ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ നിയന്ത്രണങ്ങളേർപ്പെടുത്തി ഖത്തർ

ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ നിയന്ത്രണങ്ങളേർപ്പെടുത്തി ഖത്തർ

Qatar imposes travel restrictions FIFA World Cup Qatar 2022

ഫുട്ബോൾ ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ ഖത്തർ  യാത്രാ നിയന്ത്രണങ്ങളേർപ്പെടുത്തി.  നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ക്രമീകരണം. ലോകകപ്പ് കാലയളിൽ രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റാണ് ഹയാ കാർഡ്. ഹയാ കാർഡുള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ എപ്പോൾ വേണമെങ്കിലും ഖത്തറിൽ പ്രവേശിക്കുന്നതിൽ തടസമില്ല. ഇവർക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാൻ കഴിയും. അതേസമയം ഹയാ കാർഡ് ഇല്ലാത്ത സാധാരണ സന്ദർശകർക്ക് ഇക്കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്തി. ഖത്തർ പൗരൻമാരെയും ഖത്തർ തിരിച്ചറിയൽ രേഖയുള്ള ജിസിസി രാജ്യങ്ങളിലെ പൗരൻമാരെയും താമസക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പേഴ്സണൽ റിക്രൂട്ട്മെന്‍റ് വീസയുള്ളവർക്കും വർക്ക് പെർമിറ്റ് ഉള്ളവർക്കും ലോകകപ്പ് കാലയളവിലും എപ്പോൾ വേണമെങ്കിലും രാജ്യത്ത് വരാനും പോകാനും കഴിയും. മാനുഷിക പരിഗണന നൽകേണ്ട കേസുകൾക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ യാത്ര വിമാനമാർഗം മാത്രമായിരിക്കണം. നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മൽസരം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങള്‍ അരങ്ങേറും. ലോകകപ്പ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ ദേശീയ ദിനമായ ഡ‍ിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.

Leave a Reply