കേരളത്തിന് ദേശീയ പുരസ്‌കാരം സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ കേരളം ഒന്നാമത്

കേരളത്തിന് ദേശീയ പുരസ്‌കാരം സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ കേരളം ഒന്നാമത്

National award for Kerala Kerala ranks first in India in terms of free treatment

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം ഏറ്റുവാങ്ങി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പദ്ധതി വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോടും കോട്ടയവും ആണ്. ഒരു മണിക്കൂറില്‍ 180 രോഗികള്‍ക്ക് വരെ (1 മിനിറ്റില്‍ പരമാവധി 3 രോഗികള്‍ക്ക്) പദ്ധതിയുടെ ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞതിലൂടെയാണ് കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്. കാസ്പ് രൂപീകരിച്ച് ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയ ഇനത്തില്‍ 1636.07 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂടെയും പദ്ധതിയുടെ സേവനം ലഭ്യമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി പരമാവധി പേര്‍ക്ക് ചികിത്സാ സഹായം നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സാ സഹായത്തിന് സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. കാസ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് (എസ്എച്ച്എ) രൂപം നല്‍കി. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിക്കുന്നതിനു എസ്എച്ച്എ വലിയ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കേരള, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു.

Leave a Reply