ഇന്നത്തെ ദിവസത്തിന് ഒരു വല്ലാത്ത പ്രത്യേകതയുണ്ട്. നമ്മുടെ മനസ്സിനെ അലോസരപ്പെടുത്താൻ പോന്ന ഒന്ന്. ഇന്നാണ് രാകേഷ് ജുൻജുൻവാല അന്തരിച്ചത്, അതും അറുപത്തിരണ്ടാം വയസ്സിൽ. അതിനെന്താ എന്നാവും നിങ്ങൾ ചിന്തിക്കുക. എത്രയോപേർ ദിനപ്രതി മരിക്കുന്നു. മരണത്തിനെ ആർക്കും പിടിച്ചുനിറുത്താൻ പറ്റില്ലല്ലോ.
ശെരിയാണ്. എന്തിനെയും സായത്തമാക്കാനും സ്വാധീനിക്കാനും ഉള്ള ബുദ്ധിയും കഴിവും ഉണ്ട് എന്ന് അഹങ്കരിക്കുന്ന മനുഷ്യന് ഇന്നും അപ്രാപ്യമായ ഒന്നാണ് ജീവൻ നൽകാനും അത് പിടിച്ചു നിര്ത്താനും ഉള്ള കഴിവ്. അതവിടെ ഇരിക്കട്ടെ.
പക്ഷെ ആരാണ് രാകേഷ് ജുൻജുൻവാല എന്നറിയാമോ? എന്നും ആന്തരിക്കുന്ന ഒരാളല്ല രാകേഷ് ജുൻജുൻവാല. അല്ലെങ്കിൽ, എന്നും ആന്തരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെപ്പോലെയല്ല രാകേഷ് ജുൻജുൻവാല. ഇന്ത്യയുടെ വാറൻ ബഫ്‌റ്റ് എന്നറിയപ്പെട്ടിരുന്ന ബില്ല്യണെയ്‌ർ, അല്ലെങ്കിൽ സഹസ്ര കോടീശ്വരൻ. തായ് വഴിയാലോ പിതൃസമ്പത്തായോ നേടിയെടുത്ത സമ്പന്നതയല്ല. ഇന്ത്യൻ ഓഹരി വിപണിയിലെ രാജാവായി മാറിയ ജുൻജുൻവാലയുടെ ജീവിതം ഒരു ചതുരംഗ കളി തന്നെയായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ ഇത്രമേൽ സ്നേഹിച്ച, വിശ്വാസം അർപ്പിച്ച മറ്റൊരു വ്യക്തിത്വം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
സമ്പന്നന്മാർ ലോക വിപണികളിൽ പണമിറക്കുകയും, ലോകോത്തര വ്യവസായങ്ങളിൽ ഓഹരി നേടിയെടുക്കാൻ മത്സരിക്കുകയും ചെയ്തപ്പോൾ, ഇന്ത്യയെന്ന രാജ്യത്തിൽ, ഇന്ത്യൻ ഓഹരി വിപണിയിൽ വിശ്വാസം അർപ്പിക്കുകയും, തൻ്റെ ബുദ്ധിസാമർഥ്യം കൊണ്ടും, അശ്രാന്ത പ്രയത്നം കൊണ്ടും കോടാനുകോടികൾ സമ്പാദിച്ച ഒരു മനുഷ്യൻ. പ്രമുഖ വ്യവസായങ്ങളിലും സ്റ്റാർട്ട് അപ്പുകളിലും ഓഹരി നേടിയെടുത്ത, ലോകം അറിയപ്പെടുന്ന ഇൻവെസ്റ്റർ. അതാണ് ജുൻജുൻവാലയുടെ രത്നച്ചുരുക്കം.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അദ്ദേഹത്തിൻ്റെ വസതിയിൽ വച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയത് നിങ്ങൾ ഓർക്കുന്നുണ്ടാവും. 5.5 ബില്യൺ യു എസ് ഡോളർ ആസ്തിയുള്ള ജുൻജുൻവാല സർവരും ആരാധിക്കുന്ന, ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വത്തിൻ്റെ ഉടമയായി വിരാജിക്കുമ്പോളാണ്, വെറും അറുപത്തിരണ്ടാം വയസ്സിൽ അന്തരിക്കുന്നത്. അതും തൻ്റെ ഏറ്റവും പുതിയ ഉദ്യമമായ ‘ആകാശ എയർ’ എന്ന വിമാനക്കമ്പനി ഏതാനും ആഴ്ചകൾക്ക് മുൻപ് ബോയിങിൽ നിന്നും വാങ്ങിയ എഴുപത്തിരണ്ട് ബോയിങ് 737 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും പുതിയ, ഏറ്റവും വിലക്കുറവുള്ള വിമാനക്കമ്പനിയായി പ്രവർത്തനം ആരംഭിച്ച വേളയിൽ. അതാണ് പറഞ്ഞത്, ഇന്നത്തെ ദിവസത്തിന് ഒരു വല്ലാത്ത പ്രത്യേകത ഉണ്ടെന്ന്.
ഇനിയുമുണ്ട് ഇന്നത്തെ ദിവസത്തിന് പ്രത്യേകത. ഇന്നാണ് ലോകത്തെ അറിയപ്പെടുന്ന ഇൻവെസ്റ്റ് മെൻറ്റ് ബാങ്കറും ഡോയ്‌ഷെ ബാങ്കിൻ്റെ കോ-ചീഫ് എക്സിക്യൂട്ടീവുമായ അൻഷു ജെയിൻ അന്തരിച്ചത്. ലോക ബാങ്കിങ്ങ്, വ്യവസായ മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി. അനേകം കമ്പനികളെ മുന്നിൽ നിന്നും നയിച്ച എക്സികുട്ടീവ്. ഇന്ത്യൻ വംശജനായ ജെയിൻ തൻ്റെ അൻപത്തൊൻപതാം വയസ്സിൽ ഉദരസംബന്ധമായ കാൻസർ ബാധിച്ചാണ് മരിച്ചത്. മരണങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സിലേക്ക് കൂട്ടിച്ചേർക്കാനായി മറ്റോരെണ്ണം കൂടി.
സാമ്പത്തിക മേഖലയെ, ഓഹരി വിപണിയെ, വ്യവസായ മേഖലയെ, പ്രകമ്പനം കൊള്ളിക്കാൻ പോന്ന രണ്ടു മരണങ്ങൾ. ഇത് ഇന്നത്തെ ദിവസത്തെ മാത്രം പ്രത്യേകതയാണോ?
അല്ല എന്നതാണ് സത്യം. സമൂഹത്തിൻ്റെ സമസ്ത മേഖലകളിലും ഇതുപോലെ മുഖമുദ്ര പതിപ്പിക്കുന്ന എത്രയോപേർ ഓരോദിവസവും മരിക്കുന്നുണ്ട്. കോവിഡ് കാലം അതിന് ആക്കം കൂട്ടി എന്നതാണ് സത്യം. 2021-ൽ ഇന്ത്യയുടെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്തുവിട്ട 'ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും' എന്ന റിപ്പോർട്ടിൽ പറയുന്നത് 2019-നെ അപേക്ഷിച്ച് 2020-ൽ ഇന്ത്യയിലെ വ്യവസായികളുടെയും വ്യാപാരികളുടെയും ആത്മഹത്യയിൽ 29 ശതമാനം വർദ്ധനവ് ഉണ്ടായി എന്നാണ്. അതായത്, 9052-വിൽ നിന്നും 11716-ലേക്കുള്ള വർധന. ഇതിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായികളാണെന്നതാണ് പ്രത്യേകത. അവരാകട്ടെ, ഇന്ത്യയുടെ വ്യവസായ മേഖലയുടെ 99 ശതാമാനവും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇന്ത്യയിലെ കർഷക ആത്മഹത്യകളെക്കാൾ കൂടുതലാണ് ഈ വിഭാഗത്തിലെ ആത്മഹത്യാനിരക്ക് എന്നത് നമ്മളെ അതിശയിപ്പിക്കേണ്ട ഒന്നാണ്.
2019 ൽ നേത്രാവതി നദിയിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്ത ‘കഫേ കോഫീ ഡേ’ യുടെ മുതലാളി, വി. ജി. സിദ്ധാർത്ഥ ഇന്നും ഒരു നൊമ്പരമായി ഇന്ത്യൻ വ്യവസായ ലോകത്ത് അവശേഷിക്കുന്നു.
ഒന്നാലോചിച്ചാൽ, ജുൻജുൻവാലയും ജെയിനും ആത്മഹത്യ ചെയ്തവർ തന്നെയാണ്. തങ്ങളുടേതായ ജീവിതം ഓഹരി വിപണി വെട്ടിപ്പിടിക്കാനും ബാങ്കിങ്ങ് മേഖലയെ കാൽക്കീഴിലാക്കാനും വേണ്ടി നേരത്തേ കത്തിച്ചുതീർത്തവർ. നമ്മളിൽ പലരും ഓഹരിവിപണിയിൽ ഭാഗ്യം പരീക്ഷിക്കുന്നവരാണ്. അതിലെ കയറ്റിറക്കിങ്ങളിൽ, നേട്ട കോട്ടങ്ങളിൽ കണ്ണും നട്ട്, സമ്മർദ്ദങ്ങളിൽ പെട്ട്, വാറൻ ബഫറ്റും, ജുൻജുൻവാലയും, എലോൺ മസ്‌കും, ജെഫ് ബെസോസും ഒക്കെ ആയിത്തീരാൻ തിരക്കിട്ട് പായുന്നവർ.
പക്ഷേ ഇവരുടെ മരണം നമ്മളോട് വിളിച്ചുപറയുന്ന ഒന്നുണ്ട്. ജീവിതം കത്തിച്ചുതീർക്കാനുള്ളതല്ല, പകരം, ജീവിച്ചു തീർക്കാനുള്ളതാണെന്ന്. ജീവിതത്തിൻ്റെ എല്ലാ രംഗങ്ങളിലും മത്സരം കടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്ത് നമ്മളോരുരുത്തരും അഭിമുഖീകരിക്കുന്ന സമ്മർദ്ദം കനത്തതാണ്. യൂനിക്കോർണുകളുടെ ഈ കാലത്ത് സ്‌കൂൾ അല്ലെങ്കിൽ കോളേജ് കാലഘട്ടം തൊട്ടേ നമ്മളിൽ പലരും വ്യവസായ സാമ്രാജ്യത്തെയും ബിസിനസ്സ് വിജയത്തെയും പറ്റി വ്യാകുലത്തപ്പെട്ടു തുടങ്ങുന്നു. ഡിജിറ്റൽ യുഗം നമുക്കായി നീട്ടിയ പ്രതീക്ഷയുടെയും അവസരങ്ങളുടെയും മറുപുറമാണത്.
കൗമാരകാലത്തേ തുടങ്ങുന്ന ഈ പ്രയാണം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുൻപ് തന്നെ നമ്മളിൽ പലരും മരണത്തിൻ്റെയും ആത്മഹത്യയുടേയും സ്ഥിതിവിവരക്കണക്കുകളിലെ അക്കമായി മാറിയെന്ന് വരാം. അതാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്തുവിട്ട കണക്കുകൾ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
വിജയം അനിവാര്യമാണ്. പക്ഷേ ലോകത്തേ തന്നെ വെട്ടിപ്പിടിക്കേണ്ടതുണ്ടോ? ജീവിതവും ജീവിത വിജയവും ഒരുമിച്ചു കൊണ്ടുപോകാൻ നമ്മൾ പരിശ്രമിക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റിലുമുണ്ട് സന്തോഷം തരുന്ന മനുഷ്യരും സന്ദർഭങ്ങളും. തിരക്കിട്ട യാത്രയിൽ നമ്മളത് കാണുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിക്കുന്നില്ല എന്നേയുള്ളു.
മുന്നോട്ടുള്ള നോട്ടത്തെയും പോലെത്തന്നെ പ്രധാനമാണ് നമ്മൾ കടന്നുവന്ന പാതയും. അതിനായി, പുറകിലേക്ക് കൂടെ ഇടക്കിടക്കിടക്ക് കണ്ണോടിക്കുന്നത് നമ്മളെ വിനയമുള്ള മനുഷ്യരായി നിലനിര്ത്തുന്നതിന് സഹായിക്കും. ഇടത്തോട്ടും വലത്തോട്ടും ഉള്ള നോട്ടം നമ്മുടെ സഹജീവികളെ തിരിച്ചറിയാനും ഉൾക്കൊള്ളാനും നമ്മെ സഹായിക്കും. ഇതിനിടെയിലെവിടെയോ ആണ് ജീവിതത്തിൻ്റെ ചക്രവാളത്തിൽ ഓർത്തുവെക്കാൻ പോന്ന മനുഷ്യരും മുഹൂർത്തങ്ങളും.
മുൻപ് പറഞ്ഞത് പോലെ, എന്തിനെയും സായത്തമാക്കാനും സ്വാധീനിക്കാനും ഉള്ള ബുദ്ധിയും കഴിവും ഉണ്ട് എന്ന് അഹങ്കരിക്കുന്ന മനുഷ്യന് ഇന്നും അപ്രാപ്യമായ ഒന്നാണ് ജീവൻ നൽകാനും അത് പിടിച്ചു നിര്ത്താനും ഉള്ള കഴിവ്. പക്ഷെ, നമ്മുടെ ജീവിതത്തിൻ്റെ സഞ്ചാരപഥം തീരുമാനിക്കാനുള്ള പ്രാപ്തി നമുക്കോരോരുത്തർക്കുമുണ്ട്. ചില ചെറിയ തീരുമാനങ്ങൾ മതി, അതിനുള്ള നാന്ദി കുറിക്കാൻ.
ഒരു സാമൂഹ്യ ജീവിയായ മനുഷ്യൻ ഈ യാത്രയിൽ ഒറ്റയ്ക്കല്ല. നമുക്ക് ചുറ്റും അതുണ്ട്. നമുക്കായി, നമുക്കവയെ കണ്ടെത്താം. പ്രത്യേകതകളില്ലാത്ത ദിനങ്ങൾക്കായി നമുക്ക് കൈകോർക്കാം.
(മാനസികാരോഗ്യവും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണം പോലെത്തന്നെ നമുക്കോരോരുത്തർക്കും പ്രധാനമാണ്. അതിനായി, ആവശ്യമെങ്കിൽ പ്രൊഫഷണൽ പിന്തുണ നൽകുന്ന സ്ഥാപനങ്ങളെ സമീപിക്കുന്നത് ഏറെ ഗുണം ചെയ്യും. അങ്ങനെ, ഈ മേഖലയിൽ മുൻപന്തിയിലുള്ള ഒരു സ്ഥാപനമാണ് സോഫ്റ്റ് മൈൻഡ് ഇന്ത്യ.
കോണ്ടാക്ട് ചെയ്യുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
പ്രശാന്ത് ജെ. എച്ച്.