പുസ്തകം - അവളിലേക്കുള്ള യാത്രയിൽ
ഇനം - നോവൽ
നോവലിസ്റ്റ് - വിനീതാ അനി
പ്രസാധകർ- കൈരളി ബുക്സ്
വില - 180
പേജ്- 128
"അവളാവുകയെന്നാൽ ഒരേസമയം മഞ്ഞുപുതയ്ക്കുകയും അഗ്നിയെ ആഹരിക്കുകയും ചെയ്യലാണ്"
ജ്യോതി സന്തോഷ്.
യുവഎഴുത്തുകാരി വിനീത അനിലിന്റെ രണ്ടാമത്തെ നോവലാണ് അവളിലേക്കുള്ള യാത്രയിൽ.
ആദ്യനോവൽ ഹാഷെപ്സ്സ്റ്റു വായിച്ച അതേ ആകാംക്ഷയോടെ വായിച്ചുതുടങ്ങി , ഒറ്റയിരുപ്പിൽ ഈ നോവലും വായിച്ചു കഴിഞ്ഞപ്പോൾ അസഹനീയമായ നൊമ്പരത്താൽ കണ്ണുകൾ നിറഞ്ഞു.
പാണ്ഡവരുടെ വനവാസകാലത്ത് ശാപഗ്രസ്ഥനായ അർജ്ജുനന് ബൃഹന്ദളയായി ഒരു കൊല്ലം കഴിയേണ്ടി വന്ന കഥ നമുക്കേവർക്കുമറിയാം.ആണുംപെണ്ണുമല്ലാത്ത ആ രൂപത്തിൽ ബൃഹന്ദളയായി കഴിഞ്ഞ അർജ്ജുനനെ ദൈവികപരിവേഷത്തിൽ ആരാധിക്കുന്നുണ്ട്.
അവളിലേക്കുള്ള യാത്രയിൽ എന്ന നോവലും ട്രാൻസ്ജെൻഡറുകളുടെ കഥയാണ് പറയുന്നത്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഒരു കുഞ്ഞ് ഹിജഡയാണെന്ന് പുറത്തറിയിക്കാതെ വളർത്തുകയും , വീട്ടിലെ വേലക്കാരുടെ ചതിയാൽ അത് പുറത്തറിഞ്ഞ് ആ ഗ്രാമത്തിന് ആ കുട്ടി ദോഷമാണെന്ന് ദേശവാസികൾ പറയുകയും, ഹാജഡകളുടെ സമൂഹം ആ കുട്ടിയെ ബലമായി അവർക്കൊപ്പം കൊണ്ടുപോകുകയും ചെയ്യുന്നു. കേവലം 12 വയസ് മാത്രം പ്രായമുള്ള രൂപത്തിൽ പെൺകുട്ടിയായ അവളെ, വേശ്യാവൃത്തിക്ക് വിടുകയും , അതിക്രൂരമായ ശാരീരിക പീഡനങ്ങൾ അനുഭവിക്കേണ്ടിയും വരുന്നു. അമ്മു എന്ന് വിളിപ്പേരുള്ള അവളും ആ സമൂഹത്തിന്റെ ഭാഗമാകുമ്പോൾ , മറ്റ് മാർഗങ്ങളില്ലാതെ അവിടെ എത്തപ്പെട്ട മറ്റ് ഹിജഡകളുടേയും ഓരോ ദിനങ്ങളും ഏറ്റവും ശോചനീയമായ അവസ്ഥകളിലൂടെ കടന്നുപോകുന്നത് കൺമുന്നിൽ കാണുന്നപോലെ എഴുത്തുകാരി വിവരിക്കുമ്പോൾ , അത് വായിക്കുന്നവരുടെ കണ്ണുകൾ ഈറനണിയുന്നതിൽ അദ്ഭുതമില്ല.
12 വർഷങ്ങൾ കൂടുമ്പോൾ ബൃഹന്ദളാദേവിയുടെ ഉത്സവത്തിന് ഹിജഡകൾ ആ ക്ഷേത്രത്തിൽ പൂജയ്ക്ക് പോവുകയും തങ്ങളെ ഉപേക്ഷിച്ചുപോയ ബന്ധുക്കൾ തങ്ങളെ തേടി എത്തും എന്ന പ്രതീക്ഷയോടെ അവിടെ കാത്തിരിക്കുകയും അവർ തേടി വരില്ല എന്ന് അറിവോടെ നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് തങ്ങളുടെ ലോകത്തേക്ക് തിരിച്ചു പോകുകയും ചെയ്യുന്നു.
അമ്മുവിൽനിന്നും ആര്യാഹിയിലേക്കുള്ള 12 വർഷങ്ങൾക്കുശേഷം മാതാപിതാക്കളെ തേടിപോകുകയാണ്. "നിർവ്വാണ"യെന്ന സ്വപ്നം പൂർത്തിയാക്കാവാതെ അമ്മുവെന്ന ആര്യാഹി
ബൃഹന്ദളാദേവിയുടെ ഉത്സവത്തിന് കൂട്ടരുമൊത്ത് പോവുകയും, ആ യാത്രയിൽ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നോവലന്റെ ക്ലൈമാക്സ്.
ശ്രീനിവാസഅയ്യരും, സുഗന്ധിമുത്തുവും, അമ്മുവും, സീതക്കയും, മാ യും , കൃഷ്ണയുമെല്ലാം
നോവലിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞു നിൽക്കുന്നു.
അർദ്ധനാരീശ്വരനേയും ബൃഹന്ദളാദേവിയേയും പൂജിക്കുന്ന മനുഷ്യർ
ഹിജഡകളോട് അവജ്ഞയോടെ പെരുമാറുന്നത് കാണുമ്പോൾ സഹതാപവും സങ്കടവും തോന്നും.
മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ നോവൽ നൊമ്പരത്തോടെ മാത്രമേ വായിച്ചു തീർക്കാൻ കഴിയൂ.
മറ്റു രചനകൾ
സതി,
ഹാഷേപെസ്റ്റു,
കഥപറയുന്ന കണ്ണുകൾ,
ഞാൻ വാളയാറമ്മ; പേര് ഭാഗ്യവതി.