ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് തിരുവനന്തപുരത്ത് നടക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു.
മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്. ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന കോവളം മുതൽ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 15 സ്പെഷ്യൽ സ്ട്രൈക്കർ ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വൈകിട്ട് 4.30 മുതൽ തുടങ്ങും. പാസിനൊപ്പം തിരിച്ചറിയൽ കാർഡ് കരുതണം. ഉച്ചയ്ക്ക് 3 മണിമുതൽ രാത്രി 12 വരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുളളിൽ കൊണ്ടു കയറുവാൻ അനുവദിക്കുന്നതല്ല. മത്സരം കാണാന്‍ എത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകളൊരുക്കി. വൈകുന്നേരം നാലുമുതല്‍ കാര്യവട്ടം സ്റ്റേഡിയത്തിലേക്കും തിരിച്ചും ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനു ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കും ആവശ്യാനുസരണം സര്‍വ്വീസ് നടത്താനുള്ള ക്രമീകരണങ്ങള്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്