സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളില്ലാതെ, ശാന്തമായി നിലകൊള്ളുന്ന സെക്രട്ടേറിയേറ്റ് പരിസരം അപൂർവമായി മാത്രമാണ് കാണുവാൻ സാധിക്കുക. അത്തരമൊരു ദിനമായിരുന്നു ഇന്നലെ. എന്നാലും ഏതു നിമിഷവും എന്തും സംഭവിച്ചേക്കാം... അതിനെ നേരിടാനായി രാപ്പകൽ ഭേദമന്യേ ഒരു കൂട്ടം പോലീസുകാർ സദാ ജാഗരൂകരായി ഉണ്ടിവിടെ.
സമരങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ എല്ലാവരുടെയും മുഖത്ത് സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു.
പലപ്പോഴും സമരത്തിനെതിരെ നിലകൊള്ളുന്നവർ എന്ന പട്ടം ചാർത്തികിട്ടിയവരാണിവർ. എന്നാൽ ഇതിന്റെ മറുപുറം തേടി ആരും പോയിട്ടില്ല. ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും ചിലതൊക്കെ പറയാനുണ്ട്…
സ്പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. റിയാസ് ഖാൻ പറയുന്നത് പോലീസുകാർ നിയമപാലകരാണെന്നും, അവരുടെ പ്രഥമ കർത്തവ്യം തന്നെ നിയമലംഘനം തടയുക എന്നത് ആണെന്നുമാണ്. അവിടെ വ്യക്തി ബന്ധമോ, രാഷ്ട്രീയമോ, മതമോ ഒന്നും തന്നെയില്ല. പൊതുജനത്തിന് എതിരായല്ല മറിച്ചു അവർക്കു വേണ്ടിയാണ് പോലീസ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പലപ്പോഴും പൊതുജനങ്ങൾ സേനയെ ജനകീയമായി കണക്കാക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ മുഴുവൻ പോലീസ് വകുപ്പിനെയും ഇകഴ്ത്തിക്കാട്ടുന്ന രീതി മാറണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങേയറ്റം പ്രകോപനപരമായ ഘട്ടത്തിലോ, അനിയന്ത്രിതമായ സാഹചര്യത്തിലോ മാത്രമേ പോലീസ് പ്രതികരിക്കാറുള്ളു. 28 വർഷത്തെ സേവനത്തിനിടയിൽ കണ്ട പലതരം സമരങ്ങളെയും പ്രതിഷേധങ്ങളെയും പറ്റിയും, പൊതുജനത്തിന് ഇന്ന് പോലീസിനോടുള്ള സമീപനത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെ പറ്റിയും അദ്ദേഹം വാചാലനായി. മുൻകാലത്തെപോലെ അക്രമാസക്തമായ പ്രതിഷേധങ്ങൾ ഇപ്പോൾ ഉണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരങ്ങൾ ജനാധിപധ്യത്തിൻറെ ഭാഗമാണ്, സമരങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റുകയുള്ളു എന്ന അഭിപ്രായക്കാരാണ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ. ജാഫറും, നിതീഷ് കുമാറും. തങ്ങൾ സമരത്തിനു എതിരല്ലെന്നും, ഭരണസൗകര്യത്തിനായി നിയമപാലനം നടത്തുന്നുവെന്നുമാണ് അവരുടെ പക്ഷം. ജനങ്ങൾ തെറ്റിദ്ധരിക്കുന്നതുപോലെ ഭരണ കക്ഷിക്ക് വേണ്ടി പ്രവർത്തിക്കുകയല്ല മറിച്ചു നിയമം നടപ്പിലാക്കുകയാണ് പോലീസിന്റെ ജോലി എന്നവർ പറഞ്ഞു.
ഈ കാവൽ ഭടന്മാർക്ക് പലപ്പോഴും കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയം മാറ്റിവെച്ച് അതിലുപരി പ്രാധാന്യം ജോലിക്കു നൽകേണ്ടതായും വരാറുണ്ട്. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും, വൈകിട്ട് 6 മുതൽ രാവിലെ 8 വരെയും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഡ്യൂട്ടി. ഇതിനിടയിൽ എന്ത് തന്നെ സംഭവിച്ചാലും നേരിടാൻ സുസജ്ജരായിരിക്കും ഇവർ. മഴയത്തും വെയിലത്തും തളരാതെ നഗരത്തിന്റെ കാവൽക്കാരായി നിൽക്കുന്ന ഒരു കൂട്ടം പോലീസുകാർ.
ലാത്തിവീശുന്ന പോലീസിനെ മാത്രമേ നമുക്കറിയൂ കാക്കിക്കുള്ളിലെ മനുഷ്യരെ നാം കാണുന്നില്ല. അവരിലേക്കാണ് സമരങ്ങളില്ലാത്ത സെക്രട്ടേറിയേറ്റിലെ ഒരു ദിനം വിരൽചൂണ്ടുന്നത്. മുന്നറിയിപ്പില്ലാതെ സെക്രട്ടേറിയേറ്റിനെ ലക്ഷ്യമാക്കി വന്ന പ്രതിഷേധ ധർണ്ണയെ നിയന്ത്രിക്കാൻ അവരതാ ഇറങ്ങുകയാണ്...
സദാ കർത്തവ്യനിരതരാണവർ .....