ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം രൂപ സമ്മാനമായി നൽകി ഇൻസ്റ്റാഗ്രാം
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെറ്റയുടെ കീഴിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഇൻസ്റ്റാഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് യൂസർമാരാണ് ഉളളത്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ നീരജ് ശർമ എന്ന വിദ്യാർത്ഥിക്ക് ഇൻസ്റ്റാഗ്രാം 38 ലക്ഷം രൂപയാണ് പാരിതോഷികമായി നൽകിയിരിക്കുന്നത്. ഇൻസ്റ്റയിലെ ഒരു പിഴവ് കണ്ടെത്തിയതിനാണ് വിദ്യാർത്ഥിയെ തേടി സമ്മാനം എത്തിയത്.
ലോഗിൻ ചെയ്യാതെ തന്നെ ഏത് അക്കൗണ്ടിൽ നിന്നും ഇൻസ്റ്റാഗ്രാം റീലിൻ്റെ തമ്പ്നൈലിൽ മാറ്റം വരുത്താൻ കഴിയും എന്നതാണ് ബഗ്. അതായത് പാസ്വേഡ് ഉണ്ടെങ്കിൽ കൂടിയും മീഡിയ ഐഡി മാത്രം ഉപയോഗിച്ചുകൊണ്ട് അതിൽ മാറ്റം വരുത്താൻ സാധിക്കും എന്ന് നീരജ് തെളിയിച്ചു.
സ്വന്തം അക്കൗണ്ടിൽ കണ്ടെത്തിയ പിഴവ് എന്താണെന്ന് പരിശ്രമിച്ച് കണ്ടെത്തി. ജനുവരി 31 രാത്രി തന്നെ ഈ കാര്യം ഫേസ്ബുക്കിന് റിപ്പോർട്ട് ആയി അയച്ചു കൊടുക്കുകയും ചെയ്തു. അതിനുശേഷം 3 ദിവസം കഴിഞ്ഞ് ഫേസ്ബുക്കിൽ നിന്നുള്ള മറുപടി ലഭിച്ചു. പിഴവ് തെളിയിക്കാൻ ഒരു ഡെമോ പങ്കിടാൻ നീരജനോട് ഫേസ്ബുക്ക് ആവശ്യപ്പെട്ടു. ഒരു തംബ്നൈലിൽ മാറ്റം വരുത്തി നീരജ് ആ പിഴവ് തെളിയിച്ചു. തുടർന്ന് മെയ് 11ന് ബഗ് അംഗീകരിച്ചുകൊണ്ടുള്ള മെയിലിനൊപ്പം 45,000 ഡോളർ (35 ലക്ഷം രൂപ) പാരിതോഷികവും സമ്മാനമായി ഉണ്ടായിരുന്നു. എന്നാൽ അത് നീരജന് കിട്ടാൻ നാല് മാസം സമയമെടുത്തത് കൊണ്ട് 4500 ഡോളർ (3 ലക്ഷം രൂപ) ഫേസ്ബുക്ക് ബോണസും നൽകി.
