കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയോട് സഹിഷ്ണുത കാണിക്കരുതെന്ന് പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള എൻഐഎ നടപടിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഭാരത്ത് ജോഡോ യാത്രയ്ക്കിടെ എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അധ്യക്ഷനായി ആരു വന്നാലും കോൺഗ്രസിന്റെ വിശ്വാസത്തെയും പ്രത്യയ ശാസ്ത്രത്തെയും പ്രതിനിധീകരിക്കണമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരിൽ എടുത്ത ഒരാൾക്ക് ഒരുപദവി പ്രമേയം കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
