേഹിക്കാൻ കഴിയൂ. അതാണ് അയ്യപ്പൻ.
ഒരു മഹാപുറപ്പാടിൻറെ 41നാൾ നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന വില്ലാളിവീരന്റെ തിരിച്ചറിവിൽ പ്രകൃതിയുടെ മടിത്തട്ടിലേക്ക്, ജ്വലിക്കുന്ന നക്ഷത്രമായി , മഹാസമാധിയിലേക്കുപോകുന്ന അയ്യപ്പസ്വാമിയോടെ നോവൽ അവസാനിക്കുന്നു. ഏകദേശം 8 വർഷത്തെ നീണ്ട അലച്ചിൽ, കണ്ടെത്തലുകൾ, ഗവേഷണം, പന്തളവും
അനുബന്ധദേശങ്ങളും സന്ദർശിച്ച് വിശദമായ പഠനം , എന്നിവയുടെ ആകെത്തുകയാണ് 'അയ്യപ്പൻ'.
അഭിനന്ദനങ്ങൾ നോവലിസ്റ്റ് അനീഷ് തകടിയിൽ
മറ്റു രചനകൾ
ബുദ്ധപ്രകാശത്തിലൂടെ
ഹുമയൂൺ തെരുവിലെ സാക്ഷി.