കുട്ടികളിലെ നുണകൾ - കാരണങ്ങളും പ്രതിവിധികളും, ഒരു മനഃശാസ്ത്ര വിശകലനം

കുട്ടികളിലെ നുണകൾ - കാരണങ്ങളും പ്രതിവിധികളും, ഒരു മനഃശാസ്ത്ര വിശകലനം

The psychological reason behind why kids tell lies Article by Clinical Psychologist Jawad TP Mental Health ( image source and courtesy paulekman)

നുണ പറയാത്തവരായി ആരുമില്ല. കുട്ടിക്കാലത്തോ വളർച്ചയുടെ ഏതെങ്കിലും ഘട്ടത്തിലോ ചില നുണകളൊക്കെ പറയുന്നത് സ്വഭാവികമാണ്. ചില പ്രശ്നങ്ങൾ ഒഴിവാക്കാനോ പ്രത്യേക സാഹചര്യത്തിൽ ആരെയെങ്കിലും രക്ഷിക്കാനോ ജീവിതത്തിൽ ചില കാര്യങ്ങൾ മറച്ചു വെക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ എപ്പോഴാണ് നുണപറയൽ ഗൗരവകരമായി കാണേണ്ടതെന്നും പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയെന്നും രക്ഷിതാക്കൾ അറിയേണ്ടതുണ്ട്. നുണ പറയുന്ന കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് മിക്ക രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കുന്ന വിഷയമാണ്.

എല്ലാ നുണയും പ്രശ്നമാണോ?

ബാല്യകാലഘട്ടം കുട്ടികളിൽ ഭാവനാത്മകമായ ചിന്തകൾ രൂപപ്പെടുന്ന സമയമാണ്. ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം യഥാർത്ഥ സംഭവങ്ങൾ പോലെ കുട്ടികൾ പറയാറുണ്ട്. ഇത് വളരെ സ്വഭാവികമാണ്.അതുപോലെ മുതിർന്നവരിൽ നിന്ന് വഴക്കോ ശിക്ഷയോ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഭയം മൂലം കുട്ടികൾ നുണ പറയാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നുണ സൗമ്യമായ ഭാഷയിൽ നുണ പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ രക്ഷിതാക്കൾക്ക് എളുപ്പം സാധിക്കും. എന്നാൽ നുണ പറയൽ ഗൗരവകാരമായി കാണുകയും വിദഗ്ധ സഹായം തേടുകയും ചെയ്യേണ്ട സാഹചര്യങ്ങളുണ്ട്. അവ

 • വൈകാരിക പ്രശ്നങ്ങളാൽ നുണകൾ പറയുക*
 • നീണ്ട കാലയളവിൽ തുടച്ചയായി നുണ പറയുക*
 • മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ നുണ പറയുകയും അതിൽ കുറ്റബോധം തോന്നാതിരിക്കുകയും ചെയ്യുക*
 • മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനുവേണ്ടി നുണ പറയുന്നത് പതിവാക്കുക*
 • മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനുവേണ്ടി നുണ പറയുന്നത് പതിവാക്കുക
 • സ്കൂളിലോ മറ്റു സൗഹൃദവലയങ്ങളിലൊ പ്രശംസയും ആരാധനയും നേടിയെടുക്കുന്നതിനായി എപ്പോഴും നുണ പറയുക*
 • അലസതമൂലം ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യാൻ കഴിയാതെ വരുമ്പോൾ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാൻ നുണ പറയുന്നത് ശീലമാക്കുക
 • താൻ ജീവിക്കുന്ന ചുറ്റുപാടുകളിലെ ചില ചിട്ടകളോ നിയമാവലികളോ ഇഷ്ടപ്പെടാതെ വരുമ്പോൾ അതിനെതിരെ ഗുരുതരമായ നുണകൾ പറയുക
 • മദ്യം, മയക്കുമരുന്ന്, അനാരോഗ്യകരമായ ബന്ധങ്ങൾ തുടങ്ങിയവ മറച്ചു വെക്കാൻവേണ്ടി പല നുണകളും പറയുക
 • ഒരു ഘട്ടത്തിൽ പെട്ടെന്ന് ധാരാളമായി നുണ പറഞ്ഞു തുടങ്ങുക

നുണ - പ്രായവും പ്രത്യേകതകളും

നുണ പറയൽ എപ്പോഴാണ് ഗൗരവകാരമായി കാണേണ്ടത് എന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതും. ഓരോ പ്രായത്തിലും നുണ പറയുന്നതിനുള്ള കാരണങ്ങളും അവയെ സമീപിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അതിനെ കുറിച്ച് രക്ഷിതാക്കൾക്ക് സാമാന്യമായ ധാരണയുണ്ടാകുന്നത് വളരെ ഗുണകരമാണ്.

പ്രീ സ്കൂൾ ഘട്ടം
ബല്യത്തിന്റെ പ്രാരംഭഘട്ടമായ 3-4 വയസ്സ് പ്രായത്തിൽ കുട്ടികളിൽ ഭാവനയും സങ്കൽപ്പങ്ങളും സർഗ്ഗാത്മകതയുമെല്ലാം ധാരാളമായി രൂപപ്പെടുകയും ഭാവനാത്മകമായ നീണ്ട കഥകൾ കേൾക്കാനും പറയാനും ഏറെ താല്പര്യം കാണിക്കുകയും ചെയ്യുന്നു. വളരെ സാധാരണമായ ഈ സാഹചര്യത്തെ ഗുരുതരമായ നുണ പറയലായി കരുതേണ്ടതില്ല. നുണ പറയുന്നത് തെറ്റാണെണോ മോശമാണെന്നോ അതുപോലെ സങ്കല്പവും ഭാവനയുമായുള്ള അതിർവരമ്പുകൾ എത്രത്തോളമെന്നോ തിരിച്ചറിവില്ലാത്ത പ്രായമാണിത്. അതിനാൽ ശിക്ഷക്കോ ശകാരത്തിനോ പകരം നുണയുടെ ദോഷവശങ്ങളെ കുറിച്ച് സ്നേഹപൂർവ്വം കുട്ടിയെ ബോധ്യപ്പെടുത്താനുള്ള നല്ല അവസരമായി അത്തരം സന്ദർഭങ്ങൾ പ്രയോജനപ്പെടുത്താനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്.

ഈ ഘട്ടത്തിലെ നുണ പറച്ചിൽ 2 തരത്തിൽ ഉണ്ടാകാമെന്ന് സൈക്കോളജിസ്റ്റുകൾ വിശദീകരിക്കുന്നു.

നീണ്ട കഥകൾ: ഏതെങ്കിലും സംഭവത്തെ വലിയ തോതിൽ അതിശയോക്തി കലർത്തിയോ ഒരിക്കലും നടന്നിട്ടേയില്ലാത്ത കാര്യമോ മറ്റുള്ളവരോട് പറയുന്ന രീതിയാണിത്. കുട്ടിയുടെ മനസ്സിലെ ആഗ്രഹങ്ങളും താല്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം ഭാവനാത്മകമായി ഈ കഥകളിലൂടെ പ്രകടിപ്പിക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾക്ക് ഒന്നുകിൽ ആ കഥ കേട്ട് വിട്ടുകളയാവുന്നതേയുള്ളു. അല്ലെങ്കിൽ ഇക്കാര്യം ഇങ്ങനെയൊക്കെ ആവാനാണ് ആഗ്രഹിക്കുന്നതല്ലേ എന്നിങ്ങനെയുള്ള സൗമ്യസംഭാഷണങ്ങളിലൂടെ സങ്കല്പ- യാഥാർഥ്യ ബോധ്യങ്ങളിലേക്ക് കുട്ടിയെ നയിക്കാം.

ആഗ്രഹിക്കുന്നത് ലഭിക്കാനോ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കാനോ പറയുന്ന നുണകൾ: കുട്ടികൾ ചില കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവ തെറ്റാണെങ്കിൽ പോലും കഠിനമായ ശിക്ഷ നൽകിയാൽ പിന്നീട് അത്തരം സാഹചര്യങ്ങളിൽ നുണ പറഞ്ഞു രക്ഷപ്പെടാനുള്ള പ്രവണത ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ തെറ്റ് തുറന്നു സമ്മതിക്കുന്ന അവസരത്തിൽ അതിന്റ ദോഷങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ആവശ്യമെങ്കിൽ ലഘുവായ ശിക്ഷകൾ കൊടുക്കുകയോ ആവാം.

എലിമെന്ററി സ്കൂൾ തലം
ഈ പ്രായത്തിലുള്ള കുട്ടികൾ ശിക്ഷകളിൽ നിന്ന് രക്ഷ നേടാനോ എന്തെങ്കിലും സമ്മാനങ്ങൾ ലഭിക്കാനോ നുണകൾ പറയാൻ മടിക്കാറില്ല. അതുപോലെ ആളാകാൻ വേണ്ടി പ്രശസ്ത വ്യക്തികളെ താൻ കണ്ടെന്നോ മറ്റു കുട്ടികൾക്കില്ലാത്ത കൗതുകകരമായ എന്തെങ്കിലും വസ്തുക്കൾ തനിക്കുണ്ടെന്നോ സമാനമായ പല നുണകളും ഈ ഘട്ടത്തിൽ പതിവാണ്.

മിഡിൽ സ്കൂൾ തലം
ചില കുട്ടികൾ ഈ പ്രായത്തിൽ തുടർച്ചയായി നുണ പറയുന്നത് കാണാം. അപകർഷതാ ചിന്തകൾ, രക്ഷിതാക്കളുടെ നിയന്ത്രണത്തിലും സമീപനങ്ങളിലും ദേഷ്യം, പല കാര്യങ്ങളിലും തോന്നുന്ന നാണക്കേട് തുടങ്ങിയവ ഈ പ്രായത്തിൽ കുട്ടികളിൽ ഉണ്ടാവുകയും ഇതൊക്കെ പലതും മറച്ചു വെക്കാൻ അവരെ പ്രേരിപ്പിക്കുകയും അതിനായി പല നുണകളും പറയുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ കുറ്റപ്പെടുത്താലോ ശിക്ഷകളോ കുട്ടികളിൽ അരക്ഷിത ബോധം ഉണ്ടാക്കും. അതിനാൽ സൗമ്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാത്രമേ പാടുള്ളു.

മുതിർന്ന കുട്ടികൾ
ഈ ഘട്ടത്തിൽ നുണ പറയുന്നത് കുറയുമെങ്കിലും പല കാര്യങ്ങളും മറച്ചു വെക്കാനോ അർദ്ധസത്യങ്ങളിൽ ഒതുക്കാനോ ശ്രമിക്കാം. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ പലതും മറച്ചു വെക്കുന്നതിൽ തെറ്റില്ല എന്ന മനോഭാവം ഇവരിൽ കാണാം.

നുണ പറയുന്നത് എങ്ങനെ തിരിച്ചറിയാം?

 • മുഖഭാവം- നുണ പറയുമ്പോൾ ടെൻഷൻ ഉണ്ടാകുന്നതിനാൽ മുഖഭാവം ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്നു.
 • പറയുന്ന കാര്യങ്ങളിലെ യുക്തി -നുണ പറയുമ്പോൾ സ്വാഭാവികമായും വിശ്വസനീയതയും യുക്തിയും കുറയുന്നു. കാര്യകാരണ ബന്ധമില്ലാത്ത രീതിയിൽ പറയുകയോ പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി പറയാൻ കഴിയാതെ വരികയോ ചെയ്യുന്നു.
 • പറയുന്നതിന്റെ ഒഴുക്ക്- നുണ പറയുമ്പോൾ കാര്യങ്ങൾ ഒരേ ഒഴുക്കിൽ പറയാൻ പ്രയാസമാണ്. ശബ്ദം ഇടറാനും സാധ്യതയുണ്ട്.

കുട്ടികൾ മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്. കുട്ടിയുടെ ആദ്യവിദ്യാലയം വീടാണെന്ന് മറക്കരുത്. മാതാപിതാക്കൾ നുണ പറയുന്നത് കാണുന്ന കുട്ടിക്ക് അത് വലിയ കുറ്റമല്ല എന്ന സന്ദേശമാണ് കിട്ടുന്നത്. ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. ബാല്യ - കൗമാര ഘട്ടങ്ങളിൽ കുട്ടി നുണകൾ പറയുന്നതായി കണ്ടാൽ രക്ഷിതാക്കൾ അത് ഗൗരവകരമായി കണ്ട് തുറന്നു ചർച്ച ചെയ്യാൻ തയ്യാറാകണം. നുണയും സത്യവും തമ്മിലുള്ള വ്യത്യാസം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സത്യസന്ധത പുലർത്തേണ്ടതിന്റെ പ്രാധാന്യം, നുണ പറയുന്നതിലെ അപകടങ്ങളും അനന്തര ഫലങ്ങളുംതുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്.

ഗുരുതരമായ നുണകൾ തുടർച്ചയായി പറയുന്നത് കണ്ടെത്തിയാൽ ഒരു പ്രഫഷണലിന്റെ സഹായം തേടുന്നതാണ് അഭികാമ്യം. ഈ സ്വഭാവം കുട്ടിയിലുണ്ടായതിന്റെ കാരണങ്ങൾ കണ്ടെത്താനും അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും അവർക്ക് കഴിയും.

കുട്ടികളിലെ നുണ പറച്ചിലിൽ ശിക്ഷിക്കുന്നതിനേക്കാൾ ശ്രദ്ധ പുലർത്തേണ്ടത് അതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനാണ്.
T P Jawad, Clinical Psychologist


ടി. പി ജവാദ്
(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് )

Leave a Reply