ഇങ്ങനെ ഒരു തലക്കെട്ട് കൊടുക്കുവാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കാം. മൊബൈലും ഇന്റർനെറ്റും നമുക്കിടയിൽ ആധിപത്യം ഉറപ്പിക്കുന്നതിന് മുൻപും മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു. അന്നും പുതിയ തലമുറകൾ വരുന്നുണ്ടായിരുന്നു. പക്ഷേ ന്യൂജൻ എന്ന പേരും, അതിനൊപ്പം തന്നെ പഴയ തലമുറയും ന്യൂജനും തമ്മിലുള്ള വേർതിരിവും തുടങ്ങിയത് ഈ ഭീകരന്റെ അതിപ്രസരം തുടങ്ങിയ ശേഷമാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും.
കാലഘട്ടത്തിന്റെ മാറ്റം ഉൾകൊണ്ടുകൊണ്ടു നോക്കുമ്പോൾ മൊബൈൽ ഇന്ന് ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകം തന്നെയാണ്. ആർക്കും ഒന്നിനും സമയം ഇല്ലാത്ത, ആത്മാർത്ഥത അവനവനോട് മാത്രമായി ചുരുങ്ങിയ ഈ കാലഘട്ടത്തിൽ ആശയവിനിമയത്തിനും ഈ ഭൂലോകത്തിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും ഞൊടിയിടയിൽ അറിയുന്നതിനും നമ്മുടെ വിരൽത്തുമ്പിൽ മൊബൈലും ഇന്റർനെറ്റും കൂടിയേ തീരൂ.
എന്നാൽ ന്യൂട്ടൺന്റെ സിദ്ധാന്തം പോലെ "ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണം" ഉണ്ടാകുമെന്ന് നാം ഓർക്കേണ്ടതുണ്ട് .
പണ്ടുകാലങ്ങളിൽ കുട്ടികൾ പാടത്തും പറമ്പിലും കുട്ടിയും കോലും കളിച്ചും, മണ്ണപ്പം ചുട്ടും നടന്നിരുന്നപ്പോൾ മാനസിക വളർച്ചയും, ശാരീരിക ഉന്മേഷവും, പരസ്പരസ്നേഹവും വിശ്വാസവും, കരുതലും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ നമുക്ക് നഷ്ടപെട്ടിരിക്കുന്നു.
ഇന്ന് പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ പോലും മാറാരോഗികൾ ആയി മാറുന്ന കാഴ്ച്ച നമ്മെ പലതും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കുട്ടികളിൽ കാണുന്ന പ്രമേഹവും, അമിത വണ്ണവും മുതൽ മാനസിക വൈകല്യങ്ങൾക്ക് വരെ കാരണമായേക്കാവുന്ന ഒരുപാധി കൂടിയാണ് മൊബൈലും ഇന്റർനെറ്റും എന്ന സത്യം നാം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു തരത്തിൽ നോക്കിയാൽ നമ്മൾ മുതിർന്നവർ തന്നെയാണ് വില്ലന്മാർ. കാരണം കുട്ടികളെ ആഹാരം കഴിപ്പിക്കുന്നതിനും, വാശി മാറ്റുന്നതിനും തുടങ്ങി നമ്മെ ശല്യം ചെയ്യാതിരിക്കുന്നതിനും വരെ മൊബൈൽ കൊടുത്തു നമ്മൾ കുട്ടികളെ ശീലിപ്പിച്ചു. അതില്ലാതെ ഒന്നിനും പറ്റില്ല എന്ന ചിന്ത നമ്മൾ തന്നെ ആണ് അവരുടെ ഉള്ളിൽ ഊട്ടിഉറപ്പിച്ചത്.
കൊറോണ എന്ന വില്ലന്റെ കടന്ന് വരവും ഓൺലൈൻ വിദ്യാഭാസവും കൂടി ആയപ്പോൾ പിന്നെ കുട്ടികളെ നമ്മുടെ കൈവിട്ട് പോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസിക അടുപ്പം പോലും കുറഞ്ഞു വരുന്നതിനുള്ള പ്രധാന കാരണം ഈ ഭീകരൻ തന്നെ ആണ്.
ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും കുട്ടികളിലെ കുറ്റവാസന ഇപ്പോൾ എത്രമാത്രമാണ് കൂടി വരുന്നത് എന്ന്. പണ്ടൊക്കെ വല്ലപ്പോഴും മാത്രം ഞെട്ടലോടെ കേട്ടുകൊണ്ടിരുന്ന പലവാർത്തകളും ഇപ്പോൾ എന്നും കാണുകയും കേൾക്കുകയും ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. പോക്സോ കേസുകളും കുട്ടികളിലെ ആത്മഹത്യാപ്രവണതയും ഉയർന്നു വരുന്നതിന് ഒരു പ്രധാന കാരണം ഈ ഭീകരൻ തന്നെയാണ് എന്നത് " ഒരു പരസ്യമായ രഹസ്യമാണ്".
അധികമായാൽ അമൃതും വിഷമാണ് എന്ന പഴം ചൊല്ല് അന്വർത്ഥമാക്കുന്ന വിധത്തിലാണ് മൊബൈൽ ഉപയോഗം ഇന്ന് മനുഷ്യരാശിയെ കാർന്ന് തിന്നു കൊണ്ടിരിക്കുന്നത്. അതിന് ഒരറുതി വരുത്തേണ്ടത് ഇനിയുള്ള നമ്മുടെ തലമുറകളുടെ നല്ല ഭാവിക്ക് അത്യന്താപേക്ഷിതമാണ്.
മൊബൈലിനും,ഇന്റർനെറ്റിനും അടിമകളായ കുട്ടികൾക്ക് ഉണ്ടാകാവുന്ന പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളും തന്മയത്വത്തോട് കൂടി കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി കൗൺസിലിംഗും, ബിഹേവിയറൽ തെറാപ്പിയും വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം ഇന്നത്തെ തലമുറ മാറിയിരിക്കുന്നു. എന്നാൽ നല്ലൊരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടു കൂടി നമ്മുടെ കുട്ടികളെ നമുക്ക് തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതാണ്.
അതിനായി നാം ഓരോരുത്തരും കൈകോർക്കേണ്ടതാണ്. നമ്മുടെ ഭവനങ്ങളിൽ, നമ്മുടെ മക്കളിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം.
നാളെയുടെ നല്ല തലമുറയ്ക്കായി...
ഡോ .ധനശ്രീ എം ബി
കൺസൾട്ടന്റ്റ് സൈക്കോളജിസ്റ്റ് & ഹോമിയോ ഡോക്ടർ
ഡോ . ധനശ്രീസ് മൾട്ടി സ്പെഷ്യാലിറ്റി ഹോമിയോ ക്ലിനിക്ക്
സോഫ്റ്റ് മൈൻഡ് വെൽനെസ്സ് സെന്റർ
ചിന്നക്കട, കൊല്ലം
മൊബൈൽ 8590949396, 9895888414.