മാനസികാരോഗ്യം മനസിലാക്കി ജീവിക്കാം

മാനസികാരോഗ്യം മനസിലാക്കി ജീവിക്കാം

World mental health day mental wellness health is wealth

എന്താണ് ആരോഗ്യം? 
*Health is wealth* എന്ന പ്രശസ്ത വാക്യം നമുക്കെല്ലാം അറിയാം. ജീവിതത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആർക്കും സംശയം ഉണ്ടാകാനിടയില്ല. എന്നാൽ ആരോഗ്യം എന്ന പദം കൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് എന്തെന്ന കാര്യത്തിൽ അധികമാളുകൾക്കും ധാരണ കുറവാണ്. ആരോഗ്യം എന്ന് കേൾക്കുമ്പോൾ ശരീരത്തെ കുറിച്ച് മാത്രമാണ് നാം ചിന്തിക്കാറുള്ളത്. ശരീരത്തിനേൽക്കുന്ന ചെറിയ മുറിവ് പോലും വളരെ ശ്രദ്ധയോടെ പരിചരിക്കുന്ന നമ്മൾ മനസ്സിനേൽക്കുന്ന എത്ര വലിയ ക്ഷതവും അവഗണിക്കുന്നത് അതുകൊണ്ടാണ്. യഥാർത്ഥ ആരോഗ്യം എന്നത് ശാരീരികവും മാനസികവും വൈകാരികവുമായ സുസ്ഥിരാവസ്ഥയാണ്. ശരീരത്തിനെന്നപോലെ മനസ്സിനുണ്ടാകുന്ന പരിക്കുകൾക്കും പരിചരണവും പരിഹാരവും ആവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഒരു മനസ്സ് അത്യന്താപേക്ഷിതമാണ്. മനസ്സിനേൽക്കുന്ന മുറിവുകൾ പല കാലങ്ങളിലൂടെ സങ്കീർണ്ണമായ മാനസിക-വൈകാരിക പ്രശ്നങ്ങളിലേക്ക് വ്യക്തിയെ നയിക്കുകയും ശാരീരികമായ നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നിത്യ ജീവിതത്തിലെ പ്രശ്നങ്ങളെയും അപ്രതീക്ഷിത സംഭവങ്ങളെയും ആത്മ നിയന്ത്രണത്തോടെ സമർത്ഥമായി നേരിടാനുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്ന് പറയുന്നത്. കാര്യങ്ങളെ പക്വതയോടെ കാണാനും പ്രതിസന്ധികളെ എളുപ്പത്തിൽ മറികടക്കാനും വ്യക്തിയെ പ്രാപ്തമാകുന്നത് മാനസികാരോഗ്യമാണ്. ഇതിന്റെ പ്രാധാന്യം ലോകജനതയെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. ഇതിന്റെ 2022-ലെ ആപ്തവാക്യം "Make mental health and well being for all a global priority "എന്നാണ്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിയുന്നതിനും ഈ രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ അനുഭവങ്ങൾ, വെല്ലുവിളികൾ തുടങ്ങിയവ പങ്കുവെക്കുകയുമാണ് WHO ലക്ഷ്യമിടുന്നത്.
മാനസികാരോഗ്യം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശാരീരികരോഗ്യത്തിന് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയും അടുക്കും ചിട്ടയുമുള്ളതായി സൂക്ഷിക്കേണ്ടത് ആവശ്യമാണല്ലോ. അതുപോലെ നമ്മുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനു നമ്മുടെ ജീവിത പരിസരങ്ങൾ അടുക്കും ചിട്ടയും ശുചിത്വവും ഉള്ളതായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ മനസ്സും വാസസ്ഥലവും ജോലിസ്ഥലവുമെല്ലാം സ്‌ട്രെസ്സ് ഇല്ലാതെ സുഖകരമായി കൊണ്ടുപോകേണ്ടത് മാനസിക ആരോഗ്യത്തിനു അത്യാവശ്യമാണ്. നമ്മുടെ പെരുമാറ്റം, വൈകാരിക പ്രതികരണങ്ങൾ, മനോഭാവങ്ങൾ എന്നിവയെല്ലാം വളരെ പോസിറ്റീവും ആഹ്ലാദകരവുമായി നിലനിർത്താനുള്ള കഴിവാണിത്. അതുപോലെ കാര്യങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കാനു ള്ള സ്കിൽ (time management ) വളർത്തിയെടുക്കേണ്ടതും സ്‌ട്രെസ് ഫ്രീ ആയി ജീവിക്കുന്നതിന് അത്യാവശ്യമാണ്.
*എങ്ങനെ മാനസിക ശുചിത്വം (Mental hygiene ) വളർത്തിയെടുക്കാം.
1.യാഥാർഥ്യ ബോധത്തോടെയുള്ള ജീവിത സമീപനം(Reality contact)-നമ്മുടെ ചിന്തകളെയും വികാരങ്ങളെയും കഴിവുകളെയും ശരിയായ രീതിയിൽ മനസ്സിലാക്കുകയും നിലവിലെ സാഹചര്യങ്ങളും യാഥാർത്ഥ്യങ്ങളും ശരിയായി വിലയിരുത്തി അതിനനുസരണമായി പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുമ്പോൾ നമുക്കു ചുറ്റും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു. യാഥാർത്ഥ്യ ബോധമുള്ള വ്യക്തിക്ക് മാനസികമായ അസ്വസ്ഥതകളും നിരാശകളും ഒഴിവാക്കാൻ സാധിക്കുന്നു.
2.വൈകാരിക നിയന്ത്രണം ( impulse control )-സ്വന്തം പെരുമാറ്റവും വികാരങ്ങളും നിയന്ത്രിക്കാൻ കഴിവുള്ള വ്യക്തിക്ക് തന്റെ ചുറ്റുപാടുകളോട് ആരോഗ്യകരമായി പൊരുത്തപ്പെടാൻ കഴിയുന്നു. ശരിയായ മാനസികാരോഗ്യത്തിന് സ്വന്തം വികാര വിചാരങ്ങളെ നന്നായി നിയന്ത്രിക്കാനുള്ള കഴിവ് വളർത്തിയെടുക്കേണ്ടതുണ്ട്.
3.സ്വയം തിരിച്ചറിവ് ( Self esteem ) - അവനവനെ കുറിച്ചുള്ള ശരിയായ ധാരണയാണിത്. ഞാൻ, എന്നെ എന്നിങ്ങനെ സ്വന്തം ചിന്തകൾ, വികാരങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവ തിരിച്ചറിഞ്ഞു വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള സന്നദ്ധത മികച്ച മാനസികാരോഗ്യത്തിനു ഗുണകരമാണ്.
4.ശുഭ ചിന്തകൾ ( Positive thoughts)-നമ്മുടെ മാനസികാരോഗ്യത്തിന്റെ നിലവാരം ശുഭ -അശുഭ ചിന്തകളെ ( positive and negative thoughts ) ആശ്രയിച്ചിരിക്കും. അശുഭ ചിന്തകൾ (negative thoughts) മനസ്സിൽ കൂടുതലായി വരുമ്പോൾ ദേഷ്യം, വെറുപ്പ്, അസൂയ, ഭയം, നിരാശ തുടങ്ങിയ നെഗറ്റീവ് ആയ വികാരങ്ങൾ ജനിക്കുകയും ഇത് നമ്മുടെ മാനസിക നിലയിൽ താളപ്പിഴകൾ സൃഷ്ടിക്കുകയും ശരീരത്തിലെ അന്തസ്രാവീ വ്യവസ്ഥതന്നെ തകരാറിൽ ആവുകയും അതുവഴി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.
*വളർത്തിയെടുക്കാം ശുഭചിന്തകൾ (Positive thoughts)
ജീവിതത്തെ പോസിറ്റീവ് ആയി സമീപിക്കുമ്പോൾ സ്നേഹം, സഹാനുഭൂതി, ദയ, ആഹ്ലാദം, പ്രതീക്ഷ, ശുഭാപ്തി വിശ്വാസം തുടങ്ങിയ ആരോഗ്യകരമായ വികാരങ്ങൾ ഉണ്ടാകുന്നു. ഇത്തരം വികാരങ്ങൾ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും നമ്മെ പ്രാപ്തറക്കുന്നു.
സ്‌ട്രെസ്സ് കുറക്കാം സമയ ക്രമീകരണത്തിലൂടെ ( Time Management )

മാനസികാരോഗ്യപരിപാലനത്തിൽ സമയത്തിന് ഏറെ പ്രാധാന്യമുണ്ട്. ശരിയായ സമയ ക്രമീകരണം നമ്മുടെ ജോലികൾ വീഴ്ച കൂടാതെ കൃത്യമായി ചെയ്യാൻ സഹായിക്കുന്നു. ഇതിലൂടെ വീട്ടിലും ജോലിസ്ഥലങ്ങളിലും കാര്യക്ഷമമായ പ്രകടനം കാഴ്ച്ച വെക്കുകവഴി മാനസിക പിരിമുറുക്കം ഒഴിവാക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും സാധിക്കുന്നു.
സമയ ക്രമീകരണം എങ്ങനെ സാധ്യമാക്കാം?
1.ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക - നാളെ ചെയ്യേണ്ട കാര്യങ്ങൾ ഇന്നു രാത്രി ലിസ്റ്റ് ചെയ്യാം. എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന് ഒരു ധാരണ ഉണ്ടാകാനും ഓർത്തിരിക്കാനും ഇത് സഹായിക്കുന്നു.
2.പ്രാധാന്യമനുസരിച്ച് ലിസ്റ്റിലെ ഓരോ വർക്കിനും നമ്പർ നൽകാം. പ്രയാസകരമായ കാര്യങ്ങൾ ആദ്യം ചെയ്യുന്ന രീതിയിൽ ലിസ്റ്റ് ഉണ്ടാക്കാം. ഇപ്രകാരം ഊർജ്ജസ്വലമായി കാര്യങ്ങൾ ചെയ്തശേഷം ഉച്ച കഴിഞ്ഞു അല്പം ക്ഷീണിച്ച സാഹചര്യം ആവുമ്പോൾ ഈസിയായവ ചെയ്യാം.
3.ഏകാഗ്രത ആവശ്യമായ ജോലികൾ ചെയ്യുന്നതിന് അനുയോജ്യമായ സമയം കണ്ടെത്തി ലിസ്റ്റിൽ രേഖപ്പെടുത്താം.
4.ഷെഡ്യൂൾ തയ്യാറാക്കുമ്പോൾ ഇടവേളകൾ നൽകാൻ ശ്രദ്ധിക്കണം. ഇത് ആവശ്യമായ വിശ്രമത്തിനും അപ്രതീക്ഷിതമായി വന്നു ചേരുന്ന കാര്യങ്ങൾ ചെയ്യുന്നതിനും സഹായകമാണ്.
5.വ്യായാമത്തിന് സമയം നീക്കിവെക്കുക. എക്സർസൈസ്, യോഗ തുടങ്ങിയവയിൽ എന്തെങ്കിലും പതിവായി ചെയ്യുക. ശരീരികരോഗ്യവും മാനസികാരോഗ്യവും പരസ്പര പൂരകങ്ങളാണ്. കാര്യക്ഷമമായി ജോലി ചെയ്യുന്നതിനും ജീവിത വിജയത്തിനും ഇവ രണ്ടും അനുപേക്ഷണീയമാണ്.
6.ആനന്ദകരമായ വിശ്രമവേളകൾ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുക. മാനസിക ആരോഗ്യത്തിനു വ്യായാമം പോലെ ഇതും പ്രധാനമാണ്. പാട്ട് കേൾക്കുക, ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുക, tv പരിപാടികൾ കാണുക തുടങ്ങി എന്തെങ്കിലും ദിവസേന ചെയ്യുന്നത് നല്ല റീലാക്സിന് സഹായിക്കും.
*മനോഹരമായി പരിപാലിക്കാം ബന്ധങ്ങൾ
ആരോഗ്യകരമായ മാനസികനില കൈവരിക്കുന്നതിൽ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. കുടുംബ -സാമൂഹിക ബന്ധങ്ങൾ, തൊഴിൽ മേഖലയിലെ വ്യക്തി ബന്ധങ്ങൾ എന്നിവ നല്ല രീതിയിൽ നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പോസിറ്റീവ് ആയി പ്രവർത്തിക്കാൻ എല്ലാവരുമായി നല്ല ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. തർക്കവും മത്സരവും ഒഴിവാക്കിയാൽ വളരെ ലാഘവത്വത്തോടെ ജീവിക്കാൻ സാധിക്കുന്നു.
മാനസികാരോഗ്യത്തെ കുറിച്ച് നല്ല അറിവും അവബോധവും വളർത്തിയെടുക്കൂ. മാനസിക പ്രശ്നങ്ങൾ പരിഹസിക്കേണ്ടതോ അവഗണിക്കേണ്ടതോ ആയ കുറ്റമല്ല. വിദഗ്ധ സഹായം നേടാൻ മടിക്കേണ്ടതുമില്ല. പനിപോലെ, തല വേദന പോലെ മാനസികമായ രോഗാവസ്ഥയും സ്വാഭാവികമാണ്. സ്നേഹവും പരിഗണനയും ആവശ്യമെങ്കിൽ വിദഗ്ധ സഹായവും നൽകി ചേർത്തു നിർത്താം.ബന്ധങ്ങൾ സുന്ദരമായി പരിപാലിക്കാം. ജീവിതം അതി സുന്ദരമാകട്ടെ.
ടി. പി ജവാദ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
☎️9037984556
https://www.wellnessclinic.in/.

 

Leave a Reply