ശ്രമണമലയിലെ കാഴ്ചകൾ 

ശ്രമണമലയിലെ കാഴ്ചകൾ 

Madhuri Tamil nadu Jainism

ഇന്നലെയുടെ കെട്ടുകാഴ്ചകൾ  മാത്രം ബാക്കിയാക്കി,   ഇന്നിന്റെ ആരവങ്ങളൊഴിഞ്ഞു കിടക്കുന്ന ചിലയിടങ്ങളുണ്ട്. അവ പകരുന്നത് ചരിത്രത്തിന്റെ ദുരൂഹതകൾ മാത്രമല്ല, നഷ്ടസ്മൃതികളുടെ തേങ്ങൽ കൂടിയാണ്. ആഘോഷങ്ങളുടെയും വിശ്വാസങ്ങളുടെയും അതിനേക്കാളുപരി കടുംവർണ്ണ ചായക്കൂട്ടുകളുടെയും നഗരമാണ് മധുര. മീനാക്ഷിയുടെയും പാണ്ഡ്യരാജാക്കന്മാരുടെയും ചിലപ്പതികാരത്തിന്റെയും മധുര! വൈഗയുടെ തീരത്തുകുടികൊള്ളുന്ന ഈ നഗരത്തിനു പറയാനുള്ളത് ദക്ഷിണഭാരതത്തിലെ ദ്രാവിഡ, വൈഷ്ണവ, ശാക്തേയ സമ്പ്രദായങ്ങളുടെ കഥ മാത്രമല്ല, ഈ മണ്ണിൽ നിലനിന്നിരുന്ന പ്രബലമായ ജൈനസ്മൃതികളുടെ ചരിത്രം കൂടിയാണ്.

മധുര നഗരം പൂർണ്ണമായും മീനാക്ഷി ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണെന്നു തോന്നും. എന്നാൽ സംഘകാലത്തിനും അപ്പുറത്തേക്കുപോയാൽ നാം കാണുന്നത് ഈ നഗരത്തിന്റെ ജൈന പാരമ്പര്യമായിരിക്കും.  അതിനു തെളിവാണ് ഈ പ്രദേശത്തെ ശിലകൾ വിളിച്ചോതുന്ന ശാസനകൾ.   മധുരയിലെ ജൈനപാരമ്പര്യത്തിന്റെ പൂർണ്ണഉറവിടം തേടിയിറങ്ങിയപ്പോൾ ചെന്നെത്തിയത് 'സമ ണർ ഹിൽസ്' എന്ന ശ്രമണമലയിലാണ്.  മധുരയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ മാറി കീലക്കുയിൽക്കുടി  വില്ലേജിലാണ്,  ഈ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഈ ജീനാലയം  സ്ഥിതി ചെയ്യുന്നത്.  ശ്രമണമലയിലെത്തുമ്പോൾ ആദ്യം കണ്ണുടക്കിയത് പാർക്കിങ് ഏരിയയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ ആൽമരത്തിലാണ് .  അതിന്റെ ചുവട്ടിൽ ധാരാളം മണികൾ കെട്ടിത്തൂക്കിയിട്ടുണ്ട്.  തൊട്ടടുത്തുതന്നെ പഴക്കം ചെന്ന ഒരു ഹിന്ദുക്ഷേത്രവും കാണാം.ജൈനദർശനങ്ങൾക്ക് പ്രചാരം കുറഞ്ഞപ്പോൾ ഉണ്ടായതാവാം ഈ ക്ഷേത്രം. അല്ലെങ്കിൽ ഭരിക്കുന്നവരുടെ ദർശനം അടിച്ചേൽപ്പിച്ചതുമാവാം.  നാഗർകോവിലിൽ ജൈനക്ഷേത്രമായ ചിതറാൾ എന്ന മലൈക്കോവിലിലും ഇങ്ങനെയൊരു കാഴ്ചകാണാനാവും. ജൈനക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളായി മാറിയതിന്  ഇനിയും ഉദാഹരണങ്ങൾ നമുക്കു  ചുറ്റുമുണ്ട്. 

ക്ഷേത്രം പിന്നിട്ടു  കുറച്ചു നടന്നപ്പോൾ പാറയിൽ കൊത്തിയുണ്ടാക്കിയ പടവുകൾ കണ്ടു. സന്ദർശകരുടെ  സുരക്ഷ മുന്നിൽ കണ്ട അധികൃതർ ഇരുമ്പുവേലി കെട്ടിയിട്ടുണ്ട്. നട്ടുച്ചനേരമായിരുന്നു. ചൂട് സഹിക്കാനാവുന്നതിനും അപ്പുറം.
കണ്ണിൽ കണ്ടതൊക്കെയും ക്യാമറയിൽ പകർത്തിയും കയ്യിൽ കരുതിയ വെള്ളം കാലിയാക്കിയും ഞാൻ മലകയറ്റം തുടർന്നു. പാറക്കൂട്ടങ്ങൾ താണ്ടി മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച വിവരിക്കുന്നതിനും അപ്പുറമാണ്. ജൈനമതത്തിലെ തീർത്ഥങ്കരന്മാരുടെ വിവിധ ശിൽപ്പങ്ങൾ. അതും ആ  വലിയ പാറക്കൂട്ടത്തെ തുരന്ന് ഗുഹ തീർത്ത് അതിൽ കൊത്തിയെടുത്തവ. ചില ശില്പങ്ങളുടെ താഴെ രണ്ടായിരത്തോളം വർഷം  പഴക്കമുള്ള ശാസനകൾ കൊത്തിവച്ചിട്ടുണ്ട്. ഇത് പ്രാചീന ബ്രാഹ്മി -തമിഴ് ലിപികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  കൂട്ടത്തിൽ 'സേത്തിപ്പോടവ്',   'പേച്ചിപ്പള്ളം'  എന്നീ ശിൽപങ്ങൾ  വർദ്ധമാന  മഹാവീരനെ  പ്രതിനിധാനം ചെയ്യുന്നു. ഇവ കൃസ്തുവിനു മുന്നേയുള്ള സൃഷ്ടികളാണ്.  തീർത്ഥങ്കരൻമാരായ ഋഷഭദേവൻ, ബാഹുബലി, പാർശ്വനാഥൻ തുടങ്ങിയവരെയും പത്മാവതീ ദേവിയെയും കൊത്തിവച്ചിട്ടുണ്ട്.  ആധുനിക സാങ്കേതിക വിദ്യകളോ പാറതുരക്കൽ യന്ത്രങ്ങളോ ഇല്ലാതിരുന്ന പ്രാചീനകാലത്ത് ഇത്തരത്തിൽ ഒരു നിർമ്മിതി ഉണ്ടാക്കാനെടുത്ത അധ്വാനവും അർപ്പണബോധവും ക്ഷമയും വിലമതിക്കാനാവാത്തതാണ്.  ചൂടിന്റെ ആധിക്യവും യാത്രയുടെ ക്ഷീണവും കാരണം നന്നേ കുഴഞ്ഞു. കുറെ നേരം ഒരു പാറച്ചുവട്ടിൽ വിശ്രമിച്ചു.

യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ദീക്ഷത് -പ്രിയങ്ക ദമ്പതിമാർ ഗുജറാത്തിൽ നിന്നുള്ള ജൈനരാണ് . അവരുടെ മുഖത്തുനിന്നും ഈ ജൈനാലയം തീർത്ത വിസ്മയം വായിച്ചെടുക്കാം. എത്രയും വേഗം നാട്ടിൽ പോയി, തങ്ങളുടെ പിതാമഹന്മാരെ  ഈ സ്ഥലം കാണിക്കാൻ കൊണ്ടുവരണമെന്ന് അവർ എന്നോട് പറഞ്ഞു. ചിലപ്പോൾ പുതിയ തലമുറ പഴമയ്ക്കു വെളിച്ചമാവും, അറിവ് പകരും. അല്ലെങ്കിലും കാലം എന്നൊന്നില്ലല്ലോ. എന്നോ തുടങ്ങി അന്തമില്ലാത്ത ഒരു ഒഴുക്ക്. അതിൽ സാക്ഷിയായി നമ്മളും. 

നാലുമണിക്ക് മലയിറങ്ങുമ്പോൾ ക്ഷീണം അശേഷം ഇല്ലായിരുന്നു. മനസ്സും ശരീരവും നിറഞ്ഞൊരു മടക്കം. ഒപ്പം നമ്മുടെ നാടിന്റെ വിസ്മൃതിയിലാണ്ടുപോയ ചരിത്രത്തെ  തേടിപ്പിടിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യവും. 

എത്തിച്ചേരേണ്ട വിധം:

ഈ സ്ഥലം സന്ദർശിക്കാൻ താൽപര്യമുള്ളവർ ഇറങ്ങേണ്ടത് മധുര റയിൽവേ സ്റ്റേഷനിലാണ്.   ഇവിടെനിന്നും 12 കിലോമീറ്റർ ടാക്സിയിൽ യാത്ര ചെയ്യണം. മധുര എയർപോർട്ടിൽ നിന്നാണെങ്കിൽ 9 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും. ഈ ഗ്രാമത്തിലേക്ക് ബസ് കിട്ടാൻ പ്രയാസമായതിനാൽ ടാക്സിയെ ആശ്രയിക്കുന്നതാവും നല്ലത്.    

അനീഷ് തകടിയിൽ 

Leave a Reply