തിക്സെ മൊണാസ്റ്ററി

തിക്സെ മൊണാസ്റ്ററി

Leh monastery Jammu Srinagar Kashmir Travelling

ഉയരങ്ങൾ എന്നിക്ക് പഥ്യമല്ലങ്കിലും എത്തിപെടുന്നു എന്ന രവീന്ദ്രവാക്യം എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടേയിരിക്കുന്നു . ഒദ്യോഗിക ജീവിതത്തിന്റെ ഭാഗമായ് ഞാൻ കണ്ടു മടുത്ത കാർഗിലും ലേയുമൊക്കെ വീണ്ടും കുടുബസഹിതം കാണേണ്ടി വന്നതിന്റെ യാത്ര വിവരണത്തിനൊന്നും ഞാനിവിടെ മുതിരുന്നില്ല മറിച്ച് മൈത്രേയ ബുദ്ധൻ എന്ന അതി മനോഹരമായ ബുദ്ധ പ്രതിമ നിലകൊള്ളുന്ന തിക്സെ എന്ന ബുദ്ധവിഹാരത്തെ കുറിച്ചാണീ കുറിപ്പ്.

പൗരാണിക ബുദ്ധവിഹാരങ്ങൾക്കൊക്കെ ചില പ്രത്യേകതകളുണ്ട്. പഴമയും , പുല്ലും സുഗന്ധവ്യജ്ഞനങ്ങളാലും നിർമ്മിച്ച ധൂപങ്ങളുടെ സുഗന്ധവും , നെയ് വിളക്കിന്റെ പുകയുമൊക്കെ ചേർന്ന ഒരു മിസ്റ്റിക് അനുഭൂതിയാകും നമ്മെ അവിടെ കാത്തിരിക്കുന്നത് . തീർത്തും ഒറ്റപ്പെട്ട ഗിരി ശൃംഗങ്ങളിൽ മണ്ണും മരവും കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ , തീരെ വെളിച്ചം കുറഞ്ഞ വിഹാരങ്ങൾ ചെറുതല്ലതെ എന്നെ അസ്വസ്തത പെടുത്താറുണ്ട്.

തിക്സെ എന്നത് ലേയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വിഹാരങ്ങളിൽ ഒന്നാണ് . 1433 ൽ ചംഗ്സെം ഷെരാബ് സംഗ്പോ സ്ഥാപിച്ച വിഹാരത്തിന്റെ ഇന്നത്തെ റിംപോച്ചെ ഒൻപതാമത്തെതാണ് . ബുദ്ധവിശ്വാസ പ്രകാരം ഇവർ പുനർജന്മത്തിൽ വിശ്വസിക്കുന്നു . അതിനാൽ തന്നെ മരിക്കുന്ന റിംപോച്ചെ വീണ്ടും ജനിക്കുന്നു എന്നവർ വിശ്വസിക്കുന്നു .

ഈ ബുദ്ധ വിഹാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ലേയിൽ നിന്നും ലാസയിൽ പഠിക്കാനായ് പോയ ഒരു ബാലനിൽ നിന്നാണ് . തിബറ്റൻ ബുദ്ധിസം പഠിച്ച ശിഷ്യനോട് ഗുരു തന്റെ മൂക്കിൽ നിന്നും ഒലിച്ച രക്തത്താൽ നിർമ്മിച്ച പ്രതിമ നൽകി കൊണ്ട് , തിരികെ നാട്ടിൽ പോയ് അവിടത്തെ എറ്റവും പ്രസിദ്ധനായ വ്യക്തിയ്ക്ക് ഈ പ്രതിമ നൽകാനും അവിടെ ഈ ആശയങ്ങൾ പ്രചരിപ്പിക്കാനും ആവശ്യപെടുന്നു . ലേയിലെ അന്നത്തെ രാജാവിന് പ്രതിമ നൽക്കുകയും രാജാവിന്റെ ഗുരുവാകുകയും ചെയ്ത ആ ബാലനാണ് തിക്സെയുടെ സ്ഥാപകനായ ചെംഗ്സം ഷെരാബ് സംഗ് പോ.

ബുദ്ധ ധർമ്മത്തിലെ സ്വാതികമായ മഹായാനത്തിലാണ് ടിബറ്റൻ ബുദ്ധമതം ചേർന്നു നിൽക്കുന്നത്. കർപാമലാമയുടെ കറുത്ത തൊപ്പിയും വടിയും മാന്ത്രികതയുമൊക്കെ ഇവർക്കന്യമാണ് . ഇവർ ദലൈലാമയുടെ സാത്വികത്തിൽ പരമമായ് വിശ്വസിക്കുന്നു. തിക്സെ എന്നത് സാത്വിക ബുദ്ധന്റെ നേർമ്മായാർന്ന നിലാവെളിച്ചത്തിന്റെ അഭൗമിക സൗന്ദര്യത്തിനാൽ ലേയുടെ തിലകകൊടിയായ് ഈ വിഹാരം പരിലസിക്കുന്നു

  ലേ സിറ്റിയിൽ നിന്നും 20 km ഓളം ദൂരെയായ് ഒരു ചെറിയ കുന്നിന്റെ മുകളിലെ വിശാലമായ കെട്ടിട സമുച്ചയമാണിത് . മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പഴയ കെട്ടിടങ്ങളുടേയും പുതിയ കോൺക്രീറ്റ് കെട്ടിടങ്ങളുടെയും സമന്വയം എന്നു വേണമെങ്കിൽ പറയാം

ഇപ്പോളത്തെ റിംപോച്ചെയുടെ നീണ്ട കാലത്തെ പ്രയത്നവും അതിനോടൊപ്പം അദ്ധേഹത്തിന്റെ രാജ്യസഭാ MP എന്ന സ്ഥാനവും ഈ ബുദ്ധവിഹാരത്തെ ഉന്നതിയിൽ എത്തിക്കുന്നതിൽ സഹായിച്ചു എന്നതിൽ ലവലേശം സംശയമില്ല.

ബുദ്ധവിഹാരങ്ങൾ എന്നത് പലതരം കൗതുക വസ്തുകൾ കൊണ്ട് നമ്മളെ തീർത്തും വിസ്മയഭരിതമാകുന്ന ഒന്നാണ് അതിൽ ചിലതിനെ ഇവിടെ പരിചയപെടുത്താം

മണിചക്രം :- കറങ്ങുന്ന നീണ്ട സ്തൂപങ്ങൾ നിങ്ങൾ പലയിടത്തും കണ്ടിട്ടുണ്ടാകാം . 'ഓം മണി പദ്മേ ഹും' എന്ന മന്ത്രം ഇതിന്റെ വശങ്ങളിലായ് എഴുതിയിരിക്കും . ചില വലിയ മണി ചക്രങ്ങളിലാകട്ടെ മന്ത്രങ്ങൾ തകിടിലെഴുതി അതിന്റെ ഉള്ളിൽ സ്ഥാപിക്കും . ഒരു വട്ടമത് കറക്കുന്നത് അതിലെ മന്ത്രങ്ങൾ ഒരു വട്ടം ഉരുവിടുന്നതിന് തുല്യമാണന്നാണ് അവരുടെ വിശ്വാസം. ഒരു കൂട്ടം മണി ചക്രങ്ങൾ ഒന്നായ് വിഹാരത്തിന്റെ ഭിത്തികളിൽ സ്ഥാപിച്ചിരുക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലെ അതിനെ 'കോറാ' എന്നാണ് വിളിക്കപെടുന്നത് .

കാറ്റിലാടുന്ന നൂലിൽ കെട്ടിയ അഞ്ച് നിറങ്ങളിലുള്ള പതാക നിങ്ങളെ ആകർഷിച്ചിട്ടുണ്ടാകാം . നീല , വെള്ള , ചുവപ്പ് , പച്ച , മഞ്ഞ എന്നീ നിറങ്ങളിലായ് ഓം മണി പദ്മേ ഹും എന്ന മന്ത്രം എഴുതി ചേർത്ത പതാകയെ ഇവർ ലുഗ്താ അഥവാ പറക്കുന്ന കുതിര എന്നാണ് വിളിക്കുന്നത് . മന്ത്രങ്ങൾ കാറ്റിലൂടെ പാറി പറക്കുമെന്നാണ് ഇവരുടെ വിശ്വാസം.

Sand mandalas അഥവാ മണൽ കാലചക്രം എന്നത് ടിബറ്റൻ കലണ്ടറിന്റെ മനോഹരമായ നിർമ്മിതിയാണ് . പല നിറങ്ങളിലുള്ള പാറ പൊടിയും മണലും ഒക്കെ ചേർത്ത് നിർമ്മിക്കുന്ന ഈ കാലചക്രം ഒരു ചെറിയ കാലയളവിന്റെതാകും. ധ്യാനത്തിനും ഉപവാസത്തിനുമായ് തിരഞ്ഞെടുക്കുന്ന ഈ കാലയളവിന് ശേഷം ഈ മനോഹര സൃഷ്ടിയെ നശിപ്പിച്ച് കളയുന്നു.

തങ്ക എന്ന മനോഹരമായ കലാസൃഷ്ടി സിൽക്ക് തുണിയിലൊ, തടിയിലൊ , പാറ കല്ലിലൊ ഒക്കെ സ്വർണ്ണ നിറത്തിൽ ബുദ്ധന്റെയോ സന്യാസിമാരുടെയോ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നതാണ് .

ചോർട്ടൻ അഥവാ സ്തൂപം : ബുദ്ധമതം പ്രചാരത്തിലുള്ള പ്രദേശങ്ങളിലൊക്കെ നാം വിവിധ വർണ്ണങ്ങളാൽ അലങ്കരിച്ച സ്തൂപങ്ങൾ കാണാറില്ല അവ പ്രശസ്തരായ ലാമമാരുടെയോ ഗുരുകൻമാരുടെയോ ഓർമ്മയ്ക്കായ് നിർമ്മിക്കുന്നതാണ് .

ഏത് ബുദ്ധവിഹാരങ്ങളിൽ ചെന്നാലും ഏഴ് പാത്രങ്ങളിലായ് ജലം നിറച്ചു വെച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിറ്റുണ്ടാകുമല്ലൊ ? അവ പ്രതീതാത്മകമായാണ് വെച്ചിരിക്കുന്നതാണ്. ദാഹജലമായ് , പുഷ്പങ്ങൾക്കായ് , ശരീര ശുദ്ധിയ്ക്കായ് , നെയ് വിളക്കിനായ് , സൗരഭ്യത്തിനായ് , ആഹാരമായ് , സ്നേഹമായ് എന്നിങ്ങനെയാണ് വിശ്വാസികൾ അതിനെ കാണുന്നത് .

പൗരാണികമായ അമൂല്യങ്ങളായ ഗ്രന്ഥങ്ങൾ ഇവിടത്തെ ലൈബ്രറിയിൽ ഉണ്ട് . പണ്ടു കാലത്ത് ഇവർ ഗ്രന്ഥങ്ങൾ നിർമ്മിച്ചിരുന്നത് തടിയുടെ പുറം ചട്ടയും വലിയ ഇലകളിൽ എഴുതിയും വൃത്തിയായ തുണിയാൽ പൊതിഞ്ഞുമായിരുന്നു.
മതം ചരിത്രം , പ്രകൃതി , എന്നിവയെ കുറിച്ചൊക്കെ പഠിക്കുന്നവർക്ക് ലേയിലെ തിക്സെ വിഹാരവും അവിടെ നിന്നാൽ കാണുന്ന സിന്ധു നദീ തടവും ഗിരിശ്രംഗങ്ങളും ഒരു അക്ഷയ ഖനി തന്നെയാണ് .

 

സിബി എസ്  പണിക്കർ 

Leave a Reply