ഒരു ഹണിമൂൺ യാത്ര തുടങ്ങിവെച്ച ലോക സഞ്ചാരത്തിൻ്റെ കഥയാണ് അമേരിക്കക്കാരായ മൈക്ക് ഹൊവാർഡിനും ആനിനും പറയാനുള്ളത്. കല്യാണം കഴിഞ്ഞ് ചെറിയൊരു ഹണിമൂണിനായി 2012-ൽ ന്യൂയോർക്കിൽ നിന്ന് യാത്ര ആരംഭിക്കുന്നു. അവിടെനിന്ന് ബ്രസീൽ, സൗത്ത് അമേരിക്ക,അർജൻ്റീന,ചിലി,പെറു,ബൊളീവിയ,സൗത്ത് ആഫ്രിക്ക,ചൈന, ജപ്പാൻ,വിയറ്റ്നാം ഇങ്ങനെ നീളുന്നു യാത്രകൾ. കഴിഞ്ഞുപോയ 11 വർഷങ്ങൾക്കിപ്പുറം 64 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെയാണ് ഹണിമൂൺ യാത്ര ഒരു ലോകസഞ്ചാരമായി മാറുന്നത്.
മധുവിധു യാത്ര തുടരാം എന്ന് തീരുമാനിക്കുമ്പോൾ അവരുടെ മുന്നിലുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി അവരുടെ തുടർന്നുള്ള വിശേഷങ്ങൾ യൂട്യൂബിൽ പങ്കുവെച്ചു. ആളുകൾക്കിടയിൽ അവരുടെ വീഡിയോകൾക്ക് മികച്ച അഭിപ്രായങ്ങൾ കിട്ടിതുടങ്ങി. യൂട്യൂബിൽ നിന്നും കുറേശ്ശെ പണവും വരാൻ തുടങ്ങിയതോടെ തുടർന്നുള്ള യാത്രയ്ക്ക് അതൊരു പ്രചോദനമായി മാറി. ഇതിനിടെ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിച്ച് അതിലും വരുമാന മാർഗ്ഗം കണ്ടെത്തി. യാത്രാ ചിലവ് കുറയ്ക്കുന്നതിനായി കഴിയുന്നതും പൊതുഗതാഗതം ഉപയോഗിച്ചും സസ്യ ഭക്ഷണം മാത്രം കഴിച്ചും താമസ ചിലവ് ചുരുക്കിയും അവർ യാത്രയ്ക്ക് മാറ്റുകൂട്ടി.
ഈ ദമ്പതിമാരുടെ ഹണിമൂൺ ഇനിയും അവസാനിച്ചിട്ടില്ല. പുതിയ സ്ഥലങ്ങളും,സംസ്കാരങ്ങളും,ആളുകളും ഓരോ യാത്രയിലും അവരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. അവർ പുതിയ അനുഭവങ്ങൾ തേടി തങ്ങളുടെ ഹണിമൂൺ ആഘോഷമാക്കുന്നു.